|

'അവര്‍ പശുക്കളെ കൊന്നു, ഞങ്ങള്‍ അവരെയും കൊന്നു'; ആല്‍വാര്‍, ഹാപൂര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളിലെ പ്രതികള്‍ ക്യാമറയ്ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാപൂര്‍, ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതികളുമായുള്ള സംഭാഷണമടങ്ങിയ റിപ്പോര്‍ട്ടുമായി എന്‍.ഡി.ടി.വി ആര്‍.എസ്.എസിനെ കുറിച്ചും ഹിന്ദുത്വസംഘടനകളെ കുറിച്ചും ഗവേഷണം നടത്തുന്നുവെന്ന വ്യാജേന പ്രതികളെ സമീപിച്ച വാര്‍ത്ത സംഘത്തിന് മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പ്രതികള്‍ നടത്തിയത്.

ഹാപൂര്‍

ജൂണ് മാസം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ കൊല്ലപ്പെട്ട കാസിം ഖുറൈശിയുടെ ഖാതകരെയാണ് എന്‍.ഡി.ടി.വി സംഘം ആദ്യം കാണാന്‍ പോയത്. 45 കാരനായ കാസിമിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കാസിമിനൊപ്പമുണ്ടായിരുന്ന സമീഉദ്ദീന്‍ എന്ന 65കാരനെയും ഗോരക്ഷകര്‍ ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. കേസില്‍ ഇതുവരെ 9 പേരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ക്കെതിരെ കൊലപാതകത്തിനും കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനുമായിരുന്നു കേസെടുത്തിരുന്നത്. ഇതില്‍ നാലുപേര്‍ ജാമ്യത്തിലിറങ്ങിയിരുന്നു. നിരപരാധികളാണെന്നും കേസില്‍ പങ്കില്ലെന്നുമായിരുന്നു ഈ പ്രതികള്‍ കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍ എ.ഡി.ടി.വി സംഘത്തിന്റെ ഒളിക്യാമറയ്ക്ക മുന്നില്‍ കാസിമിനെ അടിച്ചുകൊന്ന സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

രാകേഷ് സിസോദിയ

എഫ്.ഐ.ആര്‍ പ്രകാരം രാകേഷും മറ്റു എട്ടുപേരും ചേര്‍ന്നാണ് കാസിമിനെയും സമീഉദ്ദീനെയും വടി ഉപയോഗിച്ച് അടിച്ചതെന്ന് പറയുന്നു. എന്നാല്‍ ജാമ്യമപേക്ഷിച്ചു കൊണ്ട് രാകേഷ് കോടതിയില്‍ പറഞ്ഞിരുന്നത് താന്‍ സംഭവ സ്ഥലത്ത് പോലുമില്ലെന്നായിരുന്നു.

“”അവര്‍ പശുക്കളെ കൊല്ലുകയായിരുന്നു, ഞങ്ങള്‍ അവരെയും കൊന്നു. ഞാന്‍ വളരെയധികം സന്തോഷവാനാണ്. ഇനിയും ആയിരങ്ങളെ കൊല്ലാനും ആയിരം വട്ടം വേണമെങ്കില്‍ ജയിലില്‍ പോകാനും റെഡിയാണ്. കൊല്ലപ്പെട്ടയാള്‍ പശുക്കടത്തുകാരനാണെന്ന് ആദ്യം മനസിലായിരുന്നില്ല. കാസിമിനെ കൊന്നെന്ന് ഞാന്‍ ജയിലറോടും പറഞ്ഞു.

രാകേഷ് സിസോദിയ സിന്ദാബാദ് എന്ന് വിളിച്ചുകൊണ്ട് നായകനെ പോലെയാണ് ഞാന്‍ ജയിലില്‍ നിന്നിറങ്ങിയത്. എനിക്ക് വളരെ അഭിമാനം തോന്നി. എന്റെ ആള്‍ക്കാര്‍ ഈ പശുകൊലപാതകികളെ ഇനിയും കൊല്ലാന്‍ തയ്യാറാണ്. പശുവിന് വേണ്ടി ബലിദാനിയാവാനും തയ്യാറാണ്. “”

രാകേഷ് സിസോദിയ

കാസിം വെള്ളം ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, നിനക്ക് വെള്ളം കിട്ടാന്‍ യോഗ്യതയില്ല, എന്റെ സേന ഇന്ന് നിന്നെ വെറുതെ വിടില്ല. കാസിം അല്ല സമീഉദ്ദീന്‍ മരിക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ കാസിമാണ് മരിച്ചത്.

തന്റെ ആളുകള്‍ കൊലപാതകത്തിന്റെ വീഡിയോ എടുത്തുവെന്നത് മാത്രമാണ് ഒരു പിഴവായി രാകേഷ് പറഞ്ഞത്. “വീഡിയോ എടുക്കരുതെന്ന് പറഞ്ഞത് കുട്ടികള്‍ കേട്ടിരുന്നില്ല. അടുത്ത പ്രാവശ്യം വീഡിയോ എടുക്കില്ല”.

