നീലേശ്വരം: “”കഴിഞ്ഞ ആറ് വര്‍ഷമായി ഞങ്ങള്‍ ഈ പീഡനം സഹിക്കുകയാണ്. സ്വന്തം വീട്ടില്‍ താമസിക്കാന്‍ നിവൃത്തിയില്ല, അവിടെ നിന്ന് ഞങ്ങള്‍ ആട്ടിയോടിക്കപ്പെട്ടു. ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദ്രോഹിക്കുകയുമാണ് അവര്‍. പറമ്പിലെ തേങ്ങയും ആദായങ്ങളും അവര്‍ എടുത്തുകൊണ്ടുപോകുന്നു. ഞങ്ങളുടെ അമ്മയെ അവര്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. തല്ലിയോടിച്ചു എന്ന് പറയുന്നതാവും നല്ലത്. അമ്മയുടെ ഉടുതുണി വരെ അവര്‍ ഉരിഞ്ഞു. കുറേ കുടുംബശ്രീ പ്രവര്‍ത്തകരും സി.പി.ഐ.എമ്മിന്റെ മറ്റു നേതാക്കളുമായിരുന്നു ഇതെല്ലാം ചെയ്തത്. സ്ഥലം തരുന്നില്ല എങ്കില്‍ നിങ്ങളെ ഇവിടെ നില്‍ക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞാണ് ഇവര്‍ ഇതൊക്കെ ചെയ്തത് “”-കയ്യൂര്‍ സമരസേനാനിയുടെ പൗത്രിയും സ്വാതന്ത്ര്യസമരസേനാനി പി.പി കുമാരന്റെ മകളുമായ എം.കെ രാധയുടെ മകള്‍ ബിന്ദുവിന്റെ വാക്കുകളാണ് ഇത്.
കാസര്‍ഗോഡ് നീലേശ്വരം മുന്‍സിപ്പാലിറ്റിയില്‍ പേരോല്‍ വില്ലേജിലെ പാലായിയില്‍ തേജസ്വനി പുഴയില്‍ സ്ഥാപിക്കുന്ന ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച് റോഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഒരു കുടുംബത്തിന് തന്നെ ഊരുവിലക്ക് ഏര്‍പ്പെടുത്തുന്ന നിലയിലേക്ക് എത്തിച്ചേര്‍ന്നത്.
1957 ല്‍ കമ്മിഷന്‍ ചെയ്ത ഷട്ടര്‍ കം ബ്രിഡ്ജ് പദ്ധതി ഇക്കാലമത്രയും സാക്ഷാത്കരിക്കാതെ മുടങ്ങി കിടക്കുകയും ഇപ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ തയ്യാറെടുക്കുമ്പോള്‍ രാധയും വീട്ടുകാരും അതിന് എതിരുനില്‍ക്കുകയാണെന്നുമാണ് സി.പി.ഐ.എം ഇവര്‍ക്ക് നേരെ ഉന്നയിക്കുന്ന പരാതി.
എന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി ഞങ്ങളാണെന്ന രീതിയിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും ഇതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്നും രാധയുടെ മകള്‍ ബിന്ദു ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചു മരിച്ചവരുടെ കുടുംബമായിട്ടുപോലും ഈ വിഷയത്തില്‍ തങ്ങളെ പരമാവധി ദ്രോഹിക്കാന്‍ പ്രാദേശിക നേതാക്കള്‍ ശ്രമിക്കുമ്പോള്‍ അതിനെതിരേ സ്ഥലം എംപിക്കും എം.എല്‍.എയ്ക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയിട്ടും പ്രയോജനം ലഭിച്ചില്ലെന്നും ബിന്ദു പറയുന്നു.
ചില പ്രാദേശിക നേതാക്കളുടെ സ്വാര്‍ത്ഥ താത്പര്യങ്ങളാണ് എല്ലാത്തിനും പിന്നിലെന്നും എവിടെ നിന്നും നീതി കിട്ടാതെ വന്നതോടെയാണ് പാര്‍ട്ടിക്കെതിരേ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഇടവന്നതെന്നും എന്നാല്‍ പാര്‍ട്ടിയെ മൊത്തം പാര്‍ട്ടിയെ ഈ കാര്യത്തില്‍ തങ്ങള്‍ കുറ്റപ്പെടുത്തുന്നില്ലെന്നും ബിന്ദു പറയുന്നു.
