| Tuesday, 14th February 2023, 8:05 pm

ആ ദിവസം എനിക്ക് ഒരിക്കലും മറക്കാനാവില്ല; മനസ് തുറന്ന് തിയാഗോ സില്‍വ

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീല്‍ സൂപ്പര്‍താരം തിയാഗോ സില്‍വ പ്രായത്തില്‍ 39ലെത്തി നില്‍ക്കുകയാണെങ്കിലും യുവത്വം ഒട്ടും ചോര്‍ന്നിട്ടില്ലാത്ത പ്രകടനമാണ് കളത്തില്‍ കാഴ്ചവെക്കുന്നത്.

നിലവില്‍ ചെല്‍സിക്ക് വേണ്ടി ബൂട്ടുകെട്ടുന്ന താരത്തിന് ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായി. പി.എസ്.ജിയില്‍ നിന്ന് ചെല്‍സിയിലെത്തിയതിന് ശേഷമുള്ള മറക്കാനാവാത്ത അനുഭവം പങ്കുവെക്കുകയാണ് താരമിപ്പോള്‍.

‘ചെല്‍സിയുടെ ജേഴ്‌സിയില്‍ മറക്കാനാവാത്ത അനുഭവം യൂറോപ്യന്‍ കപ്പ് നേടിയതായിരുന്നു. എന്റെ ജീവിതത്തിലെ മാജിക്കല്‍ മൊമന്റ് ആയിരുന്നു അത്. പി.എസ്.ജിയില്‍ നിന്ന് എട്ട് വര്‍ഷം ഒരു ട്രോഫിക്കായി കാത്തിരുന്നിട്ട് ചെല്‍സിയില്‍ എത്തിയ ഉടന്‍ തന്നെ അത് നേടാനായത് എനിക്കൊരിക്കലും മറക്കാനാവാത്ത അനുഭവമാണ്. എനിക്ക് മാത്രമല്ല ചെല്‍സിക്കും അത് നല്ല അനുഭവമായിരുന്നു,’ സില്‍വ പറഞ്ഞു.

2020ലാണ് സില്‍വ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ നിന്ന് ഫ്രീ ഏജന്റായി ചെല്‍സിയിലെത്തുന്നത്. ഈ സീസണില്‍ ചെല്‍സിയുമായുള്ള സില്‍വയുടെ കരാര്‍ അവസാനിക്കാനിരിക്കെ താരത്തെ നിലനിര്‍ത്താന്‍ ക്ലബ്ബ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

അടുത്ത ഒരു വര്‍ഷത്തേക്ക് കൂടിയായിരിക്കും ചെല്‍സി സില്‍വയുടെ കരാര്‍ പുതുക്കുക. താരം ചെല്‍സിക്കായി ഇതുവരെ 105 മത്സരങ്ങള്‍ കളിച്ചു. ചെല്‍സിയുടെ മൂന്ന് കിരീട നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാനും സില്‍വക്ക് സാധിച്ചു.

സില്‍വയുടെ പ്രകടനത്തില്‍ കോച്ച് ഗ്രഹാം പോട്ടര്‍ വളരെയധികം സംതൃപ്തനാണ്. ഡിഫന്‍ഡിങ് നിരയിലേക്ക് ചെല്‍സി കൂടുതല്‍ യുവതാരങ്ങളെ സൈന്‍ ചെയ്യിക്കാന്‍ ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും സില്‍വയെ ഒരു വര്‍ഷം കൂടി ക്ലബ്ബില്‍ നിലനിര്‍ത്തണമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

ഖത്തര്‍ ലോകകപ്പിലും മികച്ച പ്രകടനമാണ് സില്‍വ കാഴ്ചവെച്ചിരുന്നത്. സില്‍വ നായകനായെത്തിയ കാനറിപ്പടക്ക് ലോകകപ്പ് ഫൈനല്‍ കടക്കാനായില്ലെങ്കിലും ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുന്നതുവരെ തകര്‍പ്പന്‍ പ്രകടനം നടത്തിയതില്‍ കയ്യടി നേടാനായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രൊയേഷ്യയോട് തോറ്റായിരുന്നു ടീം ബ്രസീല്‍ മടങ്ങിയത്.

ബ്രസീല്‍ കണ്ട എക്കാലത്തേയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ സില്‍വ ഫുട്ബോളില്‍ നിന്ന് വിരമിച്ച് കഴിഞ്ഞാല്‍ ടീമിന്റെ കോച്ചായി വരികയാണെങ്കില്‍ ടീമിന് അത് പുത്തന്‍ ഉണര്‍വായിരിക്കും എന്നാണ് ആരാധകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

Content Highlights: Thiago Silva shares unforgettable memory after he reached in Chelsea

We use cookies to give you the best possible experience. Learn more