വി.കെ.അനില്‍കുമാര്‍
തെക്കുംകര കര്‍ണ്ണമൂര്‍ത്തി ഒരു വ്യക്തിയല്ല. വ്യക്തിയാകുമ്പോള്‍ ഒരു ജീവിതവും ജനിമൃതിയും സ്വാഭാവികമാണ്. തെക്കുംകര കര്‍ണ്ണമൂര്‍ത്തി ഒരു പാരമ്പര്യവും അതിന്റെ തുടര്‍ച്ചയുമാകുന്നു. മനുഷ്യനും അങ്ങിനെയല്ലാത്ത മറ്റൊരു ചൈതന്യത്തിനുമിടയിലെ ദൂരമാകുന്നു കീഴാളനായ തെക്കുംകര കര്‍ണ്ണമൂര്‍ത്തി.
വാക്കുകളില്‍ നിറം ചാര്‍ത്തി എഴുതേണ്ടുന്ന ഒന്നല്ല കര്‍ണ്ണമൂര്‍ത്തിയും അദ്ദേഹത്തിന്റെ തെയ്യവും. എത്ര നിറം ചേര്‍ത്താലും അദ്ദേഹത്തിന്റെ ചിരട്ടയിലെ ചായില്ല്യത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭമായി പോകുന്നു. മനുഷ്യാധ്വാനത്തിന്റെ തീവ്രതയും നിഗൂഢതയും ജീവിതത്തിന്റെ പച്ചയും ഇരുളും തെയ്യത്തിലുണ്ട്.
മനയോലച്ചോപ്പിലും കുരുത്തോലപ്പച്ചയിലും മഞ്ഞള്‍പ്പൊടിയിലും പഴമയുടെ ദ്രാവിഡഗന്ധമുണ്ട.് അടുത്തറിയുമ്പോള്‍ അതുതന്നെയാണ് ഈശ്വരഗന്ധവും. അതുകൊണ്ടുതന്നെ തെക്കുംകര കര്‍ണ്ണമൂര്‍ത്തി ദേവതയുടെയും മനുഷ്യന്റെയും മിശ്രിതമാകുന്നു.
ചരിത്രത്തെ രൂപപ്പെടുത്തിയ സംസ്‌കാരം
എന്താണ് ചരിത്രത്തെ രൂപപ്പെടുത്തുന്നത്? എന്താണ് ചരിത്രനിര്‍മ്മിതിയിലെ ഘടകങ്ങള്‍?. രേഖപ്പെടുത്തലുകളുടെ കൃത്യതയ്ക്കപ്പുറം അനുഷ്ഠാനങ്ങളിലൂടെ, പാരമ്പര്യമായ ഏതൊക്കെയോ വിനിമയങ്ങളിലൂടെ ചില കീഴ്‌വഴക്കങ്ങള്‍ ചരിത്രമാകാതെ സംസ്‌കാരമായി അതിന്റെ ഗോത്രസ്മൃതികളോടെ നിലനില്‍ക്കുന്നു.
എഴുതപ്പെട്ട ചരിത്രത്തിന്റെ പിന്‍ബലത്തോടെ തെയ്യത്തെ വ്യാഖ്യാനിക്കുക എളുപ്പമല്ല. കീഴാളജീവിതത്തിന്റെ നിഗൂഢതകളിലേറി പരാഗണം ചെയ്യപ്പെട്ട് തഴച്ചുനില്‍ക്കുന്ന സംസ്‌കാരത്തെ നമുക്ക് അവഗണിക്കാനാവില്ല.തെയ്യത്തിന്റെ ചരിത്രാന്വേഷണങ്ങളൊക്കെയും “സ്വരൂപ വിചാര”ത്തിലാണെത്തിച്ചേരുക.
പോര്‍ച്ചുഗീസ് അധിനിവേശത്തിന് മുന്‍പത്തെ ചരിത്രം വസ്തുതാപരമായി വിശകലനം ചെയ്യുക എളുപ്പമല്ല. കോലത്തുനാട് അധിനിവേശത്തിന്റെ ആദ്യഭൂമിയായിരുന്നു. അള്ളടത്തുസ്വരൂപവും അതിന്റെ ആസ്ഥാനമായി നീലേശ്വരത്ത് രാജകൊട്ടാരവും കോലത്തിരി സ്ഥാപിക്കുകയും ചെയ്യുന്നതോടെ തെയ്യം അതിന്റെ സാംസ്‌കാരികമായ വളര്‍ച്ചയിലെത്തുകയായിരുന്നു.
തെക്കുംകര കര്‍ണ്ണമൂര്‍ത്തിയുടെ ഉല്‍പ്പത്തിയെപ്പറ്റി പറഞ്ഞുകേള്‍ക്കുന്ന കഥ ചരിത്രമാകാനേ സാധ്യതയുള്ളൂ. ടിപ്പുവിന്റെ പടയോട്ടക്കാലം. 17ാം നൂറ്റാണ്ടുകള്‍ കോലത്തുനാടിനെ സംബന്ധിച്ച് രക്തച്ചൊരിച്ചിലിന്റെയും വൈദേശികാധിപത്യത്തിന്റെയും കാലമായിരുന്നു. നീലേശ്വരം രാജാവിനെ ടിപ്പു സുല്‍ത്താന്‍ അക്രമിച്ചപ്പോള്‍ ചില പ്രഭുക്കന്മാര്‍ ഇന്നത്തെ കാസര്‍ഗോഡ് ജില്ലയുടെ തെക്കേ അറ്റത്തുള്ള പിലിക്കോടിലെ “വേലന്‍ കതിര്” എന്ന സ്ഥലത്തെ ഒരു വേലന്റെ കുടിലില്‍ ഒളിവില്‍ പാര്‍ത്തു.
ടിപ്പുവിന്റെ ധനം മോഹിച്ച വേലന്‍ അള്ളടത്തു തമ്പുരാക്കന്മാരെ ഒറ്റിക്കൊടുത്തു. ഇതില്‍ വൈരാഗ്യംപൂണ്ട നീലേശ്വരം രാജാവ് പിന്നീട് വേലന്‍ കുടുംബത്തെ അവിടെനിന്നും നാടുകടത്തി. എവിടെയും രേഖപ്പെടുത്താത്ത ഈ കെട്ടുകഥയോ ചരിത്രമോ ഉണ്ടായിട്ടുള്ളത് 17ാം നൂറ്റാണ്ടിലാണ്.
1799ലാണ് ടിപ്പു സുല്‍ത്താനെ മൈസൂര്‍യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ വധിക്കുന്നത്. ആ കാലഘട്ടത്തില്‍ പിലിക്കോടും പരിസരപ്രദേശങ്ങളിലും തെയ്യം കെട്ടാനുള്ള അവകാശം വേലന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കായിരുന്നു. കോലത്തിനവകാശിയായ വേലനെ നാടുകടത്തിയപ്പോള്‍ അള്ളടത്ത് ദേശത്ത് തെയ്യം കെട്ടുന്നതിനായി പുതിയൊരവകാശിയെ കൊണ്ടുവരികയായിരുന്നു.
നീലേശ്വരത്തെ ക്ണാവൂര്‍ ദേശത്തുനിന്ന് ഒരു കോലക്കാരെനെ പിലിക്കോട് കൊണ്ടുവരികയും, തെക്കുംകര കര്‍ണ്ണമൂര്‍ത്തിയായി അവരോധിക്കുകയും ആചാരമുദ്രയായി “കച്ചും ചുരികയും” നല്‍കി ആദരിക്കുകയും ചെയ്തു. നീലേശ്വരത്ത് രാജാവ് കല്‍പ്പിച്ചുകൊടുത്ത ദേശപരിധിയാണ് ഒളോറക്കടവുമുതല്‍ ഉദയംകുന്നുവരെയുള്ള ഭൂപ്രദേശം.
ചരിത്രത്തിലെയും കെട്ടുകഥയിലേയും നെല്ലും പതിരും വേര്‍തിരിക്കുമ്പോള്‍ ഏതാണ്ട് 17ാം നൂറ്റാണ്ടിലെ രാഷ്ട്രീയ സാഹചര്യമായിരുന്നു തെക്കുംകര കര്‍ണ്ണ മൂര്‍ത്തിയുടെ ഉല്‍പ്പത്തിക്ക് കാരണമെന്ന് വിശ്വസിക്കേണ്ടിവരും. കോലത്തിരിയുടെ സാമന്തനായിരുന്ന മന്നോന്‍ വാണിരുന്ന തൃക്കരിപ്പൂര്‍ ഉദിനൂര്‍ കോവിലകത്ത് വച്ചാണ് ഇപ്പോഴും കോലക്കാര്‍ക്കുള്ള ആചാരം നല്‍കിവരുന്നത്.
