ബെംഗളൂരു: ജയില്‍മോചിതനായി ബെംഗളൂരുവിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് വന്‍ സ്വീകരണം. ബെംഗളൂരു വിമാനത്താവളം മുതല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പൂക്കള്‍ വാരിവിതറിയും 250 കിലോഗ്രാം ഭാരമുള്ള ആപ്പിള്‍ മാലയൊരുക്കിയുമാണു സ്വീകരിച്ചാനയിച്ചത്.
തുടര്‍ന്ന് ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനം നടത്തിയ അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ പേരെടുത്തുപറയാതെ സംസാരിച്ചു. അവരാണു തന്നെ ശക്തനാക്കിയതെന്നും താന്‍ നീതിക്കു വേണ്ടി പോരാടുമെന്നും ശിവകുമാര്‍ പറഞ്ഞു.
ദുര്‍ബലനാകുന്നുവെന്നോ കീഴടങ്ങുന്നുവെന്നോ ഉള്ള ചോദ്യങ്ങള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തില്‍ നിന്നു നേരെ കെ.പി.സി.സി ആസ്ഥാനത്തെത്തിയ ശിവകുമാര്‍, തുടര്‍ന്നു തന്റെ ശക്തികേന്ദ്രങ്ങളായ മൈസൂരു, രാമനഗര, മാണ്ഡ്യ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ശിവകുമാര്‍ ഇന്നലെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയയെയും സന്ദര്‍ശിച്ചിരുന്നു. സോണിയയെ നേരിട്ടുകണ്ട് നന്ദി പറയാനായിരുന്നു സന്ദര്‍ശനമെന്ന് ശിവകുമാര്‍ പറഞ്ഞു.
ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷും കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും സന്ദര്‍ശിച്ചിരുന്നു.
ജാമ്യം ലഭിച്ച് തീഹാര്‍ ജയിലില്‍നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനും അധ്യക്ഷ സോണിയ ഗാന്ധിക്കും ശിവകുമാര്‍ നന്ദി പറഞ്ഞിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് ദല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ശിവകുമാറിനെ തീഹാര്‍ ജയിലിലെത്തി സോണിയാ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഡി.കെയെ മാത്രമല്ല കോണ്‍ഗ്രസിലെ മറ്റ് നേതാക്കളെയും കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും സോണിയ പറഞ്ഞിരുന്നു.