|

ഇരുവരും പ്രഗത്ഭരായ താരങ്ങള്‍; എന്നാല്‍ അവനെ പ്രതിരോധിക്കുക അത്ര എളുപ്പമായിരുന്നില്ല: തിയാഗോ സില്‍വ

സ്പോര്‍ട്സ് ഡെസ്‌ക്

ആധുനിക ഫുട്ബോള്‍ ഇതിഹാസങ്ങളില്‍ ലയണല്‍ മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ മികച്ചതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍താരം തിയാഗോ സില്‍വ. മെസിയാണ് മികച്ച താരമെന്നാണ് സില്‍വ പറഞ്ഞത്.

മെസിയെ പ്രതിരോധിക്കാനായിരുന്നു കൂടുതല്‍ ബുദ്ധിമുട്ടെന്നും അദ്ദേഹം അപകടകാരിയായ താരമാണെന്നും സില്‍വ പറഞ്ഞു. ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘മെസിയെ തടഞ്ഞ് നിര്‍ത്തുക കുറച്ച് പ്രയാസമുള്ള കാര്യമാണ്. റൊണാള്‍ഡോയെ പ്രതിരോധിക്കുക അത്ര എളുപ്പമാണെന്നല്ല പറഞ്ഞത്. എന്നാല്‍ മെസിയാണ് കൂടുതല്‍ അപകടകാരിയായ താരം.

എന്നിരുന്നാലും മെസിയും റൊണാള്‍ഡോയും പ്രഗത്ഭരായ താരങ്ങളാണ്, നെയ്മറെപ്പോലെ. റൊണാള്‍ഡോയെക്കാളും മെസിയെ ഡിഫന്‍ഡ് ചെയ്യാനാണ് പാട് എന്നാണ് ഞാന്‍ മനസിലാക്കിയത്,’ സില്‍വ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. യു.എസ് ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ നടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്റര്‍ മയാമിയെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

Content  Highlights: Thiago Silva about Messi and Ronaldo