“തെക്കുംകര” തറവാടിന്റെ മൂലസ്ഥാനം ക്ണാവൂര്‍ ദേശമാണ്. ഇത് നീലേശ്വരം രാജാവുമായി വളരെയേറെ ബന്ധമുള്ളതാണ്. വലിയ രാജാവിന്റെ കൊട്ടാരം ക്ണാവൂരാണ്. ഈ പ്രദേശത്തിലെ ആചാരക്കാരന്‍ തെക്കുംകര നേണിക്കമാണ്.അടുത്ത പേജില്‍ തുടരുന്നു
അള്ളടത്തുനാടിന്നധികാരി
ചിറക്കല്‍തമ്പുരാന്‍ നീലേശ്വരം തളിയോട് ചേര്‍ത്ത് സ്ഥാപിച്ച സ്വരൂപമാണ് അള്ളടത്തു സ്വരൂപം. അതിന്റെ പ്രൗഢിക്കൊത്ത് വടക്കെകോവിലകം കൊട്ടാരവും പണി കഴിപ്പിച്ചു. സാമന്തന്‍മാരായ ഉദിനൂര്‍ കോവിലകത്തെ മന്നോനേയും കാഞ്ഞങ്ങാട് അതിഞ്ഞാലിലെ മടിയന്‍ കോവിലകത്തെ അള്ളോനേയും തന്റെ വരുധിയിലാക്കിയാണ് കോലത്തിരി പുതിയ സ്വരൂപം സ്ഥാപിച്ചത്. തെക്ക് പയ്യന്നൂരിനടുത്ത് ഒളോറപ്പുഴ മുതല്‍ വടക്ക് ചന്ദ്രഗിരിപ്പുഴവരെയാണ് അള്ളടത്ത് രാജ്യത്തിന്റെ അതിര്.
തെയ്യവുമായി ബന്ധപ്പെട്ട് ഏറ്റവും പ്രസിദ്ധമായ പ്രദേശവും ഇതുതന്നെയാണ്. തെയ്യം കെട്ടുത്സവത്തിലെ പ്രബലശക്തികള്‍ തീയ്യരാണ്. തീയ്യരുടെ പ്രബലമായ സാംസ്‌കാരികകേന്ദ്രങ്ങളും ആരാധനാലയങ്ങളും അള്ളടസ്വരൂപത്തില്‍പ്പെടുന്നു. തെയ്യംപോലെ ശക്തമായ മറ്റൊരനുഷ്ഠാനമാണിവിടങ്ങളിലെ പൂരക്കളിയും മറത്തുകളിയും.
ഏഴിമലയിലെ കുറുവന്തട്ടകഴകം, തൃക്കരിപ്പൂരിലെ ശ്രീരാമവില്ല്യം കഴകം, ചെറുവത്തൂരിലെ തുരുത്തിനിലമംഗലത്ത് കഴകം, കാഞ്ഞങ്ങാട്ടെ പാലക്കുന്ന് കഴകം എന്നിവയാണ് തീയ്യരുടെ ശക്തികേന്ദ്രങ്ങളായ ആരാധനാലയങ്ങള്‍. ആര്യക്കരയില്‍ നിന്നും നൂറ്റിയെട്ട് അഴികള്‍ താണ്ടിയെത്തിയ ദേവി മരക്കല(കപ്പല്‍)മിറങ്ങിയത് മൂഷികരാജവംശത്തിന്റെ ആസ്ഥാനമായിരുന്ന ഏഴിമലയിലെ കുറുവന്തട്ട കഴകത്തിലായിരുന്നു. അവിടെയും പാലക്കുന്ന് കഴകത്തിലും കളിയാട്ടമില്ല.
തൃക്കരിപ്പൂര്‍ ശ്രീരാമവില്ല്യം കഴകത്തിലും തുരുത്തി നിലമംഗലത്ത് കഴകത്തിലും കാല്‍നൂറ്റാണ്ടുകൂടുമ്പോള്‍ പെരുങ്കളിയാട്ടം നടത്തിവരുന്നു. ഇന്ന് നടക്കുന്ന ഏറ്റവും വലിയ തെയ്യംകെട്ട് മഹോത്സവമാണ് തൃക്കരിപ്പൂര്‍ ശ്രീരാമവില്ല്യം കഴകത്തിലെ പെരുങ്കളിയാട്ടം.
വാണിയസമുദായക്കാരുടെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ് തൃക്കരിപ്പൂര്‍ മുച്ചിലോട്ട്, ചന്തേരമുച്ചിലോട്ട്, ചെറുവത്തൂര്‍ മുച്ചിലോട്ട്, ക്ലായിക്കോട് മുച്ചിലോട്ട്, പുതുക്കൈ മുച്ചിലോട്ട്, കല്ല്യാല്‍മുച്ചിലോട്ട് തുടങ്ങിയവ.മണിയാണി (യാദവ) സമുദായക്കാരുടെ പ്രധാനപ്പെട്ട ആരാധനാലയമാണ് തൃക്കരിപ്പൂര്‍ കണ്ണമംഗലത്തെ കഴകം.
ചെറുവത്തൂര്‍ വേങ്ങക്കോട്ട് ക്ഷേത്രം, കാലിക്കടവിലെ കരക്കക്കാവ്, നീലേശ്വരത്തെ മന്ദന്‍പുറത്ത് കാവ്, കാഞ്ഞങ്ങാട്ടെ മടിയന്‍ കോവിലകം, തൃക്കരിപ്പൂര്‍ വൈരജാതക്ഷേത്രം, തൃക്കരിപ്പൂര്‍ ഉത്തമന്തറ, ചെറുവത്തൂര്‍ വീരഭദ്രക്ഷേത്രം, കടപ്പുറം സ്വാമിമഠം തുടങ്ങിയവ അള്ളടസ്വരൂപത്തിലെ ചില കളിയാട്ടകേന്ദ്രങ്ങളാണ്. മുകയ സമുദായക്കാരുടെയും നിരവധി കാവുകളും ദേവസ്ഥാനങ്ങളും ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നുണ്ട്. അള്ളട സ്വരൂപം തന്നെയാണ് തെയ്യത്തിന്റെ ഈറ്റില്ലം എന്ന് യാതൊരു അര്‍ത്ഥശങ്കയുമില്ലാതെ സ്ഥാപിക്കുകയാണ്.
തെക്കുംകര കര്‍ണ്ണമൂര്‍ത്തിയാണ് ഏറ്റവും കൂടുതല്‍ വൈവിധ്യമുള്ള കോലംകെട്ടാന്‍ അവകാശമുള്ള ആചാരക്കാരന്‍. ഏറ്റവും കൂടുതല്‍ കളിയാട്ടമുള്ള “ജന്മദേശവും” അദ്ദേഹത്തിന്റെതാണ്. വലിയമുടി, വട്ടമുടി, കൂമ്പുമുടി, കൊതമ്പമുടി, പീലിമുടി, പൂക്കടി, തൊപ്പിത്വമയം കോടംപച്ചമുടി (മത്സ്യാകാരമുടി) തുടങ്ങി എല്ലാ തരത്തിലുള്ള മുടിവച്ച തെയ്യങ്ങളും കര്‍ണ്ണമൂര്‍ത്തി കെട്ടുന്നു.
ശ്രീ രാമവില്ല്യം കഴകം തുടങ്ങി നിലമംഗലത്ത് കഴകം, കണ്ണമംഗലത്ത് കഴകം, വേങ്ങക്കോട് ഭഗവതിക്ഷേത്രം, തൃക്കരിപ്പൂര്‍ മുച്ചിലോട്ട്, ചന്തേരമുച്ചിലോട്ട്, പച്ചക്കാല്‍ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പെരുങ്കളിയാട്ടക്കോലങ്ങളെ കെട്ടേണ്ടുന്നതും കര്‍ണ്ണമൂര്‍ത്തിയാണ്.
മണക്കാടന്‍, നേണിക്കം, അഞ്ഞൂറ്റാന്‍, ചിങ്കം, പള്ളിക്കര കര്‍ണ്ണമൂര്‍ത്തി, എരമംഗലന്‍ തുടങ്ങിയ ഉന്നതരായ ആചാരക്കാര്‍ കെട്ടുന്ന കോലങ്ങള്‍ ഈ ദേശത്തുണ്ടെങ്കിലും തെക്കുംകര കര്‍ണ്ണമൂര്‍ത്തിയുടെ അത്രയും കാവുകളും കോലങ്ങളും ഇവര്‍ക്കാര്‍ക്കുമില്ല.അടുത്ത പേജില്‍ തുടരുന്നു
കച്ചും ചുരികയും
അരയില്‍ കെട്ടാനുള്ള പച്ച നിറത്തിലുള്ള കച്ചയും ചുവന്ന ചുരികയുമാണ് ഒരു വണ്ണാന്, തെക്കുകര കര്‍ണ്ണമൂര്‍ത്തിയെന്ന് പേരുവിളിച്ച് ആചാരസ്ഥാനം നല്‍കുമ്പോള്‍ തമ്പുരാന്‍ നല്‍കുന്ന രാജമുദ്ര. മുണ്ടും അതിനുമീതെ രണ്ടാം മുണ്ടും ചുറ്റി കച്ചകെട്ടി ചുരിക അരയില്‍ തിരുകി ഒരു യോദ്ധാവിനെപോലെയാണ് “കര്‍ണ്ണമൂര്‍ത്തി” കളിയാട്ടക്കാവുകളിലെത്തുന്നത്.
സാധാരണക്കാരനായ ഒരാള്‍ ആചാരപ്പെട്ടതിനുശേഷം തികച്ചും വ്യത്യസ്തനായ മറ്റൊരാളായിത്തീരുന്നു. അതുവരെയുണ്ടായിരുന്ന ഒരു ജീവിതവും സ്വന്തം പേരും അയാള്‍ ഉപേക്ഷിക്കുന്നു. പുതിയ ജീവിതത്തിലും പുതിയ പേരിലും സ്വന്തം ജീവിതത്തെ, അയാള്‍ ഒരനുഷ്ഠാനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു.
