അവര്‍ ഗാന്ധിയെ കൊന്നു, പിന്നെ എന്നെ വെറുതെവിടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?: സിദ്ധരാമയ്യ
national news
അവര്‍ ഗാന്ധിയെ കൊന്നു, പിന്നെ എന്നെ വെറുതെവിടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?: സിദ്ധരാമയ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th August 2022, 6:14 pm

ബെംഗളൂരു: മുട്ടയെറിഞ്ഞ് അക്രമിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തതിന് പിന്നാലെ തന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് കര്‍ണാടക കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. ഗാന്ധിയെ കൊല്ലാന്‍ മടിയില്ലാത്തവര്‍ തന്നെ വെറുതെ വിടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. കര്‍ണാടകയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘അവര്‍ ഗാന്ധിയെ കൊന്നവരാണ്. അവര്‍ എന്നെ വെറുതെ വിടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ഗോഡ്‌സെ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തി. എന്നിട്ട് അവര്‍ അയാളുടെ ചിത്രത്തെയാണ് ആരാധിക്കുന്നത്,’ സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

കുടക് ജില്ലയില്‍ മഴക്കെടുതി ബാധിച്ച പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനിടെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ അക്രമണവുമായി എത്തിയത്. സംഘം ചേര്‍ന്നെത്തിയ പ്രതികള്‍ കുശാല്‍നഗറിലെ ഗുഡ്ഡെഹോസൂരില്‍ സിദ്ധരാമയ്യ സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുകയും കാറിന് നേരെ മുട്ടയെറിയുകയുമായിരുന്നു.

അക്രമിസംഘം സിദ്ധരാമയ്യക്ക് നേരെ സവര്‍ക്കറുടെ ചിത്രങ്ങളും എറിഞ്ഞിരുന്നതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം പ്രതിഷേധം ജനാധിപത്യപരമാണെന്നും നിയമം കയ്യിലെടുക്കുന്നത് ശരിയായ പ്രവണതയല്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. സിദ്ധരാമയ്യക്ക് നേരെ നടത്തിയ അക്രമത്തെ താന്‍ അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് ആവശ്യമായ സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അരഗ ജ്ഞാനേന്ദ്ര കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശിവമോഗയില്‍ വര്‍ഗീയ കലാപം തുടരുകയാണ്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.എച്ച് റോഡിലെ സിറ്റി സെന്റര്‍ മാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യസമര സേനാനികളോടൊപ്പം സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ പ്രതിഷേധം ശക്തമായത്. സംഭവത്തിനെതിരെ പ്രതിഷേധിച്ച യുവാവിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

മഹാത്മാ ഗാന്ധി, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ എസ്.ഡി.പി.ഐക്കാരനായ യുവാവ് പ്രതിഷേധിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്യസമര സേനാനിയല്ലെന്നും മറിച്ച് ദേശദ്രോഹിയാണെന്നും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലത്ത് നിരവധി മുസ്‌ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലി നല്‍കിയിട്ടുണ്ടെന്നും അവരുടെയൊന്നും ചിത്രങ്ങള്‍ എവിടേയും പ്രദര്‍ശിപ്പിച്ചു കണ്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

അതേസമയം പ്രതിഷേധം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി സിറ്റി വിങ് പ്രസിഡന്റ് ജഗദീഷ് ആരോപിച്ചിരുന്നു.

Content Highlight: They killed gandhi and do ypu think they will spare me asks congress leader siddaramaiah