'താലിബാന്റെ കണ്ണില്‍, സ്ത്രീകള്‍ ജീവനുള്ളതോ ശ്വസിക്കുന്നതോ ആയ മനുഷ്യരല്ല, ഞങ്ങളെ കൊന്ന് നായകള്‍ക്ക് തിന്നാനിടും'; താലിബാന്റെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് ആക്രമണത്തിന് ഇരയായ സ്ത്രീ
” താലിബാന്റെ കണ്ണില്‍, സ്ത്രീകള്‍ ജീവനുള്ളതോ ശ്വസിക്കുന്നതോ ആയ മനുഷ്യരല്ല, മറിച്ച് കുറച്ച് മാംസം മാത്രമാണ്,” കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനിലെ ഗസ്‌നി പ്രവിശ്യയില്‍ താലിബാന്‍ വെടിവെടിപ്പില്‍ ഇരു കണ്ണുകളും നഷ്ടമായ ഖതീരയുടെ വാക്കുകളാണിത്.
2020 നവംബര്‍ മുതല്‍ ചികിത്സയ്ക്കായി അവര്‍ ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം ദല്‍ഹിയിലാണ് താമസിക്കുന്നത്. മുന്‍ താലിബാന്‍ പ്രവര്‍ത്തകനായ പിതാവാണ് തനിക്കെതിരായ ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് ഖതീര എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥയെ താലിബാന്‍ ക്രൂരമായി അക്രമിച്ചത്. അന്നവര്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍, മൂന്ന് താലിബാന്‍ അക്രമികള്‍ അവരുടെ ഐഡി പരിശോധിച്ചു, തുടര്‍ന്ന് അവരെ പലതവണ വെടിവച്ചു. ഖതീരയുടെ ശരീരത്തില്‍ നിന്ന് എട്ട് വെടിയുണ്ടകളാണ് എടുത്തത്.
” അവര്‍ (താലിബാന്‍) ആദ്യം ഞങ്ങളെ (സ്ത്രീകളെ) പീഡിപ്പിക്കുകയും തുടര്‍ന്ന് ശിക്ഷയുടെ മാതൃകയായി കാണിക്കാന്‍ ഞങ്ങളുടെ ശരീരം ഉപേക്ഷിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഞങ്ങളുടെ ശരീരം നായ്ക്കള്‍ക്ക് ആഹാരമായി നല്‍കും. ഞാന്‍ അതിജീവിച്ചത് എന്റെ ഭാഗ്യമാണ്. താലിബാന്റെ കീഴില്‍ അഫ്ഗാനിസ്ഥാനില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എന്ത് നരകമാണ് സംഭവിച്ചതെന്ന് സങ്കല്‍പ്പിക്കാന്‍ പോലും ഒരാള്‍ക്ക് കഴിയില്ല”ഖതീര പറഞ്ഞു.
താലിബാന്റെ ക്രൂരതകളെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെയും നിരവധി സ്ത്രീകള്‍ രംഗത്തുവന്നിരുന്നു. താലിബാന്റെ ക്രൂരതകളും അഫ്ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യവും വെളിപ്പെടുത്തി അഫ്ഗാന്‍ സംവിധായിക സഹ്‌റ കരീമിയെഴുതിയ കത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
താലിബാന്റെ ക്രൂരതകളെക്കുറിച്ച് പറഞ്ഞ് അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തക അനീസ ഷഹീദും രംഗത്തുവന്നിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതായി പ്രഖ്യാപിച്ചുകഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റികഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്
അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയും മന്ത്രിസഭാംഗങ്ങളുമെല്ലാം നിലവില്‍ രാജ്യം വിട്ടുപോയി. അയല്‍രാജ്യമായ തജിക്കിസ്ഥാനിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്.