ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയുടെ പ്രതിരോധനിരയിലെ പ്രായം തളർത്താത്ത പോരാട്ടവീര്യം കാഴ്ചവെക്കുന്ന ബ്രസീലിയൻ താരമാണ് തിയാഗോ സിൽവ.
ഈ സമ്മറിൽ ചെൽസിയുമായുള്ള താരത്തിന്റ കരാർ അവസാനിക്കും. ഇതോടെ സിൽവ ബ്രസീലീയൻ ടീമായ ഹ്യുമിനെൻസിലേക്ക് പോകുമെന്ന വാർത്തകൾ സജീവമായി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തന്റെ ഭാവിയെകുറിച്ചും ബ്രസീലിലേക്ക് പോവുന്നതിനെകുറിച്ചും സംസാരിച്ചിരിക്കുകയാണ് ബ്രസീലിയൻ ഡിഫൻഡർ.
‘ഞാൻ ടീം വിടുന്നതിനെകുറിച്ചുള്ള ചർച്ചകൾ വളരെ കാലമായി നടക്കുന്നു. എന്നാൽ ഈ നിമിഷത്തിൽ നിശബ്ദത പാലിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. എന്തെന്നാൽ സമീപകാലങ്ങളിൽ ചില വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇപ്പോൾ എന്റെ കുടുംബത്തിന്റെ വശം കൂടി ചിന്തിക്കണം. അതിനാൽ എന്റെ കരിയർ പൂർത്തിയാക്കുമ്പോൾ എവിടെയാണ് എനിക്ക് സന്തോഷം ലഭിക്കുന്നത് എന്നുകൂടി നോക്കണം,’ തിയാഗോ സിൽവ ഗ്ലോബോ എസ്പോർട്ടിനോട് പറഞ്ഞു.
2021ലാണ് തിയാഗോ സിൽവ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ജർമെനിൽ നിന്നും ചെൽസിയിൽ എത്തുന്നത്. നാല് സീസണുകളായി ചെൽസിക്കൊപ്പം കളിച്ച താരം 145 മത്സരങ്ങളിൽ നിന്നും ആറ് ഗോൾ നേടിയിട്ടുണ്ട്.
നിലവിൽ ചെൽസിയിൽ മൗറീഷോ പോച്ചറ്റിനോയുടെ ഇലവനിലെ സ്ഥിരം സാന്നിധ്യമാണ് ഈ 39കാരൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ ചെൽസിക്കായി എല്ലാ മത്സരങ്ങളിലും തിയാഗോ സിൽവ ആദ്യ ഇലവനിൽ കളിച്ചിട്ടുണ്ട്.
Content Highlight: Thiago silva talks about what his future in football.