തെക്കുംകര കര്‍ണ്ണമൂര്‍ത്തിക്ക് മരണമില്ല. അത് നൂറ്റാണ്ടുകളായി തുടരുന്നതാണ്. ഒരു പ്രതിഭാസമെന്നൊക്കെ വിശേഷിപ്പിക്കേണ്ടത് ഇങ്ങനെയുള്ള കാര്യങ്ങളെയാണ്. ഒരാള്‍ കര്‍ണ്ണമൂര്‍ത്തിയായി മാറിക്കഴിഞ്ഞാല്‍ തെയ്യംകെട്ടില്‍നിന്നും വിരമിക്കുന്നതുവരെ അയാള്‍ക്കുതന്നെയാണ് കോലത്തിന്റെ മേലുള്ള ഉത്തരവാദിത്വം.
തെയ്യത്തില്‍നിന്നും പിന്‍വാങ്ങുമ്പോള്‍ മരുമകനെ പുതിയ കര്‍ണ്ണമൂര്‍ത്തിയാക്കുന്നു. നാടിന് എന്നും കര്‍ണ്ണമൂര്‍ത്തി വേണം. മരുമക്കത്തായ സമ്പ്രദായത്തിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരക്കൈമാറ്റം നടക്കുന്നത്.
തെയ്യത്തിന് ലിഖിതമായ ആട്ടപ്രകാരമോ ചിട്ടയോ ഇല്ല. പരിശീലനമോ ഇല്ല. ഒന്നും നേര്‍ക്കുനേരെ പറഞ്ഞുപഠിപ്പിക്കുകയുമില്ല. മൂത്ത കര്‍ണ്ണമൂര്‍ത്തിയുടെ കൂടെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ കൂടുന്ന മരുമകന്‍ ഓരോ കളിയാട്ടക്കാവിന്റെയും ഘടനയും അനുഷ്ഠാനവിധികളും, ചടങ്ങുകളും കണ്ട് കണ്ട് ഹൃദ്യസ്ഥമാക്കണം. ഓരോ തെയ്യം കെട്ടിക്കഴിഞ്ഞാലുള്ള “വിളികള്‍”, “മുന്‍പ് സ്ഥാനം” “കലാശങ്ങള്‍” തുടങ്ങിയവ തെയ്യമായി അരങ്ങിലാടുന്ന അമ്മാവനായ ഗുരുവില്‍നിന്നും നേരിട്ട് മനസ്സിലാക്കണം.
പുറമേനിന്ന് നോക്കുന്ന ഒരാള്‍ക്ക് ഇതൊന്നും മനസ്സിലാകില്ലെങ്കിലും അദ്ധ്യായനത്തിന്റെ സൂക്ഷ്മവും ശക്തവുമായ തലങ്ങളിലൂടെ അറിയാതെ ഒരു ഗുരുവും ശിഷ്യനും കടന്നുപോകുന്നുണ്ട്. എഴുത്തിന്റെയോ പുസ്തകത്തിന്റെയോ വഴികള്‍ തെയ്യത്തിനന്യമാണ്.
സങ്കേതബദ്ധമായ ഒരു ക്ലാസിക്കല്‍ കലയുടെ ചിട്ടവട്ടങ്ങള്‍പോലെ സങ്കീര്‍ണ്ണമാണ് തെയ്യത്തിന്റെ അനുഷ്ഠാനവിധികള്‍. മറ്റേത് ക്ലാസിക്കല്‍ കലാരൂപത്തിനും കൃത്യമായ ഒരു രചിത പാഠമുണ്ടായിരിക്കും. അതിനെ ആധാരമാക്കിയാണ് അരങ്ങിലെ പ്രകടനം. അരങ്ങുകള്‍ക്കനുസരിച്ച് അവതരണങ്ങള്‍ മാറില്ല. എന്നാല്‍, തെയ്യം ഓരോ സ്ഥലത്തും ഓരോന്നാണ്.
ഒരേ തെയ്യംതന്നെ അടുത്തടുത്ത കാവുകളില്‍ കെട്ടിയാടുമ്പോള്‍ വ്യത്യസ്തമാകുന്നു. ആഹാര്യമായി മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നുമാത്രം. ഓരോ കാവും ഓരോ ജാതി വിഭാഗത്തില്‍പ്പെട്ടവരുടെതായതിനാല്‍ അവിടുത്തെ സമ്പ്രദായങ്ങളും വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ അവിടുത്തെ മുന്‍പ് സ്ഥാനം, വിളികള്‍ തുടങ്ങിയവയും വ്യത്യാസപ്പെട്ടിരിക്കും.
തെയ്യത്തിന്റെ വിളികള്‍ ഏറെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. ഒരു കാവില്‍ കളിയാട്ടം നടക്കുമ്പോള്‍ ആ കാവിന്റെ പരിധിയിലുള്ളതും, അതിന്റെ പുറത്തുള്ളതുമായ മറ്റ് സ്ഥാനങ്ങളില്‍നിന്നും കാവുകളില്‍ നിന്നും, സ്ഥാനികരും, ആചാരക്കാരും തെയ്യം കാണാനെത്തിയിട്ടുണ്ടാകും. അവരെയൊക്കെ സ്ഥാനവും ക്രമവും അനുസരിച്ച് കൃത്യമായി തെയ്യം വിളിക്കണം. വ്യത്യസ്തങ്ങളായ കാവുകളില്‍ വ്യത്യസ്തരായ സ്ഥാനികരും ആചാരക്കാരുമാണുള്ളത്. ആരെയെങ്കിലും വിളിക്കാന്‍ വിട്ടുപോവുകയോ, ക്രമം തെറ്റുകയൊ ചെയ്താല്‍ അതൊക്കെ വലിയ സാങ്കേതിക പ്രശ്‌നമാണ്.
കുട്ടിയായ മരുമകന്‍ ഇതൊക്കെ വളരെ സൂക്ഷ്മമായി സാങ്കേതികമായിത്തന്നെ പഠിക്കണം. പെട്ടെന്നൊരുനാള്‍ ആചാരപ്പെട്ട് കോലമാകേണ്ടതാണ്. നമ്മുടെ പാരമ്പര്യാദ്ധ്യയനത്തിന്റെ ശക്തിയും നിഗൂഢതയും തെയ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. തെയ്യങ്ങളിലെ അറിവുകള്‍ പലപ്പോഴും ഇന്ദ്രിയഗ്രഹ്യമല്ല. അതൊരുള്‍ക്കൊള്ളലാണ്. മനസ്സിനെ പരുവപ്പെടുത്തിയെടുക്കലാണ്. വലിയ വലിയ കോലങ്ങള്‍ക്കുള്ള മന്ത്രങ്ങള്‍ ആചാരക്കാര്‍ക്ക് മാത്രമേ അറിയൂ. അമ്മാവനായ ആചാരക്കാരന്‍ മരുമകന് കൃത്യസമയമാകുമ്പോള്‍ മാത്രമേ ആ അറിവ് കൈമാറ്റുകയുള്ളു.
തെയ്യം മറ്റെല്ലാ അവതരണങ്ങളില്‍ നിന്നും പലതുകൊണ്ടും വ്യത്യാസപ്പെട്ടിരിക്കുന്നു. അതില്‍ പഠനവിഷയമാകേണ്ടുന്ന ഒരു സവിശേഷത തെയ്യത്തില്‍ “റിഹേഴ്‌സല്‍” എന്ന ഒരു സാധ്യത ഇല്ല എന്നതാണ്. നേരിട്ട് അരങ്ങിലെത്തി ആടുകയാണ് വേണ്ടത്. പെരുങ്കളിയാട്ടത്തിലെ കോലമാകുമ്പോള്‍ പലപ്പോഴും ആചാരപ്പെട്ട കോലക്കാരന്റെ ആദ്യത്തെ തെയ്യമായിരിക്കും. ഇരുപത്തിയഞ്ച് വര്‍ഷത്തിലുള്ള പെരുങ്കളിയാട്ടക്കോലമാണെങ്കില്‍ ചിലപ്പോള്‍ അങ്ങിനെയൊരു കോലം കണ്ടിട്ടുപോലുമുണ്ടാകില്ല.
തെയ്യത്തില്‍ എല്ലാ കലയുമുണ്ട്. പാട്ട്, ആട്ടം, അഭിനയം, താളം, നൃത്തം, സംഭാഷണം, ചിത്രമെഴുത്ത്, കൈവേല, ശില്പകല, കളരി, ആയോധനമുറകള്‍ ഇവയൊക്കെ തെയ്യത്തിലുണ്ട്. തെയ്യം ഇവയേതെങ്കിലും ഒന്നു മാത്രമല്ല. ഇവയുടെയൊക്കെ സമഗ്രതയും പൂര്‍ണ്ണതയുമാണ് തെയ്യം. അതുകൊണ്ടുതന്നെ ഓരോ കോലക്കാരനിലും ഈ സമഗ്രതയാകെ ദര്‍ശിക്കാം. നമ്മുടെ യുക്തിക്ക് വ്യക്തമായി വ്യാഖ്യാനിക്കാന്‍ കഴിയാത്ത പലതുമുണ്ട്. അതിലൊന്നാണ് തെക്കുംകരകര്‍ണ്ണമൂര്‍ത്തിയും അദ്ദേഹത്തിന്റെ തെയ്യവും.
