| Sunday, 19th February 2023, 10:16 am

ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദുക്കളുടെ സ്ഥലം; ഹിന്ദുത്വത്തെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്ന ഇന്ത്യയാണ് വിദേശികളുടെ സ്വപ്‌നം; ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാകാന്‍ കാലതാമസമില്ലെന്ന പരാമര്‍ശവുമായി സ്വയം പ്രഖ്യാപിത ആള്‍ദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. ഹിന്ദുത്വത്തെ കുറിച്ച് അഭിമാനത്തോടെ എല്ലാവരും ഒരുപോലെ സംസാരിക്കുന്ന ഇന്ത്യയാണ് വിദേശികളുടെ സ്വപ്നമെന്നും ശാസ്ത്രി പറഞ്ഞു. അവര്‍ ക്രിസ്ത്യന്‍ മതാചാരങ്ങളെ പിന്‍പറ്റുന്നവരാണെങ്കിലും സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകും. വിദേശികള്‍ പോലും ഞങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്. അവര്‍ ക്രിസ്ത്യന്‍ മതാചാരങ്ങളെ പിന്‍പറ്റുന്നവരായിരിക്കാം. എന്നിരുന്നാലും സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവരാണ്. ഇതിന്റെ അര്‍ത്ഥം എല്ലാവരും ഒരുപോലെ അഭിമാനത്തോടെ ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കുന്ന ഒരു ഇന്ത്യയെയാണ് അവര്‍ക്ക് പോലും ആവശ്യമെന്നാണ്.

മറ്റെല്ലാ മതങ്ങളേയും മാറ്റിവെച്ച്, നമ്മള്‍ ഹിന്ദുസ്ഥാനികളാണ് എന്ന് പറയാന്‍ സാധിക്കണം. ഹിന്ദുസ്ഥാന്‍ എന്നാല്‍ ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള സ്ഥലം എന്നാണര്‍ത്ഥം.

ഞങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കണമെന്നോ രാജ്യം ഭരിക്കണമെന്നോ ആഗ്രഹമില്ല. ആര്‍ക്കെങ്കിലും ഞങ്ങളെ പിന്തുണയ്ക്കണമെങ്കില്‍ ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. എല്ലാ ഹിന്ദുക്കളുടേയും പിന്തുണയുണ്ടാകണം,’ ശാസ്ത്രിയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ശാസ്ത്രി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് മുസ്‌ലിങ്ങള്‍ വിട്ടുനില്‍ക്കണമെന്ന നിര്‍ദ്ദേശവുമായി ആഗ്ര മസ്ജിദ് മാനേജര്‍ മുഹമ്മദ് ഷെരീഫ് കാല രംഗത്തെത്തിയിരുന്നു. സനാതന ധര്‍മ്മത്തെ പ്രശംസിക്കുന്ന ശാസ്ത്രി മുസ്‌ലിം സമുദായത്തെ അവഹേളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശാസ്ത്രിക്കെതിരെ നാഗ്പൂരില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ശാസ്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു.

Content Highlight: ‘They may practice Christianity but…’: Dhirendra Shastri’s ‘Hindu Rastra’ claim

We use cookies to give you the best possible experience. Learn more