“”നേതാക്കന്‍മാര്‍ ഇപ്പോള്‍ പറയുന്നത് ഇതൊന്നും ഞങ്ങള്‍ അറിയില്ല. അവരുടെ ഭൂമി ഞങ്ങള്‍ തൊട്ടിട്ടില്ല. അവര്‍ സുരക്ഷിതമായി ജീവിക്കുന്നു എന്നൊക്കെയാണ്. എന്നാല്‍ അതല്ല സത്യം. കഴിഞ്ഞ ആറ് വര്‍ഷമായി നടക്കുന്ന പീഡനമാണ് ഇത്. 2012 ല്‍ ഇ.എം.എസ് ഭവനപദ്ധതി പ്രകാരം തേജസ്വനി പുഴയില്‍ സ്ഥാപിക്കുന്ന ഷട്ടര്‍ കം ബ്രിഡ്ജും അതിന് നിര്‍മിക്കാന്‍ പോകുന്ന അപ്രോച്ച് റോഡുമാണ് പ്രശ്‌നത്തിന്റെ തുടക്കം. ഈ പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ 70 മീറ്റര്‍ അകലെകൂടെ മുനിസിപ്പാലിറ്റി റോഡ് കടന്നുപോകുന്നുണ്ട്. അത് ചെയ്യാതെ വളഞ്ഞവഴിയില്‍ കൂടി ചിലരുടെ സ്വാര്‍ത്ഥ താത്പര്യപ്രകാരം ഞങ്ങളുടെ പറമ്പിലൂടെ റോഡ് വെട്ടുകയായിരുന്നു””- ബിന്ദു വിശദീകരിക്കുന്നു.
“”1998 ല്‍ ആണ് കൊഴുവല്‍ ഭഗവതി ക്ഷേത്രത്തിനോട് ചേര്‍ന്ന ഒന്നേമുക്കാല്‍ ഏക്കറോളം ഭൂമിയില്‍ ഞങ്ങള്‍ താമസം തുടങ്ങുന്നത്. ആ സമയത്ത് ഞങ്ങളുടെ വീട്ടിലായിരുന്നു പൂരക്കളി കളിച്ചുകൊണ്ടിരുന്നത്. ഞങ്ങള്‍ അവിടെ താമസമാക്കിയ ശേഷം അച്ഛന്‍ ആവശ്യപ്പെട്ടതുപ്രകാരം പൂരക്കളി അമ്പലപ്പറമ്പിലേക്ക് മാറ്റി. സ്വാഭാവികമായി അന്ന് അമ്പലത്തിനുണ്ടാകുന്ന സ്ഥലനഷ്ടം ഞങ്ങളുടെ പറമ്പില്‍ നിന്നും നാലേമുക്കാല്‍ സ്ഥലം അമ്പലപ്പറമ്പിന് കൊടുത്ത് പരിഹരിച്ചു.
പത്ത് പതിനാറ് വര്‍ഷക്കാലം അവിടെ പൂരക്കളി കളിച്ചതിന് ശേഷം, നിങ്ങളുടെ പറമ്പില്‍ പൂരക്കളി കളിക്കുന്നതാണ് ദൈവഹിതമെന്നും പ്രശ്‌നം വെച്ചപ്പോള്‍ അങ്ങനെ തെളിഞ്ഞെന്നും പറഞ്ഞ് അമ്പലക്കമ്മിറ്റിക്കാര്‍ സമീപിച്ചു. ദൈവീകപരമായ കാര്യങ്ങള്‍ ആയതുകൊണ്ട് തന്നെ ഇവരുടെ സമ്മര്‍ദ്ദത്തിലും മറ്റും അമ്പലക്കമ്മിറ്റിക്ക് ഞങ്ങള്‍ നാലേമുക്കാല്‍ സെറ്റ് സ്ഥലം വീണ്ടും കൊടുത്തു. നേരത്തെ കൊടുത്ത നാലേമുക്കാല്‍ സെന്റ് സ്ഥലം തിരിച്ചുതരും എന്ന് വാക്കാല്‍ പറഞ്ഞതുപ്രകാരമാണ് സ്ഥലം കൊടുക്കുന്നത്. പക്ഷേ അതുണ്ടായില്ല. ഫലത്തില്‍ ഞങ്ങളുടെ ഒന്‍പതര സെന്റ് സ്ഥലം അമ്പലക്കമ്മിറ്റിയുടെ കൈകളിലാണ് ഇപ്പോള്‍ ഉള്ളത്.