ഇന്ന് നൂറുകണക്കിന് അവാര്‍ഡുകളും ബഹുമതികളും നല്‍കിവരുന്നുണ്ട്. അതിനൊന്നും പലപ്പോഴും ജനസമ്മതി ഉണ്ടാവണമെന്നില്ല. തെക്കുംകരകര്‍ണ്ണമൂര്‍ത്തി എന്നതും ഒരാവര്‍ഡാണ്. അത് ഒരു പ്രദേശവും അവിടുത്തെ ജനങ്ങളും അധികാരികളും നാടിന്റെ ദേവതകളും അറിഞ്ഞാദരിക്കലാണ്. അത് മഹത്തായ സ്ഥാനലബ്ദിയാണ്. ഒരാളെ മറ്റൊരാളായി ഒരാചാരപദവിയിലൂടെ അവരോധിക്കലാണ്. ആ സ്ഥാനം മരണംവരെയും മരണത്തിലും നിലനില്‍ക്കുന്നു.
ഒരു സാധാരണ പേരില്‍ അറിയപ്പെട്ടിരുന്ന ഒരാള്‍, കര്‍ണ്ണമൂര്‍ത്തിയായി ആചാരപ്പെട്ട് കഴിഞ്ഞാല്‍ അതുവരെ തന്റെ ജീവിതത്തിനൊരാമുഖമായിരുന്ന പേരിനെ ഉപേക്ഷിക്കുന്നു. പുതിയ മനുഷ്യനാകുന്നതോടെ കര്‍ണ്ണമൂര്‍ത്തിയെന്ന പേരും സ്വീകരിച്ചു. പിന്നെ അമ്മവരെ അയാളെ കര്‍ണ്ണമൂര്‍ത്തിയെന്ന് മാത്രമേ വിളിക്കാന്‍ പാടുള്ളൂ.
കച്ചും ചുരികയുമണിഞ്ഞ താണ ജാതിക്കാരനായ കര്‍ണ്ണമൂര്‍ത്തിയെ മുന്തിയ ജാതിക്കാരന്‍വരെ ബഹുമാനിക്കുന്നു. ആചാരപ്പെടല്‍ ഒരു പഴമയുടെ ആവിഷ്‌കാരമാണ്. അതിലെ സങ്കീര്‍ണ്ണമായ പ്രക്രിയയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. നീലേശ്വരം രാജകൊട്ടാരം, ഉദിനൂര്‍ കോവിലകം എന്നിവിടങ്ങളില്‍വെച്ചാണ് അള്ളടത്തുനാട്ടിലെ കോലക്കാര്‍ക്ക് ആചാരം നല്‍കിവരുന്നത്.
ഉദിനൂര്‍ കോവിലകത്തെ മൂത്തച്ഛന്‍, വാര്യക്കാട്ട് തന്ത്രി, കോവിലകം മാടമ്പ്, വടക്കും തെക്കും മാടമ്പ്, മടിയന്‍ നായരച്ചന്‍, തിരുനെല്ലി നായര്‍, പറ്റുകുറുപ്പ് എന്നിങ്ങനെയുള്ള സ്ഥാനികരുടെ കാര്‍മികത്വത്തിലാണ് തെക്കുംകര കര്‍ണ്ണമൂര്‍ത്തിയുടെ സ്ഥാനാരോഹണം. അള്ളടത്തുനാട്ടിലെ ജന്മികുടുംബമായിരുന്ന താഴക്കാട്ട് മനയിലും നേരത്തെതന്നെ വിവരമറിയിക്കണം.
തെയ്യങ്ങളുടെ ഏറ്റവും പ്രധാന ചമയമായ “തലപ്പാളി”യിലെ ഇരുപത്തിയൊന്ന് ഗുരുക്കന്മാരെ സങ്കല്പിച്ച് ശരീരത്തിലെ ഇരുപത്തിയൊന്ന് സ്ഥാനങ്ങളില്‍ കോലക്കാരന്‍ ചന്ദനക്കുറി തൊടുന്നു. വലത്തെ നെഞ്ചിന് താഴെ ചുരികയുടെ ആകൃതിയില്‍ ഇരുപത്തിയൊന്നാമത്തെ ചുരികക്കുറിവരക്കുന്നതോടെ, വാര്യക്കാട്ട് തന്ത്രി തെക്കുംകര കര്‍ണ്ണമൂര്‍ത്തിയെന്ന് മൂന്നു തവണ പേരുവിളിക്കുമ്പോള്‍, കറുത്തവനായ വണ്ണാന്‍ ഒരു ചൈതന്യമായി, ഒരു പരമ്പരയുടെ തുടര്‍ച്ചയാകുന്നു. കോവിലകം തമ്പുരാന്‍ ആചാരമുദ്രയായ കച്ചും ചുരികയും നല്‍കി അനുഗ്രഹിക്കുകയും ചെയ്യുന്നു. പിന്നീട് ഈ ആചാരമുദ്രയില്ലാതെ ഒരു ജീവിതമില്ല അദ്ദേഹത്തിന്, മരണപ്പെട്ടു കഴിഞ്ഞാലും.
ഇരുപത്തിയൊന്ന് ആചാരക്കുറികള്‍ വരച്ച്, പച്ചനിറത്തിലുള്ള കച്ചകെട്ടി, ചുവന്ന ചുരിക അരയില്‍ തിരുകി ഒരമാനുഷിക ചൈതന്യത്തെത്തന്നെ ചിതയില്‍ വെക്കുന്നു. തീജ്വാലകള്‍ക്ക് ഒരു കറുത്ത ശരീരത്തെ മാത്രമേ ദഹിപ്പിക്കാന്‍ കഴിയു. തെക്കുംകര കര്‍ണ്ണമൂര്‍ത്തിയെന്ന ചൈതന്യം അഗ്നിശുദ്ധിവരുത്തി മറ്റൊരു ദേഹത്തിലൂടെ തുടരുന്നു.അടുത്ത പേജില്‍ തുടരുന്നു
മിത്തല്ല നമ്മള്‍ അറിഞ്ഞ,അറിയേണ്ടുന്ന യാഥാര്‍ത്ഥ്യം
കാര്യമായ തെയ്യം എഴുത്തൊന്നും ഇന്ന് ഉണ്ടാകാറില്ല. ചിറക്കല്‍ ബാലകൃഷ്ണന്‍നായര്‍ തെയ്യങ്ങളോടൊപ്പം ബഹുദൂരം സഞ്ചരിച്ചു. സി.എം.എസ്.ചന്തേരയും, ഡോ.എം.വി.വിഷ്ണുനമ്പൂതിരിയും, ഡോ.രാഘവന്‍ പയ്യനാടും പിന്നീട് ആ വഴിക്ക് തിരിഞ്ഞു. അവിടെ തീരുന്നു നമ്മുടെ തെയ്യം എഴുത്തും.
തെയ്യം തികച്ചും പ്രാദേശികമായ ഒരേര്‍പ്പാടായതിനാല്‍, അതിന്റെ വിപണനത്തിനപ്പുറമുള്ള സംസ്‌കാരത്തിനൊ ശക്തിക്കൊ ആ പ്രാദേശികതയ്ക്കപ്പുറം വലിയ പ്രാധാന്യമൊന്നും ഇന്നില്ല. പക്ഷേ ഒരു പഠിതാവിനെ സംബന്ധിച്ച് തെയ്യം അറിവിന്റെയും വിസ്മയങ്ങളുടെയും ഒരു ലോകംതന്നെയാണ്.
ഒരുത്തര മലബാറിയും തെയ്യവും തമ്മിലുള്ള വൈകാരികബന്ധത്തെ എഴുതി ഫലിപ്പിക്കാന്‍ സാധ്യമല്ല. തെയ്യം അവരുടെ ജീവിതത്തിന്റെ സമഗ്രതയിലാണ് നിലനില്‍ക്കുന്നത്. ഇന്ന് ജീവിച്ചിരിക്കുന്ന എഴുപത് വയസ്സ് കഴിഞ്ഞ മഹത്തുക്കള്‍ മൂന്ന് കര്‍ണ്ണമൂര്‍ത്തിമാരുടെ തെയ്യം കണ്ടവരാണ്. 1960-70 കാലഘട്ടങ്ങളില്‍ തെക്കുംകര കുഞ്ഞമ്പു കര്‍ണ്ണമൂര്‍ത്തി, 1970ന് ശേഷം തെക്കുംകര കണ്ണന്‍ കര്‍ണ്ണമൂര്‍ത്തി, 2004 മുതല്‍ തെക്കുംകര ബാബുകര്‍ണ്ണമൂര്‍ത്തി. 1960 കളില്‍ കുഞ്ഞമ്പു കര്‍ണ്ണമൂര്‍ത്തിയുടെ കാലത്ത് പെരുങ്കളിയാട്ടങ്ങളും തെയ്യംകെട്ടുത്സവങ്ങളും വിരളമായിരുന്നു. അതിന് ശേഷമുള്ളതാണ് തെയ്യത്തിന്റെ സുവര്‍ണ്ണകാലം. അതാണ് കണ്ണന്‍ കര്‍ണ്ണമൂര്‍ത്തിയുടെ കാലം.
