അവര്‍ക്ക് രാജ്യത്തിന്റെ വായ അടപ്പിക്കണം; ഇന്ത്യ ഇത്ര ദുഷ്‌ക്കരമായ ഒരവസ്ഥ അഭിമുഖീക്കരിക്കുമെന്ന് ഗാന്ധിപോലും കരുതിക്കാണില്ല; കേന്ദ്രത്തിനെതിരെ സോണിയ ഗാന്ധി
ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി.
ആളുകള്‍ പരസ്പരം യുദ്ധം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ശക്തികള്‍ രാജ്യത്ത് വിദ്വേഷത്തിന്റെ വിഷം പടര്‍ത്തുകയാണെന്ന് സോണിയ പറഞ്ഞു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലാണെന്നും ജനാധിപത്യം നശിപ്പിക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. മോദി സര്‍ക്കാരിനെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.
ഇന്ത്യയിലെ ജനങ്ങളും നമ്മുടെ ഗോത്രവര്‍ഗക്കാരും സ്ത്രീകളും യുവാക്കളും വായ അടച്ചിരിക്കണമെന്ന് അത്തരത്തിലുള്ള ശക്തികള്‍ ആഗ്രഹിക്കുന്നുവെന്നും സോണിയാ ഗാന്ധി പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനിപ്പുറത്തും നമ്മുടെ ജനാധിപത്യവും ഭരണഘടനയും ഭീഷണിയിലായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നമ്മുടെ രാജ്യം ഇത്രയും ദുഷ്‌കരമായ ഒരു അവസ്ഥ അഭിമുഖീകരിക്കുമെന്ന് മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ബി.ആര്‍ അംബേദ്കര്‍ എന്നിവരുള്‍പ്പെടെ നമ്മുടെ പൂര്‍വ്വികര്‍ ആരും കരുതിക്കാണില്ലെന്നും സോണിയ പറഞ്ഞു.
രാജ്യത്തെ ജനാധിപത്യത്തില്‍ സ്വേച്ഛാധിപത്യത്തിന്റെ സ്വാധീനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
നേരത്തെ സംസ്ഥാനങ്ങള്‍ക്ക് ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് സോണിയാ ഗാന്ധി രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്നായിരുന്നു സോണിയ പറഞ്ഞത്.
സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്നു പറഞ്ഞ 14 ശതമാനം ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്നില്ല എന്നു പറയുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വിശ്വാസ വഞ്ചനയാണെന്നും സംസ്ഥാന സര്‍ക്കാരുകളെയും ജനങ്ങളെയും ചതിക്കുന്നതില്‍ കൂടുതലല്ല ഈ നടപടിയെന്നും സോണിയാ ഗാന്ധി പറഞ്ഞിരുന്നു.\
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക