ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ വിഷയത്തില്‍ അന്താരാഷ്ട്രമാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളെക്കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. രാഹുല്‍ ഗാന്ധിയുടെ ശബ്ദത്തെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും എന്നാല്‍ ലോകം മുഴുവന്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ഇന്ത്യയുടെ ശബ്ദമാണെന്നുമാണ് തരൂര്‍ പറഞ്ഞത് .
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദ ഗാര്‍ഡിയന്‍ ഓസ്‌ട്രേലിയ, ദ ന്യൂയോര്‍ക്ക് ടൈംസ്, ദ വാഷിങ്ടണ്‍ പോസ്റ്റ്, ബി.ബി.സി, സി.എന്‍.എന്‍ ബ്രസീല്‍, ഫ്രാന്‍സില്‍ നിന്നുള്ള ആര്‍.എഫ്.ഐ, സൗദി അറേബ്യയില്‍ നിന്നുള്ള അഷ്‌റാഖ് ന്യൂസ് എന്നീ അന്താരാഷ്ട്രമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് സംബന്ധിച്ച് വന്ന വാര്‍ത്തകളെക്കുറിച്ചുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാം രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നിന്നും രാഹുലിന് അനുകൂലമായ അഭിപ്രായങ്ങളുയര്‍ന്നു.
രാഹുലിനെ പാര്‍ലമെന്റില്‍ നിന്നും അയോഗ്യനാക്കിയ നടപടി ഗാന്ധിയന്‍ തത്വങ്ങള്‍ക്കും ഇന്ത്യയുടെ മൂല്യങ്ങള്‍ക്കും ആഴത്തിലേറ്റ മുറിവാണെന്നാണ് അമേരിക്കന്‍ സെനറ്റ് അംഗവും ഇന്ത്യന്‍ വംശജനുമായ റോ ഖന്ന പ്രതികരിച്ചത്. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാഹുലിന്റെ വിലക്ക് പിന്‍വലിക്കാന്‍ മോദി തയ്യാറാകണമെന്നും റോ ഖന്ന ട്വീറ്റ് ചെയ്തു.
അയോഗ്യതാ വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
രാജ്യത്ത് ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ ബി.ജെ.പി മന്ത്രിമാര്‍ തനിക്കെതിരെ വ്യാജപ്രചരണം നടത്തിയെന്നും മറുപടി പറയാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
മോദി അദാനി ബന്ധത്തെ കുറിച്ച് ഇനിയും ചോദ്യങ്ങള്‍ ചോദിക്കുമെന്നും അവരെ താന്‍ ഭയപ്പെടുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കി ജയിലിലടച്ച് നിശബ്ദനാക്കാമെന്ന് വിചാരിക്കേണ്ടെന്നും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: ‘They tried to silence a voice. Now every corner of the world hears the voice of India’: tharoor