പൊലീസ് തങ്ങള്‍ക്ക് അനുകൂലമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പുതിയ സര്‍ക്കാര്‍ വന്നത് കൊണ്ടാണ് ഇത്ര സഹായം കിട്ടിയതെന്നും രാകേഷ് പറഞ്ഞു.

അസംഖാനെ പോലെയൊരാള്‍ ഇപ്പോള്‍ മന്ത്രിയായിട്ടുണ്ടെങ്കില്‍ തങ്ങളുടെ ജീവിതം നരകമാവുമായിരുന്നു. കാസിമിന്റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കും. ഞങ്ങളുടെ സഹോദരന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്.

ആല്‍വാര്‍-രാജസ്ഥാന്‍

രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ തലസ്ഥാനമെന്ന് വേണമെങ്കില്‍ രാജസ്ഥാനെയും ആല്‍വറിനെയും വിശേഷിപ്പിക്കാം. നിരവധി പേരെയാണ് ഇവിടെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. ഇതില്‍ ഏറ്റവും ക്രൂരമായിരുന്നു ക്ഷീരകര്‍ഷകനായ പെഹ്ലുഖാന്റെ കൊലപാതകം. പശുക്കളെ അറുക്കാന്‍ കൊണ്ടു പോകുകയായിരുന്നുവെന്ന് ആരോപിച്ചാണ് പെഹ്ലുവിനെയും സംഘത്തെയും ഗോരക്ഷകര്‍ ആക്രമിച്ചിരുന്നത്.

പെഹ്ലുഖാന്‍

പോറ്റാനായാണ് പെഹ്ലു ഖാന്‍ പശുക്കളെ കൊണ്ടു പോയതെന്നും ഇതിന് പേപ്പറുകളുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു. 9 പേരെയാണ് കേസില്‍ പൊലീസ് പ്രതി ചേര്‍ത്തിരുന്നത്. നാല് മാസത്തിന് ശേഷം എല്ലാവരെയും കോടതി ജാമ്യത്തില്‍ വിട്ടു. മതിയായ തെളിവുകളില്ലെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്.

ഹാപൂരിലേത് പോലെ തന്നെ കൊലയില്‍ പങ്കില്ലെന്നായിരുന്നു ഈ പ്രതികളും കോടതിയില്‍ വാദിച്ചിരുന്നത്.

വിപിന്‍ യാദവ്

ബെഹ്‌റോര്‍ നഗരത്തില്‍ വെച്ചാണ് എന്‍.ഡി.ടി.വി സംഘം വിപിന്‍ യാദവിനെ കണ്ടത്. ആദ്യം അറസ്റ്റ് ചെയത് കൂട്ടത്തില്‍ വിപിന്‍ ഇല്ലായിരുന്നു. പെഹ്ലുഖാനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ നിന്നാണ് വിപിനെ തിരിച്ചറിഞ്ഞിരുന്നത്.

വിപിന്‍ യാദവ്

പെഹ്ലുഖാന്‍ അടിച്ചുകൊന്ന സംഘത്തില്‍ താനുമുണ്ടായിരുന്നുവെന്ന് വിപിന്‍ പറയുന്നു. പെഹ്ലുഖാന്റെ വാഹനം തടഞ്ഞതും ചാവി എടുത്തുകൊണ്ടു പോയതും വിപിനായിരുന്നു. വൈകിയെത്തിയ പൊലീസ് ഇക്കാര്യമൊന്നും പരിശോധിക്കാതെ കുറച്ചുപേരെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു.

ഒന്നര മണിക്കൂറുകളോളം ഞങ്ങള്‍ പെഹ്ലുവിനെ അടിച്ചു. ആദ്യം പത്തോ ഇരുപതോ പേരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ പിന്നെ അത് അഞ്ഞൂറായി. പെഹ്ലുവിനെ എത്ര തവണ അടിച്ചെന്ന് കണക്കില്ലായിരുന്നു. രണ്ട് ട്രക്കുകളുടയെും ചാവി എന്റെ കീശയിലായിരുന്നു. ബൈക്ക് വെച്ചാണ് പെഹ്ലുഖാന്റെ ട്രക്കുകള്‍ തടഞ്ഞത്. പൊലീസ് വളരെ വൈകിയാണ് എത്തിയത്. അതുകൊണ്ട് ഞങ്ങള്‍ ആദ്യം തന്നെ രക്ഷപ്പെട്ടിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ സൗരഭ് ശുക്ലയും ക്യാമറ പെഴ്‌സണ്‍ അശ്വിന്‍ മെഹ്‌റയുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.