ഞങ്ങളുടെ സമ്മതമില്ലാതെ 2012 ല്‍ ഇവര്‍ റോഡിന് വേണ്ടി പതിനൊന്ന് മീറ്റര്‍ അകലത്തില്‍ കുറ്റിയടിച്ചു. ഇറിഗേഷന്‍ ഡിപാര്‍ട്‌മെന്റായിരുന്നു അത് ചെയ്തത്. അപ്പോള്‍ തന്നെ ഞങ്ങള്‍ കാഞ്ഞങ്ങാട് മുന്‍സിഫ് കോടതിയില്‍ പരാതി ഫയല്‍ ചെയ്ത് ഇഞ്ചക്ഷന്‍ ഓര്‍ഡര്‍ വാങ്ങിച്ചു. എന്നാല്‍ ആ ഓര്‍ഡര്‍ നിലനില്‍ക്കെ തന്നെ 2016 ഏപ്രില്‍ 26 ാം തിയതി ഇവിടുത്തെ ലോക്കല്‍ കമ്മിറ്റിയുടെ പിന്തുണയോടെ അമ്പലക്കമ്മിറ്റിയും ചേര്‍ന്ന് പൂരക്കളി കളിക്കുന്ന പറമ്പിലൂടെ അവര്‍ റോഡ് വെട്ടി. “”- ബിന്ദു പറയുന്നു.
ഞങ്ങള്‍ മൂന്ന് പെണ്‍മക്കളാണ്. എല്ലാവരും വിവാഹിതരാണ്. റോഡ് വെട്ടിയതിന് ശേഷം ഇവര്‍ പറമ്പില്‍ നിന്ന് തേങ്ങ പറിക്കാനും ആദായം എടുക്കാനും തുടങ്ങി. ഞങ്ങളെ ഒന്നും എടുക്കാനും സമ്മതിച്ചില്ല.
നിങ്ങള്‍ ഒരുപാട് കേസ് കൊടുത്തിട്ടുണ്ടെന്നും ആ കേസ് നടത്താന്‍ ഈ പറമ്പിലെ തേങ്ങയും ആദായവും ഞങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും പറഞ്ഞാണ് അവര്‍ ഇതെടുക്കുന്നത്. പൂട്ടുപൊളിച്ച് അവര്‍ തേങ്ങയൊക്കെ കൊണ്ടുപോയി. വീട്ടിലെ പ്ലബ്ബിങ്ങിന്റെ പൈപ്പുകള്‍ കട്ട് ചെയ്തുകളയുകയും കിണറ്റില്‍ മാലിന്യങ്ങള്‍ കൊണ്ടുതള്ളിയും എല്ലാമാണ് ഉപദ്രവിക്കുന്നത്. ആ വിഷയത്തില്‍ ഞങ്ങള്‍ പൊലീസില്‍ പരാതി കൊടുത്തതാണ്.
ഞങ്ങള്‍ വീട്ടിലേക്ക് പോകുമ്പോഴും വഴിയില്‍ തടയലും ഭീഷണിയുമാണ്. 2018 മെയ് രണ്ടിന് ഞങ്ങളില്‍ മൂത്തയാളുടെ വീട്ടില്‍ നിന്നും വൈകിട്ട് അമ്മ അവിടേക്ക് പോയിരുന്നു. അമ്മ വീടിനുള്ളില്‍ കയറിയ ഉടനെ സമീപത്തെ സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം വീടിനകത്തേക്ക് അതിക്രമിച്ച് കയറി അമ്മയെ ചീത്ത വിളിക്കുകയും വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയുമായിരുന്നു.
അമ്മയെ തല്ലിയോടിച്ചു എന്ന് പറയുന്നതാവും നല്ലത്. കുറേ കുടുംബശ്രീ പ്രവര്‍ത്തകരും സി.പി.ഐ.എമ്മിന്റെ മറ്റു നേതാക്കളുമായിരുന്നു അന്ന് ഇതെല്ലാം ചെയ്തത്. സ്ഥലം തരുന്നില്ല എങ്കില്‍ നിങ്ങളെ ഇവിടെ നില്‍ക്കാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞാണ് ഇവര്‍ ഇതൊക്കെ ചെയ്യുന്നത്.
ഉടന്‍ തന്നെ അമ്മ മകളെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു അവര്‍. അമ്മയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു വന്നു. അമ്മയുടെ സാരി വരെ അവര്‍ ഉരിഞ്ഞു.ഇനി ഈ വീട്ടിലേക്ക് വന്നാല്‍ വീട് തല്ലിപ്പൊളിച്ച് തീയിടുമെന്നും ഭീഷണിപ്പെടുത്തി.
ഈ കാര്യങ്ങളൊക്കെ കാണിച്ച് നീലേശ്വരം സ്റ്റേഷനില്‍ അമ്മ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാരായവരുടെ പേരുകള്‍ സഹിതമാണ് പരാതി നല്‍കിയത്. പക്ഷേ, പൊലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല””- ബിന്ദു പറയുന്നു.
