ഗുവാഹത്തി: അസമില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു. ദോല്‍പൂര്‍ സ്വദേശിയായ മൊയ്‌നുല്‍ ഹഖാണ് പൊലീസുമായുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മൊയ്‌നുല്‍ ഹഖിനെ പൊലീസ് വെടിവെച്ച് കൊല്ലുന്നതും, ഒരു സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ മൃതദേഹത്തിന്റെ നെഞ്ചില്‍ തൊഴിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
‘അവരെന്റെ മകനെ കൊന്നു. ഞങ്ങള്‍ ബംഗ്ലാദേശികളാണോ? അങ്ങനെയാണ് കരുതുന്നതെങ്കില്‍ ഞങ്ങളെ അങ്ങോട്ട് തന്നെ നാട് കടത്തൂ,’ എന്നാണ് മൊയ്‌നുല്‍ ഹഖിന്റെ മാതാപിതാക്കള്‍ പറയുന്നത്. കൊല്ലപ്പെട്ട 30 വയസ്സുകാരന്‍ മൊയ്‌നുല്‍ ഹഖ്, 3 കുട്ടികളും വൃദ്ധരായ മാതാപിതാക്കളും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലീസും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2 പള്ളികള്‍ തകര്‍ത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മൊയ്‌നുല്‍ ഹഖടക്കം 2 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരുടെ മൃതദേഹം സിപാജാറിലെ ആശുപത്രിയിലേക്ക് മാറ്റി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടി സ്വീകരിക്കുന്നത് വരെ മൃതദേഹം ഏറ്റു വാങ്ങണ്ട എന്ന നിലപാടിലാണ് കുടുംബവും നാട്ടുകാരും.
വ്യാഴാഴ്ച രാവിലെയാണ് ധറാംഗിലെ സിപാജറില്‍ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കുനേരെ പ്രകോപനമില്ലാതെ പൊലീസ് വെടിയുതിര്‍ത്തത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടുപേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തിരുന്നു.
കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.
സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.