| Wednesday, 16th May 2018, 2:13 pm

ബി.ജെ.പി നേതാക്കള്‍ നിരന്തരം വിളിച്ചുകൊണ്ടിരുന്നു: ഒടുവില്‍ താക്കീത് ചെയ്തു: ഭരണം കിട്ടിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനൊപ്പമെന്നും എം.എല്‍.എ ടി.ഡി രാജഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഭരണം കിട്ടിയാലും ഇല്ലെങ്കിലും കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് കര്‍ണാടക എം.എല്‍.എ ടി.ഡി രാജഗൗഡ.

അവര്‍ നിരന്തം വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അത് ശ്രദ്ധിക്കാനേ പോയില്ല. കൂടുതല്‍ ശല്യം ചെയ്തപ്പോള്‍ ഇനി വിളിക്കരുതെന്ന് താക്കീത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആത്മാര്‍ത്ഥതയുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഞാന്‍. ബി.ജെ.പിയെ സംബന്ധിച്ച് അവര്‍ ഏറെ നാളായി പയറ്റുന്ന ഒരു അടവാണ് ഇത്. ഇതാണ് അവരുടെ ജോലി. വിവിധ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കുന്നത് ഇത്തരത്തിലാണ്. ഭരണം കിട്ടിയാലും ഇല്ലെങ്കിലും തങ്ങള്‍ കോണ്‍ഗ്രസിനൊപ്പമായിരിക്കും. -ടി.ഡി രാജഗൗഡ പറഞ്ഞു

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ബി.ജെ.പി വന്‍ ചാക്കിട്ടുപിടുത്തം നടത്തുന്നതായി കോണ്‍ഗ്രസും ജെ.ഡി.യുവും വ്യക്തമാക്കിയിരുന്നു. ജെ.ഡി.എസിന്റെ എം.എല്‍.എമാര്‍ക്ക് 100 കോടിരൂപ വാഗ്ദാനം ചെയ്തതായിട്ടായിരുന്നു കുമരസ്വാമിയുടെ വെളിപ്പെടുത്തല്‍.

ബി.ജെ.പിക്ക് ഇത്രയും കള്ളപ്പണം എവിടെ നിന്നാണ് വരുന്നതെന്നും പാവപ്പെട്ടവരെ സേവിക്കുമെന്ന പറയുന്ന അവര്‍ ഇന്ന് പണം വാഗ്ദാനം ചെയ്യുകയാണെന്നും കുമരസ്വാമി പറഞ്ഞു.

ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ എവിടെ പോയിരിക്കുകയാണെന്നും കുമരസ്വാമി ചോദിച്ചു. ജെ.ഡി.എസ് യോഗത്തിന് ശേഷം സംസാരിക്കവെയാണ് കുമരസ്വാമി പണം വാഗ്ദാനം ചെയ്തെന്ന ആരോപണം ഉന്നയിച്ചത്.

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാം എന്നത് മോദിയുടെ വ്യാമോഹമാണെന്നും കുമാരസ്വാമി പറഞ്ഞു. തങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി കഠിനമായി പരിശ്രമിക്കുന്നുണ്ട് എന്നാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. ബി.ജെ.പി കര്‍ണാടകയില്‍ കുതിരക്കച്ചവടം നടത്തുകയാണെന്ന് കുമാരസ്വാമി പറഞ്ഞു.

എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ശ്രമം. അവര്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. കേന്ദ്ര അധികാരം ദുരുപയോഗപ്പെടുത്തി അധികാരം പിടിക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ജെ.ഡി.എസ്ഫകോണ്‍ഗ്രസ് സഖ്യത്തിന് 117 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. കര്‍ണാടകയെ വര്‍ഗീയമായി വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിനായി മതേതര വോട്ടുകള്‍ അവര്‍ ഭിന്നിപ്പിച്ചു. അതിനാല്‍ തന്നെ ബി.ജെ.പിയുമായി സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more