വടക്കന്‍ കേരളത്തിന്റെ സാസ്ംകാരിക അടയാളങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ള കലാരൂപമാണ് തെയ്യം. പുറമെനിന്ന് കാണുന്നവര്‍ക്ക് തെയ്യം ഒരു കലയാണെങ്കിലും വിശ്വാസികളെ സംബന്ധിച്ച്, ദൈവവുമായി സംവദിക്കാനുള്ള ഒരു സാധ്യതയും മരിച്ചുപോയ പൂര്‍വികരെ ഓര്‍ക്കാനുള്ള അവസരവുമൊക്കെയാണ് ഈ അനുഷ്ഠാനം.
ക്ലാസ്സിക്ക് കലകളെക്കാള്‍ പരിഗണനയും പ്രാധാന്യവും അര്‍ഹിക്കുന്നുണ്ടെങ്കിലും തെയ്യവും തെയ്യക്കാരനും കാലങ്ങളായി അനുഭവിക്കുന്ന കഷ്ടതകളില്‍ തന്നെയാണിപ്പോഴും. ജാതീയമായ ഉച്ഛനീചത്വങ്ങള്‍ക്കെതിരെ ഒരുകാലത്ത് നിലനിന്നിരുന്ന ശക്തമായ കലാപമായിരുന്നു തെയ്യങ്ങള്‍. എന്നാല്‍ ഈ കലാരൂപം ഇന്ന് ജാതീയമായ ശ്രേണികള്‍ക്കകത്ത് തന്നെ നില്‍ക്കുന്നു എന്നത് വിരോധാഭാസമാണ്. ലിഖിതമായ നിയമങ്ങളോ, ചിട്ടവട്ടങ്ങളോ ഇല്ലാത്ത ഈ കല, കാലങ്ങളായുള്ള ഹിന്ദുത്വവല്‍ക്കരണ പ്രവണതകളുടെ ഭാഗമായി പതിയെ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. തെയ്യത്തില്‍ പുതിയ കഥകള്‍ കൊണ്ടുവന്നും നിലവിലുള്ള തെയ്യത്തിന് പുതിയ വ്യാഖ്യാനങ്ങളുണ്ടാക്കിയും ബ്രാഹ്മണവത്കരണ അജന്‍ഡകള്‍ തകൃതിയായി നടപ്പാക്കുകയാണ്.
ഏറെ പരിഗണന അര്‍ഹിക്കുന്ന ഈ കല സംരക്ഷിക്കാനോ വേണ്ടരീതിയില്‍ പുറംലോകത്തെത്തിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മശ്രീ തുടങ്ങിയ ബഹുമതികള്‍ ഒരു തെയ്യം കലാകാരനും ഇതുവരെ കിട്ടിയിട്ടില്ല എന്നത് ഈ കലയും കലാകാരനും ഇപ്പോളും വിവേചനങ്ങളുടെ തെളിവാണ്.