നമുക്ക് കലാമണ്ഡലം കൃഷ്ണന്‍ നായരെയും കലാമണ്ഡലം ഗോപിയാശാനെയും അറിയാം. നമുക്ക് തെക്കുംകരകണ്ണന്‍ കര്‍ണ്ണമൂര്‍ത്തിയെ അറിയില്ല. കാസര്‍ഗോഡ് ജില്ലയിലെ പത്തോ പതിനഞ്ചോ കിലോമീറ്റര്‍ ചുറ്റളവില്‍ അദ്ദേഹത്തിന്റെ കീര്‍ത്തി ഒതുങ്ങിപ്പോയി. അനുഷ്ഠാനത്തിനപ്പുറമുള്ള അദ്ദേഹത്തിന്റെ വ്യക്തിജീവിതം രോഗങ്ങളാലും കഷ്ടപ്പാടുകളാലും ദുരിതപൂര്‍ണ്ണമായി. അനുഷ്ഠാനത്തിനപ്പുറം വ്യക്തിജീവിതവുമായി തെയ്യത്തെ സമന്വയിക്കാതിരുന്നതിനാല്‍, അദ്ദേഹം മാധ്യമലോകത്തിന് അപ്രാപ്യമായി.
പക്ഷെ ആ കറുത്ത് തടിച്ച ശരീരത്തിലെ സിദ്ധികളറിഞ്ഞവര്‍ ആരും അത്ഭുതപ്പെട്ടുപോകും. ഇങ്ങനെയൊരാള്‍ ഈ ഭൂമുഖത്തുണ്ടായിരുന്നുവെന്ന് ഒരുപക്ഷേ നമ്മുടെ യുക്തി അംഗീകരിക്കില്ല. തന്റെ അധികാരപരിധിയായ “ഒളോറക്കടവു”മുതല്‍ “ഉദയംകുന്നു”വരെയുള്ള ദേവതകള്‍ക്കായി സ്വന്തം ശരീരത്തെ ഒരുക്കിനിര്‍ത്തി. ദേവതകളൊഴിയുന്ന നേരം ശരീരത്തെ രോഗങ്ങളുടെ ദുര്‍മൂര്‍ത്തികള്‍ ആവേശിച്ചു.
1971 ല്‍ കണ്ണന്‍ പതിനെട്ടാമത്തെ വയസ്സില്‍ ഉദിനൂര്‍ കോവിലകം തമ്പുരാനില്‍ നിന്നും കച്ചും ചുരികയും വാങ്ങി തെക്കുംകര കര്‍ണ്ണമൂര്‍ത്തിയായി. 1972ല്‍ തുരുത്തിനിലമംഗലത്ത് കഴകത്തില്‍ ആദ്യത്തെ പെരുങ്കളിയാട്ട തെയ്യംകെട്ടി. 1974ല്‍ ഇരുപത്തിയൊന്നാമത്തെ വയസ്സിലും 1999 ല്‍ നാല്‍പ്പത്തിയാറാമത്തെ വയസ്സിലും തൃക്കരിപ്പൂര്‍ ശ്രീ രാമവില്ല്യം കഴകത്തിലെ പെരുങ്കളിയാട്ടത്തില്‍ നാല്പ്പത്തീരടി നീളവും ആറുകോല്‍ ചുറ്റളവുമുള്ള പടക്കത്തിഭഗവതിയുടെ ഭീമാകാരമായ തിരുമുടിയേന്തി.
തൃക്കരിപ്പൂര്‍ മുച്ചിലോട്ട്, ചന്തേര മുച്ചിലോട്ട്, ചെറുവത്തൂര്‍ വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രം, തൃക്കരിപ്പൂര്‍ കണ്ണമംഗലത്ത് കഴകം എന്നിവിടങ്ങളിലെ പെരുങ്കളിയാട്ടങ്ങളില്‍ രണ്ടുതവണ പ്രധാനപ്പെട്ട കോലംകെട്ടി. 2003 ല്‍ പിലിക്കോട് കോട്ടത്തെ വേട്ടക്കൊരുമകന്‍ തെയ്യത്തോടെ രോഗമൂര്‍ച്ഛയെത്തുടര്‍ന്ന് തെയ്യത്തിന്റെ ചിലമ്പും പറ്റുംപാടകവും (കാലിലെ ചമയങ്ങള്‍) എന്നന്നേയ്ക്കുമായി അഴിച്ചുവെച്ചു.
ദേവതകള്‍ കുടിയിരുന്ന ശരീരത്തെ മദ്യവും രോഗങ്ങളും കീഴടക്കി. 2004 ഏപ്രില്‍ 4ാം തീയ്യതി തന്റെ മരുമകനെ തെക്കുംകര ബാബു കര്‍ണ്ണമൂര്‍ത്തിയായി ആചാരപ്പെടുത്തി. 2008 ജനവരി 6ാം തീയ്യതി അമ്പത്തിയഞ്ചാമത്തെ വയസ്സില്‍ മംഗലാപുരത്തെ ആശുപത്രിയില്‍കിടന്ന് കടുത്ത കരള്‍ രോഗത്തെയും വാതരോഗത്തെയും തുടര്‍ന്ന് നിശബ്ദമായി മരിച്ചു. ഇരുപത്തിയൊന്ന് ആചാരക്കുറികളും കച്ചും ചുരികയും അണിയിച്ച് കറുത്തവരുടെ തമ്പുരാനെ പിലിക്കോട്ട് വയലിലെ ചിതയില്‍ ദഹിപ്പിച്ചു.
മിത്തുകള്‍ക്കും ഇതിഹാസങ്ങള്‍ക്കും അപ്രാപ്യനായി കണ്ണന്‍ കര്‍ണ്ണമൂര്‍ത്തി കളിയാട്ടക്കാവുകളിലെ അവിശ്വസനീയ യാഥാര്‍ത്ഥ്യമായി. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കപ്പുറം തെയ്യത്തെക്കുറിച്ചോ അതിന്റെ നിഗൂഢതകളെക്കുറിച്ചോ ആരോടും കൂടുതലൊന്നും പറഞ്ഞില്ല. കോലമായി കഴിഞ്ഞാലുള്ള അമാനുഷപ്രകടനങ്ങളൊന്നും നിസ്സാരനായ തന്റെ കഴിവല്ലെന്നും താന്‍ ആവാഹിക്കുന്ന ചൈതന്യത്തിന്റെ ശക്തിമാത്രമാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞ് എല്ലാ ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി. “ഞാന്‍” എന്ന ഒന്നില്ലെന്നും ചൈതന്യം മാത്രമേ നിലനില്‍ക്കുന്നുള്ളുവെന്നും പറയാതെ ആ സത്യത്തെ അറിഞ്ഞ് ജീവിച്ചു.
പതിനൊന്നു പെരുങ്കളിയാട്ടങ്ങളില്‍ തിരുമുടിയണിഞ്ഞ ഒരേ ഒരു കോലക്കാരന്‍. ഇരുപത്തിയഞ്ച് വര്‍ഷം കൂടുമ്പോഴുള്ള തൃക്കരിപ്പൂര്‍ ശ്രീ രാമവില്ല്യം കഴകത്തിലെ പെരുങ്കളിയാട്ടത്തില്‍ രണ്ടുതവണ പടക്കത്തിഭഗവതിയുടെ കോലംകെട്ടിയ ഒരേ ഒരു വണ്ണാന്‍. കറുത്ത ശരീരരത്തില്‍ മനയോലച്ചോപ്പ് പടരുമ്പോള്‍ ദേവതയേക്കാള്‍ ചൈതന്യം സ്ഫുരിക്കുന്ന ദേവനര്‍ത്തകന്‍. ഇതൊന്നും വിശേഷണങ്ങളല്ല. കണ്ണന്‍ കര്‍ണ്ണമൂര്‍ത്തി പിന്നിട്ട ജീവിതാവസ്ഥകളാണ്.അടുത്ത പേജില്‍ തുടരുന്നു
നമ്മള്‍ നേരിട്ടനുഭവിച്ച ഒരു തെയ്യംകെട്ടിനെക്കുറിച്ച് സൂചിപ്പിക്കാം. 1999ലെ തൃക്കരിപ്പൂര്‍ ശ്രീരാമവില്ല്യം കഴകത്തിലെ പെരുങ്കളിയാട്ടം. ഇത്രയും വിപുലമായ വേറൊരു തെയ്യംകെട്ട് മഹോത്സവവും നിലവിലില്ല. ഒരു കളിയാട്ടം കഴിഞ്ഞ് ഇരുപത്തിയഞ്ച് വര്‍ഷം കാത്തിരിക്കണം അടുത്ത കളിയാട്ടത്തിനായി. ഉത്തരമലബാറിലെ തീയ്യരുടെ ഏതാണ്ടെല്ലാ സ്ഥാനങ്ങളും രാമവില്ല്യം കഴകവുമായി ബന്ധപ്പെട്ടുകിടക്കുന്നു. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന കളിയാട്ടത്തില്‍ നാനൂറ്റി അമ്പത്തിനാലോളം തെയ്യങ്ങള്‍ കെട്ടിയാടുന്നുണ്ട്.
