ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രിയുണ്ടായ അക്രമത്തില്‍ ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷന് നേരെ വിരല്‍ചൂണ്ടി ജെ.എന്‍.യുവിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ സൂരജിത് മസുദാര്‍.
മൂന്ന് പതിറ്റാണ്ടിലേറെയായി വാഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുപോന്ന ആളാണ് താനെന്നും ഇതുപോലൊരു അക്രമ സംഭവത്തിന് ഇതുവരെ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടില്ലെന്നുമാണ് അദ്ദേഹം ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
മുഖംമൂടി ധരിച്ച ഗുണ്ടകള്‍ ഫാക്കല്‍റ്റി അംഗങ്ങളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തുകയും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ ക്രൂരമായ അക്രമം അഴിച്ചുവിടുകയായിരുന്നെന്നും മസുദാര്‍ പറഞ്ഞു. അക്രമികള്‍ക്ക് കാമ്പസില്‍ നിന്നും ചില സഹായങ്ങള്‍ ലഭിച്ചെന്നും ഇതിന്റെയെല്ലാം ഉത്തരവാദിത്തം ജെ.എന്‍.യു അഡ്മിനിസ്‌ട്രേഷനാണെന്നും അദ്ദേഹം പറഞ്ഞു. ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷനായ ജെ.എന്‍.യു.ടി.എ സെക്രട്ടറി കൂടിയാണ് മസുദാര്‍.
മൂന്ന് പതിറ്റാണ്ടിലേറെയായി നിങ്ങള്‍ ഈ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ്. ജെഎന്‍.യു.വില്‍ മുന്‍പ് ഇത്തരമൊരു അക്രമാസക്തമായ സംഭവം നടന്നതായി ഓര്‍ക്കുന്നുണ്ടോ?
ഒരിക്കലുമില്ല. ഇതാദ്യമായാണ് ഇതുപോലൊന്ന് സംഭവിക്കുന്നത്. ഇത് വല്ലാത്തൊരു അവസ്ഥയാണ്. 80 കളില്‍ ഞാന്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു, 1988 ല്‍ ഞാന്‍ സര്‍വ്വകലാശാലയുടെ സ്റ്റുഡന്റ് യൂണിയന്റെ പ്രസിഡന്റായി, 2014 മുതല്‍ ഒരു ഫാക്കല്‍റ്റി അംഗമാണ്. ഇതിനുമുമ്പ് ഒരിക്കലും ഇവിടെ ഇത്തരമൊരു അക്രമം നടന്നിട്ടില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കാമ്പസില്‍ താങ്കള്‍ കണ്ട കാര്യങ്ങളെ കുറിച്ച് പറയാമോ? എങ്ങനെയായിരുന്നു അക്രമങ്ങളുടെ തുടക്കം?
ഒരു ആള്‍ക്കൂട്ടം ആദ്യം സര്‍വകലാശാലയിലേക്ക് അതിക്രമിച്ചു കടക്കുകയും പിന്നീട് ഹോസ്റ്റലുകളിലും യൂണിവേഴ്‌സിറ്റി കാമ്പസിന്റെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്തുകയുമായിരുന്നു. വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു അവര്‍.
കാമ്പസില്‍ സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജെ.എന്‍.യുവിലെ അധ്യാപകര്‍ വൈകുന്നേരം 4 മണിക്ക് സബര്‍മതിയില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കാമ്പസില്‍ അക്രമങ്ങള്‍ ഉണ്ടാകരുതെന്നായിരുന്നു ഞങ്ങളുടെ അഭ്യര്‍ത്ഥന. എന്നാല്‍ ആ പരിപാടി തന്നെ ഇവര്‍ അലങ്കോലമാക്കി. അവിടെ ഒത്തുകൂടിയ അധ്യാപകര്‍ക്ക് നേരെ മുഖംമൂടി ധരിച്ച ഗുണ്ടകള്‍ കല്ലെറിഞ്ഞു, അധ്യാപകര്‍ സ്ഥലത്ത് നിന്ന് ഓടിപ്പോകുമ്പോള്‍ ഈ ഗുണ്ടകള്‍ അവരെ പിന്തുടര്‍ന്നു, അവരുടെ കാറുകള്‍ അക്രമിച്ചു. അതുകൊണ്ടും അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. ഈ ഗുണ്ടകള്‍ പിന്നീട് ഫാക്കല്‍റ്റി അംഗങ്ങളുടെ കുടുംബ ക്വാര്‍ട്ടേഴ്‌സിലേക്ക് പ്രവേശിച്ചു. അവിടെ സ്ത്രീകളും കുട്ടികളും പ്രായമായവരും എല്ലാം ഉണ്ടായിരുന്നു. ഇവരുടെ വാതിലുകളില്‍ തട്ടുകയും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
മുഖംമൂടി ധരിച്ച ഗുണ്ടകളെ പൊലീസ് കാമ്പസില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചിരുന്നോ?
അതിലാണ് കാര്യം. എല്ലാ ഗുണ്ടകളെയും കാമ്പസില്‍ നിന്ന് പുറത്താക്കിയിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. മറിച്ച് അവര്‍ ഇപ്പോഴും അതിന് ഉള്ളിലാണെങ്കില്‍, കാമ്പസ് സുരക്ഷിതമാണോയെന്ന് ഞങ്ങള്‍ക്ക് തോന്നുന്നില്ല. കാരണം ഈ ആക്രമണത്തില്‍ വാഴ്‌സിറ്റി ഭരണകൂടത്തിനും പങ്കുണ്ടെങ്കില്‍ കാമ്പസിന് അകത്ത് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് പോലും പറയാന്‍ സാധിക്കില്ല.
സ്വന്തം സുരക്ഷയെക്കുറിച്ച് ഉറപ്പില്ലാത്തതിനാല്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ സബര്‍മതിയില്‍ ഒത്തുകൂടുകയായിരുന്നു. അവര്‍ക്ക് ഹോസ്റ്റലുകളില്‍ സുരക്ഷിതത്വം തോന്നിയില്ല. ജെ.എന്‍.യുവിലെ സാഹചര്യം സാധാരണ നിലയിലാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. പൊലീസ് ഈ ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും എത്രയും പെട്ടെന്ന് കാമ്പസ് വിട്ടുപോകുകയും വേണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.
കാമ്പസിലെ അക്രമസംഭവങ്ങളിലേക്ക് നയിച്ചതെന്താണ്? ആരെയാണ് ഇതില്‍ കുറ്റപ്പെടുത്താന്‍ സാധിക്കുക?
അങ്ങേയറ്റം സമാധാനപരമായ കാമ്പസാണ് ജെ.എന്‍.യു. ചര്‍ച്ചകള്‍ക്കും സജീവമായ സംവാദങ്ങള്‍ക്കും സംസ്‌കാരത്തിനും പേരുകേട്ട ഇടമാണ് ഇവിടം. പക്ഷേ ഇപ്പോഴത്തെ ഭരണകൂടം ഇതെല്ലാം നശിപ്പിച്ചു.
ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍, അത് പരിഹരിക്കാനുള്ള മാര്‍ഗ്ഗമില്ല, കാരണം പരിഹാരത്തിനുള്ള എല്ലാ മാര്‍ഗങ്ങളും ഇല്ലാതാക്കപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുപകരം, എങ്ങനെയെല്ലാം അവരെ പ്രകോപിപ്പിക്കാന്‍ സാധിക്കും അതിനാണ് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ശ്രമിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ജെ.എന്‍.യുവില്‍ ഇന്നലെ സംഭവച്ച കാര്യങ്ങളില്‍ ഭരണകൂടത്തിന് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.