ഞങ്ങളെപ്പോലല്ല; അവരുടേത് ചാമ്പ്യൻസ് ലീഗ് അടിക്കാനായിട്ട് ഉണ്ടാക്കിയ ടീം; ബയേണിനെപറ്റി എംബാപ്പെ
football news
ഞങ്ങളെപ്പോലല്ല; അവരുടേത് ചാമ്പ്യൻസ് ലീഗ് അടിക്കാനായിട്ട് ഉണ്ടാക്കിയ ടീം; ബയേണിനെപറ്റി എംബാപ്പെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th March 2023, 2:04 pm

പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾക്ക് വീണ്ടും വിരാമമായിരിക്കുകയാണ്.
മികച്ച സ്‌ക്വാഡുമായി ഇത്തവണ തങ്ങളുടെ കന്നി ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കും എന്ന ലക്ഷ്യത്തോടെയെത്തിയ പി.എസ്.ജിയെ ലീഗിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്.

ചൊവ്വാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബയേൺ പാരിസ് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് പാദങ്ങളിൽ നിന്നുമായി തങ്ങളുടെ വിജയ മാർജിൻ 3-0 എന്ന നിലയിലേക്ക് ഉയർത്താൻ ബയേണിനായി.

ആദ്യ പകുതി ഗോൾ രഹിതമായ മത്സരം 61 മിനിട്ട് പിന്നിട്ടപ്പോൾ എറിക് മാക്സിം ചൊപ്പോ മോട്ടിങും 89 മിനിട്ട് പിന്നിട്ടപ്പോൾ സെർജെ ഗ്നാഹബിയും നേടിയ ഗോളുകളിലാണ് മത്സരം ബയേൺ വിജയിച്ചത്.

എന്നാലിപ്പോൾ ബയേണിനെതിരെയുള്ള മത്സരത്തിലെ പരാജയത്തെക്കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പി.എസ്.ജി സൂപ്പർ താരമായ കിലിയൻ എംബാപ്പെ.

“നിങ്ങൾ രണ്ട് ടീമിലേക്ക് നോക്കുമ്പോൾ തന്നെ മനസിലാകും. അവരുടേത് ഒരു മികച്ച ടീമാണ്. മികച്ച സ്‌ക്വാഡ് ഡെപ്ത്തും അവർക്കുണ്ട്. ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ ഉണ്ടാക്കിയ ഒരു ടീമാണ് ബയേൺ മ്യൂണിക്ക് എന്നാണ് എനിക്ക് തോന്നുന്നത്,’ എംബാപ്പെ പറഞ്ഞു.

“ഈ സീസണിന്റെ തുടക്കത്തിൽ ഞാൻ പറഞ്ഞത് പോലെ തന്നെ ഈ ചാമ്പ്യൻസ് ലീഗിൽ എന്റെ മാക്സിമം എഫേർട്ട് ഞാൻ ഇട്ടിട്ടുണ്ട്. അത് സത്യമാണ്,’ എംബാപ്പെ കൂട്ടിച്ചേർത്തു.

അതേസമയം ലീഗ് വണ്ണിൽ 26 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളോടെ 63 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.


മാർച്ച് 12ന് ബ്രെസ്റ്റ് എഫ്.സിക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

 

Content Highlights:They have a team that is built to win the Champions League Kylian Mbappe said about Bayern Munich