മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെയും അവര്‍ അറസ്റ്റു ചെയ്‌തേനെ: സാമൂഹികപ്രവര്‍ത്തകരുടെ അറസ്റ്റില്‍ രോഷം പ്രകടിപ്പിച്ച് രാമചന്ദ്ര ഗുഹ
national news
മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെയും അവര്‍ അറസ്റ്റു ചെയ്‌തേനെ: സാമൂഹികപ്രവര്‍ത്തകരുടെ അറസ്റ്റില്‍ രോഷം പ്രകടിപ്പിച്ച് രാമചന്ദ്ര ഗുഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th August 2018, 10:23 pm

മുംബൈ: സാമൂഹ്യപ്രവര്‍ത്തകരുടെ വ്യാപക അറസ്റ്റിനെത്തുടര്‍ന്ന് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ക്രൂരവും അധികാരസ്ഥാപനപരവുമായ നിയമവിരുദ്ധ നീക്കമാണ് മഹാരാഷ്ട്ര പൊലീസിന്റേതെന്നാണ് ഗുഹയുടെ പ്രസ്താവന. സര്‍ക്കാരിന്റെ ഉറ്റതോഴന്മാരായ കോര്‍പ്പറേറ്റുകളാണ് എഴുത്തുകാര്‍ക്കും ധൈഷണികര്‍ക്കുമെതിരെയുള്ള ഈ നടപടികള്‍ക്കു പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു.

“ആദിവാസികളുടെ ഭൂമിയും വനവും വിഭവങ്ങളും കൈയേറുന്ന കോര്‍പ്പറേറ്റു ശക്തികളാണ് ഇതിലെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റിലൂടെ, ആദിവാസികള്‍ക്കു വേണ്ടി നിലവില്‍ ഉയരുന്ന ശബ്ദങ്ങളും ഇല്ലായ്മ ചെയ്യുക എന്നതാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്.” ഗുഹ മാധ്യമങ്ങളോടു പറഞ്ഞു.

രാജ്യത്തൊട്ടാകെ ഒന്‍പതു സാമൂഹിക പ്രവര്‍ത്തകരുടെ വീടുകളിലാണ് പൂനെ പൊലീസ് റെയ്ഡ് നടത്തിയത്. വരാവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെറാറിയ, ഗൗതം നവ്‌ലാഖ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. 2017ല്‍ നടന്ന ഭീമ-കോര്‍ഗാവ് അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകളെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

 

Also Read: “ചാണകത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തി”; നടന്‍ പ്രകാശ് രാജിനെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകന്റെ പരാതി

 

സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, ഷോമ സെന്‍ എന്നീ അഞ്ചു പേരെ ഇതേ കേസില്‍ ജൂണില്‍ അറസ്റ്റു ചെയ്തിരുന്നു. ഭീമ കോര്‍ഗാവ് ഗ്രാമത്തില്‍ വച്ച് ഇവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ചാണ് ഇപ്പോള്‍ റെയ്ഡുകള്‍ നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറസ്റ്റിലായവരില്‍ ചിലരെ തനിക്ക് വ്യക്തിപരമായി പരിചയമുണ്ടെന്നും, അവരുമായി ചിലപ്പോഴെല്ലാം അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ക്കൂടി, അവരാരും അക്രമങ്ങളെ പിന്താങ്ങുന്നവരല്ലെന്നറിയാമെന്നും ഗുഹ പറയുന്നു.

“രാജ്യത്തെ അധഃകൃതരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും പ്രതിനിധീകരിക്കുന്നവരാണിവര്‍. അറസ്റ്റിലായ അഭിഭാഷകരെല്ലാവരും ആദിവാസിപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും വാദിക്കുകയും ചെയ്തിട്ടുള്ളവരാണ്. ഇവര്‍ അറസ്റ്റിലായതോടെ ആദിവാസികളെ പ്രതിനിധീകരിക്കാന്‍ ആരുമില്ലാതാവുകയാണ് ചെയ്തത്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Also Read: ഇത് അടിന്തരാവസ്ഥ പ്രഖ്യാപനത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന അവസ്ഥ: സാമൂഹിക പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ അരുന്ധതി റോയ്

 

“മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം തന്റെ വക്കീല്‍ക്കുപ്പായമണിഞ്ഞ് കോടതിയിലെത്തി സുധാ ഭരദ്വാജിനു വേണ്ടി വാദിച്ചേനെയെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയയാളെന്ന നിലയില്‍ എനിക്കുറപ്പാണ്. പക്ഷേ, മോദി സര്‍ക്കാര്‍ അദ്ദേഹത്തെയും അറസ്റ്റു ചെയ്തില്ലെങ്കില്‍ മാത്രം.” അറസ്റ്റുകളോട് പ്രതികരിച്ചുകൊണ്ട് ട്വിറ്ററിലെഴുതിയ കുറിപ്പില്‍ ഗുഹ പറയുന്നു.

അരുന്ധതി റോയിയടക്കം നിരവധി പേരാണ് അറസ്റ്റുകളില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുള്ളത്.