എന്നാല്‍ രാധയും കുടുംബങ്ങളും ആരോപിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് സി.പി.ഐ.എം പോരോട് ലോക്കല്‍ കമ്മിറ്റിയംഗവും വാര്‍ഡ് കൗണ്‍സിലറുമായ ടി. കുഞ്ഞികൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. “” അവരുടെ കുടുംബം വികസനത്തിന് എതിരായിട്ടുള്ള രീതിയിലാണ് സംസാരിക്കുന്നത്. ജനങ്ങളുടെ വികാരവുമായി ബന്ധമില്ലാത്ത കാര്യമാണ് അവര്‍ പത്രസമ്മേളനം നടത്തി പറഞ്ഞിരിക്കുന്നത്. 100 കോടി രൂപയുടെ വികസന പദ്ധതിയാണ് ഇത്. രണ്ട് വര്‍ഷമായി ഇവര്‍ കാരണം അത് മുടങ്ങിക്കിടക്കുകയാണ്. ആദ്യം സ്ഥലം തരാമെന്നും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാകുകയുമായിരുന്നു. ഇനിയും വൈകിക്കാന്‍ നാട്ടുകാര്‍ തയ്യാറല്ല. ചെറിയ ഒരു മാറ്റം വരുത്തി വികസന പദ്ധതി പൂര്‍ത്തീകരിക്കാനാണ് ആക്ഷന്‍ കമ്മിറ്റിയും പാര്‍ട്ടിയും നാട്ടുകാരും തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ സ്ഥലമൊന്നും വികസനത്തിന് വേണ്ടി എടുക്കുന്നില്ല.
സത്യവുമായി പുലബന്ധം പോലും ഇല്ലാത്ത കാര്യങ്ങളാണ് ഇവര്‍ പത്രസമ്മേളനത്തില്‍ വിളിച്ചുപറഞ്ഞിരിക്കുന്നത്. രാധ പെന്‍ഷന്‍ മേടിക്കുന്നവരാണ് മൂന്ന് മക്കളും ഭര്‍ത്താക്കന്‍മാരും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്നവരാണ്. ഒരു മാസത്തില്‍ നാലര ലക്ഷം രൂപ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കുന്ന ഇവരാണ് സര്‍ക്കാരിന്റെ തന്റെ 100 കോടിയുടെ വികസന പദ്ധതിക്ക് എതിരായി നില്‍ക്കുന്നത്. ഇത് ഒരു കാരണവശാലും ശരിയല്ല. നാടിന്റെ വികസനമാണ് വലുത്. ശുദ്ധജലവും കൃഷിക്കാവശ്യവുമായ വെള്ളവും കിട്ടുന്ന പദ്ധതിയാണ്. നീലേശ്വരം പഞ്ചായത് ചെറുവത്ത് പഞ്ചായത്ത് ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. അത് എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക എന്നതാണ് നാടിന്റെ ആവശ്യം. മറ്റുള്ളതൊന്നും വസ്തുതയ്ക്ക് നിരക്കാത്തതാണ്””- അദ്ദേഹം പറയുന്നു.
ആദ്യത്തെ പരാതി പൊലീസില്‍ നല്‍കിയപ്പോള്‍ അവര്‍ നടപടിയെടുക്കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും തങ്ങള്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ പൊലീസുകാര്‍ തങ്ങളോട് കയര്‍ത്തുസംസാരിക്കുകയുണ്ടായതെന്നും രാധയുടെ വീട്ടുകാര്‍ പറയുന്നു.
നാലേമുക്കാല്‍ സെന്റ് സ്ഥലം രേഖാമൂലം ക്ഷേത്രത്തിന് കൊടുത്തത് കൊണ്ട് അത് ക്ഷേത്രത്തിന്റേതാണെന്നാണ് അവരുടെ നിലപാട്. അതുകൊണ്ടാണ് തങ്ങള്‍ അതിലൂടെ റോഡ് വെട്ടിയതെന്നുമാണ് ക്ഷേത്രകമ്മിറ്റിക്കാര്‍ പറയുന്നത്. താഴെക്കിടയില്‍ നിന്നും സമ്മര്‍ദ്ദം ചെലുത്തിയും ദ്രോഹം ചെയ്തും സ്ഥലം മേടിക്കാമെന്നാണ് നേതാക്കള്‍ കരുതിയിരിക്കുന്നത്. ഇത് കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണ്.