മൊട്ടത്തലയന്മാരായ നൂറുകണക്കിന് വെളിച്ചപ്പാടന്‍മാരും, അന്തിത്തിരിയന്മാരും, മറ്റാചാരവേഷക്കാരും, തോറ്റങ്ങളും, തെയ്യങ്ങളുമൊക്കെയായി സമാനതകളില്ലാത്ത ഒരു ഗോത്രോത്സവമാണത്. ഹിന്ദുമതത്തിലെ എല്ലാ ജാതിക്കാരുടെയും തുല്യ പങ്കാളിത്തവും മുസ്ലീംങ്ങളുടെ പങ്കാളിത്തവും ഈ പെരുങ്കളിയാട്ടത്തിന്റെ സവിശേഷതയാണ്.
കളിയാട്ടത്തിന്റെ അവസാനദിനത്തിലെ കൃത്യമായ മുഹൂര്‍ത്തത്തിലാണ് സാക്ഷാല്‍ പടക്കത്തി ഭഗവതിയുടെ തിരുമുടി നിവരല്‍. വളരെ അപൂര്‍വ്വമായി മാത്രം കെട്ടിയാടിക്കുന്നതും അതി സങ്കീര്‍ണ്ണമായ അനുഷ്ഠാനവിധികളോടുകൂടിയതുമായ തെയ്യമാണ് പടക്കത്തി ഭഗവതി. അതിന്റെ പ്രധാന സവിശേഷത മുടിയുടെ ഘടന തന്നെയാണ്.
ആര്യനാട്ടില്‍നിന്നും പരാശക്തി മരക്കലമേറി (കപ്പല്‍) കടല്‍കടന്നാണ് കോലത്തുനാട്ടിലെത്തിയത്. ഇരുപത്തിയൊന്നുകോല്‍, നാല്‍പ്പത്തീരടി നീളവും ആറുകോല്‍ വ്യാസവുമുള്ള “മുകാര”ത്തോടുകൂടിയ മരക്കലമാണ് പടക്കത്തിഭഗവതിയുടെ മുടി. കഴകത്തിലെ സ്ഥാനികനായ ആശാരി മുടി നിര്‍മ്മിക്കാനുള്ള കവ്വുങ്ങ് മുറിക്കുന്ന, “നാള്‍മരം മുറിക്കല്‍” എന്ന ചടങ്ങോടെയാണ് തെയ്യം കെട്ടുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങള്‍ തുടങ്ങുന്നത്. ദിവസങ്ങളോളം നീളുന്ന കഠിനാധ്വാനത്തിലാണ് മരക്കലനിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.
കോലക്കാരനായ കര്‍ണ്ണമൂര്‍ത്തി പ്രത്യേകം കെട്ടിയുണ്ടാക്കിയ അണിയറയില്‍ പതിനാല് ദിവസം നോറ്റിരിക്കണം. സാധാരണ മനുഷ്യന്റെ സ്വഭാവമുള്ള ശരീരത്തെ കഠിനമായ തപസ്സിലൂടെ മറ്റൊന്നായി പരിണമിപ്പിച്ച് ആ ശരീരത്തിന്റെ ദൗര്‍ബല്യങ്ങളെ പതിനാല് ദിവസംകൊണ്ട് കോലക്കാരന്‍ അതിജീവിക്കുന്നു.
തലയും മുഖവും തുണികൊണ്ട് മറച്ച് എല്ലാ വിധത്തിലുള്ള ലൗകിക വ്യാപാരങ്ങളില്‍നിന്നും മനസ്സിനെ മുക്തമാക്കി പതിനാല് ദിവസം അണിയറയിലെ കുത്ത്‌വിളക്കിലെ അരണ്ടവെളിച്ചത്തിലെ ഏകാന്തതയില്‍ ദേവിയുടെ ചമയങ്ങളാകുന്ന വാത്താടി, പിടിമീശ, മുള്ളെകിറുകള്‍ എന്നിവയില്‍ ദേവീസാന്നിദ്ധ്യമറിഞ്ഞ്, ആചാരക്കാരായ കോലക്കാര്‍ കയ്യില്‍ പിടിക്കുന്ന “വാക്കണ്ണാടി”യില്‍ (വാല്‍ക്കണ്ണാടി) പരാശക്തിയുടെ തിരുമുഖം ദര്‍ശിച്ച്, ധ്യാനമന്ത്രങ്ങള്‍ ഉരുക്കഴിച്ച്, അല്പം മാത്രം ഉറങ്ങി, കഠിനമായ നിഷ്ഠകള്‍ക്കൊടുവില്‍, കോലക്കാരന്‍ തോറ്റത്തിന് നില്‍ക്കുന്നതിനായി അരങ്ങില്‍വരുന്നു. വരച്ചുവച്ച് വരഞ്ഞിരിക്കുന്ന നാളുകളില്‍ (നോറ്റിരിക്കുന്ന ദിവസങ്ങള്‍) കോലക്കാരന് തെനയരിക്കഞ്ഞിയും തൊടുകറിയും വച്ചുകൊടുക്കാന്‍ പരികര്‍മ്മി ഉണ്ടായിരിക്കും. കോലക്കാരന്റെ എച്ചില്‍ കളയാന്‍ പാടില്ല. പരികര്‍മ്മിതന്നെ കഴിക്കണം.
കണ്ണഞ്ചിപ്പിക്കുന്ന ചമയങ്ങള്‍ വച്ചുകെട്ടി നമുക്ക് മുന്നിലെത്തുന്ന ആഹാര്യശോഭയല്ല യഥാര്‍ത്ഥത്തില്‍ തെയ്യം. അതിന്റെ അണിയറയിലെ നിഗൂഢതയിലാണ് പൂര്‍ണ്ണമാകുന്നത്. അതിന് വിവിധ ഘട്ടങ്ങളുണ്ട്. നമുക്ക് മുന്നിലെത്തി ഉറഞ്ഞാടി അനുഗ്രഹിക്കുന്നത് അതിലെ അവസാനഘട്ടമാണ്. തോറ്റം, തെയ്യത്തിലെ “പെര്‍ഫോമ”റെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ്. തോറ്റമാണ് തെയ്യത്തിന്റെ ലബോറട്ടറി. കോലക്കാരന്റെ “സൂക്ഷ്മശരീരം” തോറ്റങ്ങളെ സ്വാംശീകരിക്കുന്ന എനര്‍ജിയാണ് തെയ്യത്തിന്റെ ജീവന്‍.
പെരുങ്കളിയാട്ടക്കോലമായ പടക്കത്തിഭഗവതിക്ക് എട്ടുദിവസങ്ങളിലായി 17 തോറ്റങ്ങളുണ്ട്. ഉച്ചത്തോറ്റം, അന്തിത്തോറ്റം, കൊടിയിലത്തോറ്റം, ഗണപതിത്തോറ്റം എന്നിങ്ങനെയാണ് തോറ്റത്തിന്റെ കണക്ക്. ഓരോ തോറ്റത്തിലൂടെ കോലക്കാരന്റെ സ്ഥൂലശരീരം അതിനുള്ളിലെ സൂക്ഷ്മശരീരത്തെ ഉണര്‍ത്തുന്നു. പതിനേഴാമത്തെ തോറ്റം കഴിയുമ്പോഴേക്കും കോലക്കാരന്റെ ശരീരത്തില്‍ തെയ്യത്തിന്റെ ചൈതന്യം മാത്രം ശേഷിക്കുന്നു.
ശാരീരികക്ഷമതയുടെയും മനുഷ്യാധ്വാനത്തിന്റെയും സാധനയുടെയും ഏറ്റവും ഉദാത്തവും തീവ്രവുമായ അവസ്ഥയാണത്. ഇത് അവതരണകലയില്‍ തെയ്യത്തില്‍ മാത്രം സംഭവിക്കുന്നതാണ്. ഗണപതിത്തോറ്റം കഴിഞ്ഞ് പുലര്‍ച്ചെത്തന്നെ തെയ്യംകെട്ടല്‍ തുടങ്ങുന്നു. ധ്യാനമന്ത്രങ്ങളോടെ ചിരട്ടയില്‍ ചായില്യം ചാലിച്ച് മുഖത്തെ കൃത്യമായ സ്ഥാനങ്ങളില്‍ തൊടുവിച്ച് കോലക്കാരന്‍ മുഖത്തെഴുതാനിരിക്കുന്നു.
“വലിയ ശംഖും പുള്ളും ചുവന്ന താടി”യുമാണ് പടക്കത്തിഭഗവതിയുടെ മുഖത്തെഴുത്ത്. മൂന്നു മണിക്കൂറിലധികം സമയമെടുത്താണ് മുഖത്തെഴുത്ത് പൂര്‍ണ്ണമാകുന്നത്. പത്തുമണിയോടെ “ബാലാലയമായ” അണിയറയില്‍നിന്നും അപൂര്‍ണ്ണമായ കോലം പീഠക്കല്ലില്‍ വന്നിരിക്കുന്നു. തലയില്‍ തലപ്പാളി, വെള്ളോട്ടുവട്ടം, കാതുകളില്‍ ഓലക്കാത്, കഴുത്തില്‍ കഴുത്ത്‌കെട്ടി, ഏഴ് തരം, അരയില്‍ വിതാനത്തറ, ഇരുവശങ്ങളിലും പക്കപ്പാമ്പ്, കാലില്‍ വെള്ളോട്ടുചിലമ്പും പറ്റുംപാടകവും മണിക്കയലും. കൈകളില്‍ വളകള്‍, ചൂഢകം, കൈത്തണ്ട, നെറ്റിയില്‍ ചന്ദ്രക്കല, മൂക്കില്‍ തുമ്പിക്കൈ, അതിന് താഴെ പിടിമീശ, വാത്താട്ടി എന്നിങ്ങനെ വിചിത്രമായതും അതീവ ചാരുതയാര്‍ന്നതും ഭാരമേറിയതും വലുപ്പം കൂടിയതുമായ ചമയങ്ങള്‍ വച്ചുകെട്ടുന്നു.
