| Saturday, 10th December 2022, 6:06 pm

കളിക്കാരനെന്ന നിലയില്‍ ബ്രസീലിനെ ചാമ്പ്യന്‍മാരാക്കാന്‍ എനിക്ക് സാധിച്ചില്ല, ഭാവിയില്‍ മറ്റേതെങ്കിലും റോളില്‍ ഞാനത് ചെയ്‌തേക്കാം: തിയാഗോ സില്‍വ

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയോട് തോറ്റ് മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ പുറത്തായിരുന്നു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ ഷൂട്ടൗട്ടിലായിരുന്നു ബ്രസീലിന്റെ പരാജയം.

ബ്രസീലിനായി കിക്കെടുത്ത റോഡ്രിഗോക്കും മാര്‍ക്വിന്യോസിനും പിഴച്ചപ്പോള്‍ തങ്ങളുടെ നാല് കിക്കും ക്രൊയേഷ്യ വലയിലെത്തിച്ചിരുന്നു. ഇതോടെയാണ് ആറാം കിരീടമെന്ന മോഹം ബാക്കിയാക്കി കാനറികള്‍ക്ക് ഖത്തറില്‍ നിന്നും മടങ്ങേണ്ടി വന്നത്.

ലോകകപ്പില്‍ നിന്നും പുറത്തായതിന്റെ സങ്കടത്തില്‍ വിങ്ങിപ്പൊട്ടിയ തന്റെ സഹതാരങ്ങളെ ചേര്‍ത്തുപിടിച്ച തിയാഗോ സില്‍വയുടെ ചിത്രം ക്വാര്‍ട്ടര്‍ ഫൈനലിനെ ഡിഫൈന്‍ ചെയ്യാന്‍ പോന്നതായിരുന്നു.

ഉള്ളില്‍ സങ്കടമലയടിക്കുമ്പോഴും സ്ഥായിയായ ശാന്തതയായിരുന്നു സില്‍വയുടെ മുഖത്തുണ്ടായിരുന്നത്. ഇനിയൊരു ലോകകപ്പിന് ബാല്യമില്ലെന്ന് സ്വയം ബോധ്യമുള്ള സില്‍വയുടെ അവസാന ലോകകപ്പായിരുന്നു ഖത്തറിലേത്.

എന്നാല്‍ ഭാവിയില്‍ തനിക്ക് മറ്റേതെങ്കിലും റോള്‍ ഏറ്റെടുക്കേണ്ടി വന്നേക്കാം എന്ന് പറയുകയാണ് ബ്രസീല്‍ നായകന്‍ തിയാഗോ സില്‍വ.

‘ദുഖകരമയ കര്യമെന്തെന്നാല്‍ ഒരു താരമെന്ന നിലയില്‍ ഇത്തവണ എനിക്ക് ബ്രസീലിനായി ലോകകപ്പ് നേടാന്‍ സാധിച്ചില്ല. എന്നാല്‍ ഭാവിയില്‍ മറ്റേതെങ്കിലും റോളില്‍ ബ്രസീലിനെ ചാമ്പ്യന്‍മാരാക്കാന്‍ അവസരം ലഭിക്കുമോ എന്ന് ആര്‍ക്കും തന്നെ പറയാന്‍ സാധിക്കില്ല,’ സില്‍വ പറഞ്ഞു.

ബ്രസീല്‍ കണ്ട എക്കാലത്തേയും മികച്ച ഡിഫന്‍ഡര്‍മാരല്‍ ഒരാളായ സില്‍വ ടീമിന്റെ കോച്ചായി വരികയാണെങ്കില്‍ ബ്രസീല്‍ ഫുട്‌ബോളിന് തന്നെ പുത്തന്‍ ഉണര്‍വായിരിക്കും ലഭിക്കുക എന്നാണ് താരത്തിന്റെ വാക്കുകള്‍ക്ക് പിന്നാലെ ആരാധകര്‍ പറയുന്നത്.

ആദ്യ ക്വാര്‍ട്ടറില്‍ ഓരോ ഗോള്‍ വീതം നേടിയാണ് ഇരു ടീമുകളും സമനില പാലിച്ചത്. മത്സരത്തിലെ രണ്ട് ഗോളുകളും എക്സ്ട്രാ ടൈമിലാണ് പിറന്നത്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ നെയ്മറാണ് ബ്രസീലിനെ മുമ്പിലെത്തിച്ചത്.

എന്നാല്‍ 116ാം മിനിട്ടില്‍ ബ്രൂണോ പെറ്റ്കോവിച്ചായിരുന്നു ഗോള്‍ നേടിയത്. വിജയമുറപ്പിച്ചിടത്ത് നിന്നുമായിരുന്നു പെറ്റ്കോവിച്ച് ബ്രസീലിന്റെ മോഹങ്ങള്‍ തച്ചുടച്ചത്.

ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ലിവക്കോവിച്ചായിരുന്നു മത്സരത്തിലുടനീളം ക്രൊയേഷ്യയെ തോളിലേറ്റിയത്.

ഈ വിജയത്തോടെ 2022 ഖത്തര്‍ ലോകകപ്പിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാവാനും ക്രൊയേഷ്യക്ക് സാധിച്ചു. ഡിസംബര്‍ 14നാണ് ക്രൊയേഷ്യ സെമി പോരാട്ടത്തിനിറങ്ങുന്നത്. നെതര്‍ലന്‍ഡ്‌സിനെ തോല്‍പിച്ചെത്തിയ അര്‍ജന്റീനയണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും എതിരാളികള്‍.

Content Highlight: Thiago Silva about his future

We use cookies to give you the best possible experience. Learn more