|

എനിക്ക് അജണ്ടയുണ്ടെന്നും ഞാന്‍ സ്ലീപ്പര്‍ സെല്‍ ആണെന്നും പറഞ്ഞു; സംഘിയെന്ന വിളിപ്പേര് മാറ്റാന്‍ വേണ്ടി ചെയ്ത സിനിമയല്ല ഷെഫീഖിന്റെ സന്തോഷം: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മേപ്പടിയാന്‍ എന്ന ചിത്രത്തിന് ശേഷം തനിക്ക് പല വിളിപ്പേരുകളും സോഷ്യല്‍ മീഡിയ ചാര്‍ത്തി തന്നിട്ടുണ്ടെന്നും അതിനൊന്നും മറുപടി പറയാന്‍ പോയിട്ടില്ലെന്നും നടന്‍ ഉണ്ണി മുകുന്ദന്‍. സംഘിയെന്ന വിളിപ്പേര് മാറ്റാന്‍ വേണ്ടി താന്‍ ചെയ്ത സിനിമയല്ല ഷെഫീഖിന്റെ സന്തോഷമെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍.

മേപ്പടിയാന് ശേഷം സംഘിയായി ബ്രാന്‍ഡ് ചെയ്യപ്പെട്ടതായി തോന്നുന്നുണ്ടോയെന്നും അങ്ങനെ വിളിക്കുന്നവര്‍ക്കുള്ള മറുപടിയാണോ ഈ ചിത്രമെന്നുമുള്ള ചോദ്യത്തിനായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.

‘ഓണ്‍ലൈനില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയാന്‍ പോയാല്‍ പിന്നെ അതിനേ സമയമുണ്ടാകുകയുള്ളൂ. മേപ്പടിയാന്‍ ഒരു പൊളിറ്റിക്കല്‍ സ്‌പേസില്‍ വന്ന സിനിമയാണെന്ന് പലരും പറഞ്ഞു. എന്റെ അജണ്ടയാണെന്നും ഞാനൊരു സ്പീപ്പര്‍ സെല്‍ ആണെന്നും പറഞ്ഞു.
പുതിയ പല വിശേഷണങ്ങളും കിട്ടി.

മേപ്പടിയാനിലെ സേവാഭാരതിയുടെ ആംബുലന്‍സിലേക്കാണ് പലരുടേയും ഫോക്കസ് പോയത്. എന്നാല്‍ എന്നെ സംബന്ധിച്ച് എനിക്ക് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്ഡ് കിട്ടി. ജെ.സി ഡാനിയേല്‍ പുരസ്‌കാരം കിട്ടി.

എന്നെ സംഘിയെന്ന് വിളിക്കുന്നതിലോ അല്ലെങ്കില്‍ എന്റെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ ചെയ്ത സിനിമയോ ഒന്നുമല്ല അത്. സംഘിയെന്ന വിളിപ്പേര് മാറ്റാന്‍ വേണ്ടി ചെയ്ത സിനിമയുമല്ല ഷെഫീഖിന്റെ സന്തോഷം. എന്റെ അടുത്ത ചിത്രം മാളികപ്പുറം ആണ്. പലരും ഫേസ് ചെയ്യാത്ത ചോദ്യം ഞാനും ഫേസ് ചെയ്യാന്‍ പാടില്ല.

കുറച്ചാള്‍ക്കാര്‍ക്ക് ഇത് പറയുമ്പോള്‍ ഒരു രസമാണ്. ഈദ് മുബാറക് പറയുന്ന ആളാണ് ഞാന്‍. കരിയറില്‍ കുറേ നാള്‍ ജിമ്മന്‍ ജിമ്മന്‍ എന്ന് പറഞ്ഞ് പോയി. ഞാനൊരു സാധാരണ കുടുംബത്തില്‍ നിന്ന് വന്ന ആളാണ്. സിനിമാ നടനാകാണമെന്ന് ആഗ്രഹിച്ച് വന്നതാണ്. ആളുകള്‍ എന്നോട് ഇഷ്ടം കാണിക്കുന്നുണ്ട്. പത്ത് വര്‍ഷം മലയാള സിനിമ ചെയ്തതിന് ശേഷം ഇനി പൊളിറ്റിക്കല്‍ സിനിമ എടുക്കാമെന്ന് വെച്ച് ഇറങ്ങിയതല്ല.

സിനിമകള്‍ ഞാന്‍ ഇനിയും ചെയ്യും. ഞാന്‍ പറയുന്നതും പറയാത്തതുമായ പൊളിറ്റിക്‌സ് കണ്ടുപിടിച്ച് ചിലര്‍ക്ക് പറയണമെങ്കില്‍ പറയാം. എന്നാല്‍ എന്റെ ഭാഗത്ത്‌നിന്ന് മാറ്റമുണ്ടാവില്ല. ഇത്തരം കമന്റുകളൊക്കെ അഡ്രസ് ചെയ്യാന്‍ പോയാല്‍ എവിടേയും എത്തില്ല. മേപ്പടിയാനും ഷെഫീഖും നല്ല സിനിമയാണ്. പറ്റുന്നതുപോലെ എന്‍ജോയ് ചെയ്തിട്ട് തന്നെയാണ് ആ സിനിമകള്‍ ചെയ്തത്,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

Content Highlight: They Said I have an agenda and iam a sleeper cell Says Unni Mukundan