|

ഫുട്‌ബോളില്‍ നിന്നും വിരമിച്ചാല്‍ പരിശീലകസ്ഥാനത്തേക്ക് നീങ്ങും; ആഗ്രഹം പ്രകടിപ്പിച്ച് തിയാഗോ സില്‍വ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിക്കൊപ്പം 39ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് ബ്രസീലിയന്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വ കാഴ്ചവെക്കുന്നത്.

ചെല്‍സിക്കൊപ്പമുള്ള സില്‍വയുടെ കരാര്‍ ഈ സീസണോടുകൂടി അവസാനിക്കും. ഈ സാഹചര്യത്തില്‍ തന്റെ ഫുട്‌ബോളിലെ ഭാവി എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിരിക്കുകയാണ് സില്‍വ.

ഫുട്‌ബോള്‍ കരിയര്‍ അവസാനിച്ചാല്‍ പരിശീലകനായി മാറാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സില്‍വ പറഞ്ഞത്.

‘ഗ്രൗണ്ടില്‍ ഞാന്‍ ഇപ്പോള്‍ തന്നെ മാനേജരാണ് ശരിയല്ലേ?. ഞാന്‍ പിന്നില്‍ നിന്നും കളിക്കുമ്പോള്‍ കളി വീക്ഷിക്കുകയും അതുവഴി മത്സരത്തിലുള്ള പല സാഹചര്യങ്ങളും മനസ്സിലാക്കാനും എനിക്ക് സാധിക്കുന്നു. കളിക്കളത്തില്‍ മറ്റ് താരങ്ങള്‍ക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. മത്സരത്തില്‍ തെറ്റുകള്‍ വരാതിരിക്കാന്‍ സ്റ്റാഫുകളോടും പോച്ചറ്റീനയോടും സംസാരിക്കാറുണ്ട്. ഗ്രൗണ്ടില്‍ നമുക്ക് കളിയിലുള്ള തെറ്റുകള്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. കളിക്കളത്തിന് പുറത്തുള്ളവര്‍ക്കും ഇത് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയണം,’ തിയാഗോ സില്‍വ ദി ഗാര്‍ഡിയനോട് പറഞ്ഞു.

ഇറ്റലിയില്‍ എ.സി മിലാനൊപ്പം മൂന്ന് വര്‍ഷം കളിച്ച സില്‍വ മൂന്ന് സിരിയ എ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് മിലാനില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ എട്ട് വര്‍ഷവും സില്‍വ ബൂട്ട് കെട്ടി. പാരീസിനൊപ്പം ഏഴ് ലീഗ് വണ്‍ കിരീടവും താരം സ്വന്തമാക്കിയിട്ടുണ്ട്.

2020ലാണ് സില്‍വ ചെല്‍സിയില്‍ എത്തുന്നത്. ചെല്‍സിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും സില്‍വ പങ്കാളിയായിട്ടുണ്ട്.

നിലവില്‍ പോച്ചറ്റിനോയുടെ കീഴില്‍ ചെല്‍സിയുടെ ഇലവനിലെ സ്ഥിരസാന്നിധ്യമാണ് തിയാഗോ സില്‍വ. ഗോള്‍ കീപ്പര്‍ റോബര്‍ട്ട് സാഞ്ചസിനൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ എല്ലാ മത്സരത്തിലും കളിച്ച ഏകതാരവും തിയാഗോ സില്‍വയാണ്.

Content Highlight: Thiago Silva reveals plans to head coaching after the retirement.