| Sunday, 12th February 2023, 7:22 pm

നീയൊന്നും ഇവിടെ ഇരിക്കേണ്ടവനല്ലടായെന്ന് അവര്‍ പറഞ്ഞു, അതെ ഞാന്‍ അവിടെ ഇരിക്കേണ്ടവനായിരുന്നില്ല: സുഷിന്‍ ശ്യാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സംഗീതാസ്വാദനത്തെ പുതിയ തലത്തിലേക്ക് എത്തിച്ച യുവ സംഗീത സംവിധായകനാണ് സുഷിന്‍ ശ്യാം. സുഷിന്റെ പാട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. സുഷിന്‍ ശ്യാം ഇന്ന് മലയാള സംഗീത ലോകത്ത് ഒരു ബ്രാന്റായി മാറിയിരിക്കുകയാണ്.

എന്നാല്‍ തന്റെ കരിയര്‍ ഉപേക്ഷിച്ച് സംഗീത ജീവിതം തെരഞ്ഞെടുത്തതിന് പിന്നിലുള്ള കഥ തുറന്ന് പറയുകയാണ് സുഷിന്‍. മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സുഷിന്‍ തന്റെ ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനത്തെക്കുറിച്ച് പറഞ്ഞത്.

‘ജീവിതത്തില്‍ എടുത്ത ഏറ്റവും റിസ്‌ക് നിറഞ്ഞ തീരുമാനം എന്‍ജിനിയറിങ് ജീവിതം ഉപേക്ഷിച്ചതാണ്. പപ്പയുടെ സഹോദരിയുടെ താല്‍പര്യമായിരുന്നു എന്നെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുക എന്നത്. കമ്പ്യൂട്ടറിനോടുള്ള ഇഷ്ടം കൊണ്ട് എന്‍ജിനിയറിങും തെരഞ്ഞെടുത്തു. ഇത് എനിക്ക് പറ്റിയതല്ലെന്ന് മനസിലാക്കിയപ്പോള്‍ അത് ഉപേക്ഷിക്കുകയായിരുന്നു.

ഒന്നരക്കൊല്ലം മാത്രമേ ഞാന്‍ അവിടെ ചെലവഴിച്ചുള്ളൂ. ഒരുകൊല്ലം പഠിച്ചതില്‍ എട്ടില്‍ ഏഴ് വിഷയത്തിലും തോറ്റു. അതുകൊണ്ട് വീണ്ടും പഠിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ജൂനിയര്‍സിന്റെ കൂടെയുള്ള പഠനം ഭയങ്കര അപമാനകരമായിരുന്നു. നീയൊന്നും ഇവിടെ ഇരിക്കേണ്ടവനല്ലട എന്ന് അധ്യാപകരും പറഞ്ഞു. അത് ശരിയായിരുന്നു. ഞാന്‍ അവിടെ ഇരിക്കേണ്ടവനല്ലായിരുന്നു. അതോടെ ബാഗും പാക്ക് ചെയ്ത് ഞാന്‍ ഇറങ്ങി.

ഇത് വീട്ടില്‍ വിളിച്ച് പറഞ്ഞപ്പോള്‍ പപ്പ പെട്ടെന്ന് വീട്ടിലേക്ക് വന്നോളൂ എന്നാണ് പറഞ്ഞത്. എന്റെ മനസില്‍ എന്താണെന്ന് അറിയാത്തതില്‍ പപ്പക്ക് പേടിയായിരുന്നു. ആദ്യത്തെ തവണ ട്രൈ ചെയ്തപ്പോള്‍ പപ്പ ഒന്നുകൂടി ശ്രമിക്കാന്‍ പറഞ്ഞു. രണ്ടാമതും പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ വീട്ടിലേക്ക് വന്നോളൂ എന്നാണ് പറഞ്ഞത്.

എന്നാല്‍ ആന്റിക്ക് അത് ചെറിയൊരു പ്രശ്‌നമായിരുന്നു. ഞാന്‍ ഉഴപ്പിയത് കൊണ്ടാണെന്നാണ് ആന്റി കരുതിയത്. പഠിക്കുന്നതില്‍ ഞാന്‍ കുറച്ച് ഉഴപ്പനുമായിരുന്നു. എന്റെ ഇഷ്ടങ്ങളെല്ലാം പാട്ടിലായിരുന്നു. ഞാന്‍ ബെംഗളൂരിലായപ്പോഴും ബാന്‍ഡ് മുട്ടാന്‍ പോകാറുണ്ടായിരുന്നു. ഞാന്‍ പരീക്ഷയുടെ തലേന്ന് പോലും പരിപാടികള്‍ക്ക് പോകും. എന്നാല്‍ എന്റെ അവസ്ഥ കൃത്യമായി പറഞ്ഞ് കൊടുത്തപ്പോള്‍ എല്ലാവര്‍ക്കും ഞാനെടുത്ത തീരുമാനം മനസ്സിലായി’. സുഷിന്‍ പറഞ്ഞു.

CONTENT HIGHLIGHT: They said you are not supposed to be here, yes I was not supposed to be there: Sushin Shyam

We use cookies to give you the best possible experience. Learn more