| Saturday, 22nd April 2023, 12:09 pm

'കളത്തില്‍ അവനെ പ്രതിരോധിക്കുക അത്ര എളുപ്പമല്ല'; മെസി-റൊണാള്‍ഡോ ഫാന്‍ ഡിബേറ്റില്‍ തിയാഗോ സില്‍വ

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്ബോള്‍ ഇതിഹാസങ്ങളില്‍ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍താരം തിയാഗോ സില്‍വ.

മെസിയാണ് മികച്ച താരമെന്നാണ് സില്‍വ പറഞ്ഞത്. മെസിയെ പ്രതിരോധിക്കാനായിരുന്നു കൂടുതല്‍ ബുദ്ധിമുട്ടെന്നും അദ്ദേഹം അപകടകാരിയായ താരമാണെന്നും സില്‍വ പറഞ്ഞു. സ്‌പോര്‍ട്‌സ് മാധ്യമമായ ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘മെസിയെ തടഞ്ഞ് നിര്‍ത്തുക കുറച്ച് പ്രയാസമുള്ള കാര്യമാണ്. എന്നുകരുതി റൊണാള്‍ഡോയെ പ്രതിരോധിക്കുക അത്ര എളുപ്പമാണെന്നല്ല പറഞ്ഞത്. എന്നാല്‍ മെസിയാണ് കൂടുതല്‍ അപകടകാരിയായ താരം. എന്നിരുന്നാലും, ഇരുവരും പ്രഗത്ഭരായ താരങ്ങളാണ്, നെയ്മറെപ്പോലെ. റൊണാള്‍ഡോയെക്കാളും മെസിയെ ഡിഫന്‍ഡ് ചെയ്യാനാണ് പാട് എന്നാണ് ഞാന്‍ മനസിലാക്കിയത്,’ സില്‍വ പറഞ്ഞു.

ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ചോദ്യമാണ് മെസിയാണോ റൊണാള്‍ഡോയാണോ മികച്ചതെന്ന്. ഖത്തറില്‍ ലയണല്‍ മെസി വിശ്വകിരീടം ഉയര്‍ത്തിയതോടെ ആരാധകര്‍ക്കിടയിലെ തര്‍ക്കത്തിന് അറുതി വീഴുമെന്ന് കരുതിയിരുന്നു. എന്നാല്‍ കണക്കുകള്‍ പ്രകാരം ക്ലബ്ബ് ഫുട്‌ബോളില്‍ 518 മത്സരങ്ങളില്‍ നിന്ന് 352 ഗോളുകളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 11 ടൈറ്റിലുകളും ക്ലബ്ബുകള്‍ക്ക് വേണ്ടി അദ്ദേഹം നേടിക്കൊടുത്തു.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം. എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡൊയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

അതേസമയം, ലോകകപ്പ് ടൂര്‍ണമെന്റില്‍ മെസിക്ക് റോണോയേക്കാള്‍ മുന്‍തൂക്കമുണ്ട്. റോണോ 22 ലോകകപ്പ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ 25 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം. ലോകകപ്പില്‍ അര്‍ജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്ത താരവും മെസിയാണ്.

Content Highlights: Thiago Silva chooses best player in Messi-Ronaldo fan debate

We use cookies to give you the best possible experience. Learn more