രക്തചംക്രമണ വ്യവസ്ഥയെവരെ അപകടപ്പെടുത്തുംവിധം മുറുക്കിക്കെട്ടിയാണ് ഇത്തരം ചമയങ്ങള്‍ ശരീരത്തില്‍ ഒട്ടിച്ചുവെച്ചതുപോലെ നില്‍ക്കുന്നത്. ഇതിനൊക്കെ പുറമേയാണ് പത്തിലധികം ആള്‍ക്കാര്‍ ചേര്‍ന്ന് നാല്‍പ്പത്തീരടി നീളമുള്ള മരക്കലം തിരുമുടി കോലക്കാരന്റെ തലയില്‍വെക്കുന്നത്. ഇതൊരു വിചിത്രമായ സംഗതിയാണ്. മുടി ഒരിക്കലും ശരീരത്തില്‍ കെട്ടിനിര്‍ത്തുന്നില്ല. കോലക്കാരന്റെ ശരീരത്തില്‍ അടുക്കുകളായി മുറുക്കിച്ചുറ്റിയ തുണിയില്‍ ഇരുചുമലുകള്‍ കൊണ്ട് താങ്ങിനിര്‍ത്തുന്നവിധം ഇറക്കിവയ്ക്കുകയാണ് ചെയ്യുന്നത്. ഇത് കഠിനമായ ഒരഭ്യാസമാണ്. “മുകാരം” മുടിയെ മുന്നിലേയ്ക്ക് വലിക്കുമ്പോള്‍ കഴുത്ത്, അരക്കെട്ട്, കാല് എന്നിവകൊണ്ടാണ് ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നത്.
യുദ്ധത്തിലുപയോഗിക്കുന്ന തോക്ക് മുതല്‍ അടിമാച്ചി (ചൂല്‍), ഏറ്റുകത്തി, തള തുടങ്ങിയ കാര്‍ഷികനായാട്ട് അയുധങ്ങള്‍ തെയ്യം ഉപയോഗിക്കുന്നതിനാല്‍ കോലക്കാരന്റെ കൈകള്‍ സ്വതന്ത്രമല്ല. ഏറ്റവും ഭീകരമായ അവസ്ഥ കുംഭമാസത്തിലെ അത്യുഷ്ണത്തിലും കാറ്റിലും പൊടിയിലുമാണ് ഇത് നടക്കുന്നത് എന്നതാണ്. മുടിയില്‍ കാറ്റുപിടിക്കുമ്പോള്‍, കോലക്കാരന്റെ കഴുത്തൊടിയാനോ, മുറിഞ്ഞുവീഴാനോ ഉള്ള എല്ലാ സാധ്യതകളും നിലനില്‍ക്കെ ജനങ്ങളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി എല്ലാ ചടങ്ങുകളും കോലക്കാരനായ കര്‍ണ്ണമൂര്‍ത്തി പൂര്‍ണ്ണതയിലെത്തിക്കുന്നു.
ഒരു പുലര്‍ച്ച മുതല്‍ മറ്റൊരു പുലര്‍ച്ച വരെ നീളുന്ന ഒരു മനുഷ്യന്റെ പ്രയത്‌നമാണത്. ഒരു മിനിറ്റ് വിശ്രമിക്കാതെ ഒരു തുള്ളി വെള്ളം കഴിക്കാതെ ഭീഭത്സമായ ഒരവസ്ഥയില്‍, കാല്‍നൂറ്റാണ്ടിലെ കാത്തിരിപ്പിനൊടുവില്‍ പ്രത്യക്ഷപ്പെടുന്ന ദേവിയെ കാണാനെത്തുന്ന ലക്ഷക്കണക്കിന് ജനങ്ങളില്‍, ഓരോ ആള്‍ക്കും “മഞ്ഞക്കുറി” നല്‍കി, ഓരോ ആളോടും ഓന്നോ രണ്ടോ ഉരിയാടി, ഒരു ദിവസം പുലര്‍ച്ചെ തുടങ്ങി പിറ്റെ ദിവസം പുലര്‍ച്ചയില്‍ അവസാനിക്കുന്ന ഈ പ്രക്രിയയെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്.
ഒരു പച്ചമനുഷ്യന്‍ എല്ലാ പ്രതികൂലങ്ങളെയും എങ്ങിനെയാണ് തരണം ചെയ്യുന്നതെന്ന് അപ്പോള്‍ ആരാണ് ചിന്തിക്കുന്നത്. പുലര്‍ച്ചെ ഒരുമണിക്ക് ശേഷം നാല്‍പ്പതീരടി നീളമുള്ള മുടിയഴിച്ച്, “സോപാനം വാതുക്കല്‍”വച്ച് എല്ലാ ചമയങ്ങളും അഴിച്ച് ഒന്നും സംഭവിക്കാത്തതുപോലെ, അപ്പോഴും ജ്വലിച്ചുകൊണ്ടിരിക്കുന്ന മനയോല മായ്ക്കുന്നതിനായി അണിയറയിലേക്ക് നടന്നുപോയ കര്‍ണ്ണമൂര്‍ത്തി യഥാര്‍ത്ഥത്തില്‍ നടന്നുപോയത് ചരിത്രത്തിന് രേഖപ്പെടുത്താനാകാത്ത മനസ്സിലാക്കാനാകാത്ത സംസ്‌കാരത്തിലേക്കായിരുന്നു.
തുലാപ്പത്തുമുതല്‍ ഇടവപ്പാതിവരെയുള്ള ഏഴ് മാസക്കാലം ഇരുന്നൂറോളം തെയ്യങ്ങള്‍ കെട്ടുന്ന കണ്ണന്‍ കര്‍ണ്ണമൂര്‍ത്തിയുടെ മഹത്വം മൂല്യവിചാരത്തിന് വിധേയമാക്കേണ്ടുന്ന ഒന്നല്ല. മാറിയ കാലത്തിന്റെ യുക്തിയെ അനുസരിക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ അനുഷ്ഠാനജീവിതം. ജീവിതത്തിലൊരിക്കലും ഒരു ശില്പശാലയിലോ സെമിനാറിലോ അദ്ദേഹം പങ്കെടുത്തില്ല.
കടുത്ത രോഗപീഢകളിലും പരാധീനതകളിലും അയാള്‍ പുതിയ ജീവിതത്തിന്റെ പ്രചോദനങ്ങളെ അതിജീവിച്ചു. കള്‍ച്ചറല്‍ ഏജന്റുമാരും ഭരണകൂടവും കാവുകളില്‍ സമ്പുഷ്ടമായ തെയ്യത്തെ പൊതുവേദിയിലേക്കാനയി ചോദിച്ചപ്പോള്‍ അവര്‍ പറയുന്നത് മനസ്സിലാകാതെ അദ്ദേഹം നിശബ്ദനായി. പാരമ്പര്യമായി തനിക്ക് ലഭിച്ച സിദ്ധികളൊന്നും വ്യക്തിയെന്ന നിലയില്‍ തന്റെ മികവല്ലെന്നും തന്റെ ക്ഷണികമായ ശരീരം ഒരുപാധി മാത്രമാണെന്നും അദ്ദേഹം വിശ്വസിച്ചു.അടുത്ത പേജില്‍ തുടരുന്നു
കൊടിയിലയിലെ കെട്ടുപോകുന്ന തീ
കൊടിയിലയിലെ അഗ്നി കെട്ടുപോകരുത്. ഒരു ചൈതന്യം വിളങ്ങുന്നുണ്ട്. നമ്മുടെ കുടുംബവഴക്കുകളുടെയും പാപങ്ങളുടെയും കടുത്ത ഇരുളിലേക്കാണ് കര്‍ണ്ണമൂര്‍ത്തിയെന്ന കൊടിയില നമ്മളേറ്റുവാങ്ങിയത്. കൊടിയില കയ്യേറ്റുവാങ്ങുന്നവര്‍ക്ക് അതു കെട്ടുപോകാതെ സൂക്ഷിക്കുന്നതിനുള്ള ബാധ്യതയുണ്ട്.
കര്‍ണ്ണമൂര്‍ത്തി ദേശത്തിന്റെ അനിവാര്യതയും ആവശ്യവുമാണ്. സ്വന്തം സുകൃതത്തിന് വേണ്ടിയായിരുന്നില്ല കര്‍ണ്ണമൂര്‍ത്തി തെയ്യം കെട്ടിയത്. ഒരു ശരീരത്തിനാവശ്യമായ ഭക്ഷണം വിശ്രമം ഇത് തുടര്‍ച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ ആ ശരീരം പ്രതികരിച്ചുതുടങ്ങും. ഉത്തരമലബാറിലെ ഓരോ ആചാരക്കാരന്റെയും വിധിയാണത്.
