| Tuesday, 24th July 2012, 4:51 pm

വറുതികാലത്തെ തെയ്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പിന്നീടെപ്പോഴോ തെയ്യങ്ങളും തെയ്യക്കാരും ജീവിതത്തിന്റെ ഭാഗമായി

കാലിഡോസ്‌കോപ്പ് / പ്രകാശ് മഹാദേവഗ്രാമം

കരിയിലകള്‍ വീണുകിടക്കുന്ന ഇരുട്ട് കൂടുകെട്ടിയ കാനപ്പാടുകളും ഇടവഴികളും കഥകളിലൂടെ പകര്‍ന്ന് തന്നത് ഭീതിയാണ്. ഇടയ്‌ക്കെപ്പോഴോ കേള്‍ക്കുന്ന വെള്ളോട്ടിന്‍ ചിലമ്പിന്റെ ശബ്ദം യക്ഷഗന്ധര്‍വ്വ കിന്നരന്മാരുടെതാണെന്ന് പറഞ്ഞത് മുത്തശ്ശിക്കഥകള്‍. പിന്നീടെപ്പോഴോ തെയ്യങ്ങളും തെയ്യക്കാരും ജീവിതത്തിന്റെ ഭാഗമായി. പകലും രാത്രിയുമില്ലാതെ വേഷപ്പൊലിമയ്ക്കും ചടുലചലനങ്ങള്‍ക്കുമൊപ്പം ക്യാമറയുമായി സഞ്ചരിച്ചു.

[]

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ കളിയാട്ടത്തില്‍ തുടങ്ങി മന്ദമ്പുറത്ത് കാവിലെ കലശത്തോടെ അവസാനിക്കുന്നതാണ് വടക്കെ മലബാറുകാര്‍ക്ക് ഒരു തെയ്യക്കാലം. മഴ പെയ്‌തൊഴിയാത്തെ ആറുമാസം തെയ്യക്കാര്‍ക്ക് വറുതികാലമാണ്.

തുന്നപ്പണി, കുട നന്നാക്കല്‍, വൈദ്യം ഇങ്ങനെ കുറേ വേഷം കെട്ടലുകളുണ്ട് വറുതിക്കാലത്തില്‍. ഹിരണ്യകശിപുവിന്റെ മാറ് പിളര്‍ക്കുന്ന നരസിംഹാവതാരമായ വിഷ്ണുമൂര്‍ത്തിയുടെ കോലം കെട്ടുന്ന മൊഴി എന്ന പെരുവണ്ണാനെ കണ്ടത് ഇപ്പോഴും മറന്നിട്ടില്ല. മഴചാറ്റലിലേക്ക് കാല്‍നീട്ടി കറുപ്പിന്റെ ഇസ്തിരിപ്പീടികക്ക് മുന്നിലിരുന്ന് നിസ്സംഗനായി കുടതുന്നുന്നതാണ് ആ കാഴ്ച.

ദൈവമായും ദലിതനായും വേഷപ്രച്ഛന്നനാവുക എന്നത് ഓരോ തെയ്യക്കാരന്റെയും ജന്മനിയോഗമാണ്. പാലോട്ട് ദൈവത്തിന്റെ മുഖത്തെഴുത്ത് പോലെ സങ്കീര്‍ണ്ണമായ ജീവിതയാത്രകളാണ് തെയ്യക്കാരുടേത്. ദാരിദ്ര്യത്തിന്റെ ദുരിത പാഠങ്ങള്‍. കളിയാട്ടങ്ങളും തെയ്യങ്ങളും ഇന്ന് വിപണിയുടെ ഭാഗമാണ്. തെയ്യക്കാരും ഇതില്‍ നിന്ന് വിഭിന്നരല്ല. തെയ്യങ്ങള്‍ക്ക് മാത്രമായി സമര്‍പ്പിച്ച ഈ ജീവിതങ്ങളെ അതുകൊണ്ടുമാത്രം അതിന് പിന്നില്‍ ഒളിപ്പിച്ച് നിര്‍ത്താനാവില്ല.

തെയ്യക്കാര്‍ വടക്കെ മലബാറുകാര്‍ക്ക് ഏതെങ്കിലും ഒരു വ്യക്തിയുടെ പേരല്ല. ആരാധനയുടെയും ഭക്തിയുടെയും ഭീതിയുടെയും സമ്മിശ്രവികാരമുണര്‍ത്തുന്ന ഒരു ലഹരിയാണ്. വേഷപ്പൊലിമ കൊണ്ടും ചടുലചലനങ്ങള്‍കൊണ്ടും മുഖസാധകം കൊണ്ടും ആള്‍ക്കൂട്ടത്തെ കൂടി കൊണ്ടുനടക്കുന്ന മാന്ത്രികരാണ്.

Phone: +91 9895 238 108

പ്രകാശ് മഹാദേവഗ്രാമത്തിന്റെ മറ്റു കാലിഡോസ്‌കോപ്പികള്‍:

അമ്മ

ലോണ്‍ലിനെസ്സ്

ബേര്‍ണിങ് ലൈഫ്

എ ലൈഫ് ലൈക്ക് എ റിവര്‍

We use cookies to give you the best possible experience. Learn more