| Wednesday, 26th February 2020, 4:01 pm

അഫ്‌സല്‍ ഗുരുവിനെ തീവ്രവാദിയായി അംഗീകരിക്കാത്തവരാണ് എന്നെ തീവ്രവാദിയാക്കുന്നത്; വെല്ലുവിളിച്ച് വീണ്ടും കപില്‍ മിശ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ നടക്കുന്ന കാമ്പയിനില്‍ ഭയപ്പെടുന്നില്ലെന്ന് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. ദല്‍ഹി കലാപത്തിലേക്ക് വഴി തെളിച്ചത് കപില്‍ മിശ്രയുടെ പ്രസ്താവനയാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു വീണ്ടും വെല്ലുവിളിയുമായി കപില്‍ മിശ്ര രംഗത്തെത്തിയത്.

”ബുര്‍ഹാന്‍ വാനിയേയും അഫ്‌സല്‍ ഗുരുവിനേയും തീവ്രവാദികളായി പരിഗണിക്കാത്തവരാണ് എന്നെ തീവ്രവാദിയായി മുദ്രകുത്തുന്നത്. യാക്കൂബ് മേമനേയും ഉമര്‍ ഖാലിദിനേയും ഷര്‍ജീല്‍ ഇമാമിനേയും പുറത്തിറക്കാന്‍ കോടതിയില്‍ പോയവരാണ് കപില്‍ മിശ്രയുടെ അറസ്റ്റിന് വേണ്ടി മുറവിളി കൂട്ടുന്നത്. ജയ് ശ്രീരാം”, എന്നായിരുന്നു മിശ്ര ട്വിറ്ററില്‍ കുറിച്ചത്.

തനിക്ക് നേരെ വധഭീഷണികളും അസഭ്യവര്‍ഷവും തുടരുകയാണെന്നും എന്നാല്‍ ഇതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നും ചൊവ്വാഴ്ച മിശ്ര പ്രതികരിച്ചിരുന്നു. ” എന്നെ കൊല്ലുമെന്ന് പറഞ്ഞ് നിരവധി പേര്‍ ഫോണ്‍ ചെയ്തു. അതില്‍ രാഷ്ട്രീയക്കാരും മാധ്യമപ്രവര്‍ത്തകരും എല്ലാം ഉണ്ട്. എന്നാല്‍ ഇതിലൊന്നും ഞാന്‍ ഭയപ്പെടുന്നില്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല”, മിശ്ര പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഫറാബാദ് , ബഹാന്‍പൂര റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നവരെ മൂന്ന് ദിവസത്തിനുള്ളില്‍ പൊലീസ് ഒഴിപ്പിക്കാത്ത പക്ഷം തങ്ങള്‍ തെരുവിലിറങ്ങുമെന്നും മിശ്ര പറഞ്ഞിരുന്നു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിന് ആഹ്വാനം നല്‍കിയവരില്‍ പ്രധാനിയാണ് ബി.ജെ.പി നേതാവ് കപില്‍ മിശ്രയെന്ന വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കപില്‍ മിശ്രയുടെ കലാപ ആഹ്വാനത്തിന് പിന്നാലെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വടക്കന്‍ ദല്‍ഹിയില്‍ വ്യാപക അക്രമം അഴിച്ചു വിട്ടത്.

ഇതിനിടെ കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍ എം.പി രംഗത്ത് എത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ആര് നടത്തിയാലും അവര്‍ക്കെതിരെ നടപടി വേണമെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. അതേസമയം ദല്‍ഹി അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more