| Sunday, 20th February 2022, 6:37 pm

അഖിലേഷ് യാദവിന് ബിന്‍ ലാദനോട് സിമ്പതി, വിളിക്കുന്നത് പോലും 'ഒസാമ ജി' എന്ന്: മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പിനിടെ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാജ്‌വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും തീവ്രവാദികളോട് സിമ്പതിയാണെന്നും തീവ്രവാദികള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു മോദി പറഞ്ഞത്.

2008ല്‍ അഹമ്മദാബാദില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രതികരണം.

58 പേര്‍ മരിക്കുകയും 200ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളായ തീവ്രവാദികള്‍ക്ക് വേണ്ടിയാണ് മുന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിലകൊണ്ടതെന്നും മോദി പറഞ്ഞു. അവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാനാണ് അഖിലേഷ് യാദവ് ശ്രമിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

‘സമാജ്‌വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കളുടെ മനോഭാവം കൂടുതല്‍ ഭയാനകമാവുകയാണ്. ഒസാമ ബിന്‍ ലാദനെ പോലെയുള്ള തീവ്രവാദിയെ ഇക്കൂട്ടര്‍ ജി എന്നാണ് അഭിസംബോധന ചെയ്യുന്നത്.

ബട്‌ല ഹൗസ് ഏറ്റുമുട്ടലില്‍ തീവ്രവാദികളെ ഉന്‍മൂലനം ചെയ്തപ്പോള്‍ ഇക്കൂട്ടര്‍ കരയുകയായിരുന്നു,’ മോദി പറഞ്ഞു.

ഇത്തരത്തില്‍ 14 വിവിധ കേസുകളില്‍ അകപ്പെട്ട തീവ്രവാദികള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ മുന്‍ സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു എന്ന് പറഞ്ഞ മോദി ഒന്നിനു പിന്നാലെ ഒന്ന് എന്ന രീതിയില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികളെ അഖിലേഷ് നിയമത്തിന് മുമ്പില്‍ കൊണ്ടുവന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ധ്രുവീകരണവും ഹിന്ദു-മുസ്‌ലിം വിഭാഗീയതയും നിറഞ്ഞതായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പെയ്ന്‍.

അഖിലേഷ് യാദവും അദ്ദേഹത്തിന്റെ മുന്‍ഗാമികളും പാകിസ്ഥാനെയും ജിന്നയെയും പിന്തുണയ്ക്കുന്നവരാണെന്നും അഖിലേഷിന്റെ അച്ഛന്‍ മുലായം സിംഗ് യാദവ് ‘മൗലാനാ മുലായം’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും മോദി പറഞ്ഞു.

സംസ്ഥാനത്തെ ഭോജ്പൂര്‍ അസംബ്ലി മണ്ഡലത്തെ ‘ഇസ്‌ലമാബാദ്’ ആക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് യോഗി ആദിത്യനാഥും ആരോപിച്ചിരുന്നു.

സമാജ്‌വാദി പാര്‍ട്ടി പ്രീണന രാഷട്രീയമാണ് കളിക്കുന്നതെന്നും, ഇത്തരത്തില്‍ പ്രീണന രാഷ്ട്രീയം കളിച്ച് തങ്ങളുടെ ഉത്സവങ്ങളും ആഘോഷങ്ങളും മുടക്കുന്നവര്‍ക്കുള്ള മറുപടി മാര്‍ച്ച് 10ന് ലഭിക്കുമെന്നും മോദി പറഞ്ഞു.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ 20നായിരുന്നു അഖിലേഷ് യാദവിന്റെ മണ്ഡലത്തില്‍ വോട്ടെടുപ്പ് നടന്നത്. മാര്‍ച്ച് 3നാണ് യോഗിയുടെ മണ്ഡലമായ ഖൊരഗ്പൂരില്‍ തെരഞ്ഞെടുപ്പ്.

മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Content Highlight: “They Say Osama-Ji“: PM Modi Slams Samajwadi Party
We use cookies to give you the best possible experience. Learn more