| Thursday, 16th February 2023, 1:33 pm

'തോറ്റവരെ ട്രോളി സമയം കളയാതെ, നിങ്ങളുടെ ജോലി ചെയ്യാന്‍ നോക്ക്'; പ്രതികരിച്ച് തിയാഗോ സില്‍വ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മത്സരത്തില്‍ ചെല്‍സിയെ ബൊറൂസിയ ഡോര്‍ട്മുണ്ട് തോല്‍പ്പിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബൊറൂസിയയുടെ ജയം.

മത്സരത്തിന് ശേഷം ചെല്‍സിയുടെ യുവതാരം എന്‍സോ ഫെര്‍ണാണ്ടസിനെ വിമര്‍ശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ടി.എന്‍.ടി സ്‌പോര്‍ട് പുറത്തുവിട്ടിരുന്നു. വിഷയത്തില്‍ പ്രതികരിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചെല്‍സി സൂപ്പര്‍താരം തിയാഗോ സില്‍വ.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നിര്‍ത്തി നിങ്ങള്‍ക്ക് ഗൗരവമായി ജോലി ചെയ്തൂടെ എന്നാണ് ടി.എന്‍.ടി സ്‌പോര്‍ട്‌സിനെ മെന്‍ഷന്‍ ചെയ്ത് കൊണ്ട് സില്‍വ ട്വീറ്റ് ചെയ്തത്. മത്സരത്തില്‍ തോറ്റതിന് പിന്നാലെ ട്രോളിയവര്‍ക്ക് തന്റെ ട്വീറ്റിലൂടെ ശക്തമായ മറുപടി നല്‍കുകയായിരുന്നു സില്‍വ.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന വിശ്വകിരീടം ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് എന്‍സോ. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച യുവതാരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത് 21കാരനായ എന്‍സോയായിരുന്നു.

ലോകകപ്പിന് ശേഷം ബെന്‍ഫിക്ക എഫ്.സിക്കായി കളിച്ചുകൊണ്ടിരുന്ന എന്‍സോയുടെ താരമൂല്യം കുത്തനെ ഉയരുകയായിരുന്നു.

തുടര്‍ന്ന് നിരവധി ക്ലബ്ബുകളാണ് താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തെത്തിയത്. ചെല്‍സിയായിരുന്നു കൂട്ടത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നത്.

107 മില്യണ്‍ യൂറോക്ക് എന്‍സോയെ ചെല്‍സി ക്ലബ്ബിലെത്തിക്കുകയായിരുന്നു. ഫെബ്രുവരി 14ന് ആരംഭിച്ച യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സി ജേഴ്‌സിയിലെ എന്‍സോയുടെ ആദ്യ മത്സരമായിരുന്നു ബൊറൂസിയക്കെതിരെ അരങ്ങേറിയത്.

അതേസമയം, ഫെബ്രുവരി 18ന് പ്രീമിയര്‍ ലീഗില്‍ സൗതാംപ്ടണിന് എതിരെയാണ് ചെല്‍സിയുടെ അടുത്ത മത്സരം.

Content Highlights: Thiago Silva slams TNT sports for trolling Enzo Fernandez after UEFA Champions League loss

We use cookies to give you the best possible experience. Learn more