അമ്പത്തിനാലാമത്തെ വയസ്സില്‍ കണ്ണന്‍ കര്‍ണ്ണമൂര്‍ത്തി മരിച്ചു. അദ്ദേഹത്തിന്റെ ഏട്ടനായ രാമന്‍നേണിക്കം അതിനും എത്രയോ മുന്‍പുതന്നെ മരിച്ചു. കര്‍ണ്ണമൂര്‍ത്തിയുടെ സന്തതസഹചാരിയായിരുന്ന രവി മണക്കാടന്‍ കടുത്ത രോഗത്തെത്തുടര്‍ന്ന് നേരത്തെതന്നെ തെയ്യത്തില്‍നിന്നും വിരമിച്ചു. രോഗം പിടികൂടാത്ത ശരീരവുമായി തെയ്യം കെട്ടുന്നവര്‍ ആരുമില്ലെന്നുതന്നെ പറയാം.
കാലിക്കടവിലെ കരക്കക്കാവില്‍ കോലമായിത്തന്നെ മരിച്ച കര്‍ണ്ണമൂര്‍ത്തിയെ കുടിയിരുത്തിയിട്ടുണ്ട്. തൃക്കരിപ്പൂരിലെ കന്നുവീട് കടപ്പുറത്ത്, ഖണ്ഡ കര്‍ണ്ണന്‍ പീഠത്തില്‍നിന്ന് വീണ് അതിദാരുണമായി പൊള്ളലേറ്റത് രണ്ടുവര്‍ഷം മുന്‍പാണ്. ഭീകരമായ മേലേരിയല്‍വീണ് തീ പൊള്ളലേല്‍ക്കുന്ന ഒറ്റക്കോലം ഒരു സാധാരണ കാഴ്ചയാണ്. ഇങ്ങനെയെത്രയെത്ര സംഭവങ്ങള്‍. ഇതൊന്നും ജനങ്ങള്‍ക്കൊരു വിഷയമല്ല.
തെയ്യത്തില്‍ വളരെ എളുപ്പത്തിലുള്ളതൊന്നുമില്ല. എല്ലാം തെയ്യക്കാരനെ കഷ്ടപ്പെടുത്തുന്നതാണ്. ആ കഷ്ടപ്പാടിനെ കോലക്കാരന്‍ ആന്തരികസാധനയിലൂടെ മറികടക്കണം. ഇതാണ് തെയ്യത്തിന്റെ രസതന്ത്രം. ഭാരമേറിയമുടി ഭീകരമായ തീപ്പന്തങ്ങള്‍ ഇതൊന്നുമില്ലാത്ത തെയ്യം കര്‍ണ്ണമൂര്‍ത്തിക്കില്ല.
കുന്നച്ചേരി പൂമാലക്കാവിലെ പുതിയ ഭഗവതി ആരെയും നടുക്കുന്ന കാഴ്ചയാണ്. തിളച്ചുമറിയുന്ന തീജ്വാലയില്‍ ഒരു തെയ്യം. അതാണ് പുതിയ ഭഗവതി. പുലര്‍ച്ചെ നാലുമണിമുതല്‍ വൈകുന്നേരം നാലുമണിവരെയാണ്. ഈ തെയ്യത്തിന്റെ ദൈര്‍ഘ്യം. കുറുവാപ്പള്ളി അറയിലെ ആയിറ്റിഭഗവതി. ഉണിക്കൂര്‍ കാവിലെ പൂമാരുതന്‍, കരക്കക്കാവിലെ കരക്കീല്‍ ഭഗവതി, ബീരിച്ചേരി മനയിലെ വേട്ടയ്‌ക്കൊരുമകന്‍ തുടങ്ങി എത്രയോ ദേവതകളെ കര്‍ണ്ണമൂര്‍ത്തിയുടെ അധഃകൃതശരീരത്തിലൂടെ ജനങ്ങള്‍ ദര്‍ശിച്ചു.
2004 ല്‍ തന്റെ ജീവിതത്തെ നിര്‍വചിച്ച ആചാരം കണ്ണന്‍ കര്‍ണ്ണമൂര്‍ത്തി മരുമകനായ ബാബുകര്‍ണ്ണമൂര്‍ത്തിക്ക് കൈമാറി. അവനെ തെക്കുംകര ബാബുകര്‍ണ്ണമൂര്‍ത്തിയാക്കി ആചാരപ്പെടുത്തിയപ്പോള്‍ ഒരു കാലഘട്ടത്തിന്റെ അരയില്‍ ചുറ്റിയ കച്ചും ചുരികയും അഴിച്ചെടുത്ത് പുതിയ കാലത്തിന് സമര്‍പ്പിക്കുകയായിരുന്നു. എല്ലുകള്‍ ദ്രവിച്ച് വിങ്ങി. കാലുകള്‍ വലിച്ച് മുടന്തി മുടന്തി, മരുമകന്റെ കൈ താങ്ങി, തന്റെയുള്ളിലുള്ളതെല്ലാം പുതിയ ആചാരക്കാരന് പകര്‍ന്നുകൊടുക്കുന്ന ഗുരു കളിയാട്ടക്കാവിലെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു. 2007 ജനുവരി 6ാം തീയ്യതി മംഗലാപുരത്തെ ആശുപത്രിയില്‍വച്ച് കൊടിയിലയിലെ ആ ദിവ്യതേജസ്സ് കെട്ടുപോയി.
ഇന്ന് തെക്കുംകര ബാബുകര്‍ണ്ണമൂര്‍ത്തിയുടെ കാലമാണ്. അമ്മാമന്‍ പകര്‍ന്നുതന്ന പഴമയുടെ സംസ്‌കാരവും താന്‍ നിലനില്‍ക്കുന്ന പുതിയ കാലവും അദ്ദേഹത്തിന്റെ പ്രയാണത്തെ സുഗമമാക്കില്ല. തെയ്യത്തിന്റെ അന്താരാഷ്ട്ര മാര്‍ക്കറ്റ്‌കൊണ്ട് ബാബുകര്‍ണ്ണമൂര്‍ത്തിക്ക് പ്രത്യേകിച്ച് മെച്ചമൊന്നുമില്ല. കണ്ണന്‍ കര്‍ണ്ണമൂര്‍ത്തിയുടെ അതേ ശാരീരികമികവും കെട്ടിക്കാഴ്ചയും ബാബുകര്‍ണ്ണമൂര്‍ത്തിക്കുണ്ട്. പക്ഷേ, തെയ്യം ഇതൊന്നുമല്ല. അത് ആന്തരികമായ ഒരു പരിവര്‍ത്തനമാണ്.
ബാബു കര്‍ണ്ണമൂര്‍ത്തിയുടെ ആദ്യത്തെ പെരുങ്കളിയാട്ടത്തില്‍ 2010 മാര്‍ച്ച് ആദ്യവാരത്തില്‍ 30 വര്‍ഷങ്ങള്‍ക്കുശേഷം നടക്കുന്ന തൃക്കരിപ്പൂര്‍ കണ്ണമംഗലം കഴകം പെരുങ്കളിയാട്ടത്തില്‍ ബാബു കര്‍ണ്ണമൂര്‍ത്തി നാല്‍പ്പത്തീരടി നീളമുള്ള തിരുമുടിയേന്തി. ഇവിടുത്തെ ഓരോ ആചാരക്കാരനേയും കാത്തിരിക്കുന്ന രോഗത്തിന്റെയും പീഡനത്തിന്റെയും ദുര്‍മൂര്‍ത്തികള്‍ ബാബുകര്‍ണ്ണമൂര്‍ത്തിയെ വെറുതെ വിടണമെന്നില്ല. അമ്മാവന്റെ ഐതിഹാസികജീവിതവും ദുരിതജീവിതവും മരുമകന്റെ മുന്നിലുണ്ട്.
ഉത്തരമലബാറിലെ ആചാരക്കാര്‍ ഏറ്റെടുക്കുന്ന സ്വയം ബലിയാണ് തെയ്യങ്ങള്‍. മാറിയ കാലത്തിനൊത്ത് മാറാന്‍ പറ്റാത്ത ഈ ആചാരക്കാരുടെ മുകളില്‍ നമ്മുടെ സമൂഹത്തിന് യാതൊരു ഉത്തരവാദിത്വവുമില്ല. കളിയാട്ടക്കാവിനുപുറത്ത് കോലക്കാര്‍ ഇപ്പോഴും കടുത്ത അവഗണനയേല്‍ക്കുന്നുണ്ട്. രോഗബാധിതരായി പിന്‍മാറിക്കഴിഞ്ഞാല്‍ ഇവരെ ആരും തിരിഞ്ഞുനോക്കില്ല. നമ്മള്‍ എപ്പോഴും അരങ്ങിലെ തെയ്യത്തെ മാത്രമേ കാണുന്നുള്ളു. അതിനപ്പുറം കുടുംബജീവിതവും സാമൂഹ്യജീവിതവുമുള്ള ഒരു മനുഷ്യനെ ആരാണ് പരിഗണിക്കുന്നത്.