| Friday, 31st August 2018, 8:33 am

കിടപ്പറയുടെ വാതിലടയ്ക്കാന്‍ പോലും അവര്‍ അനുവദിക്കുന്നില്ല; തങ്ങള്‍ സദാസമയവും നിരീക്ഷണത്തിലെന്ന് അറസ്റ്റിലായ നവ്‌ലാഖയുടെ പങ്കാളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തങ്ങള്‍ മുഴുവന്‍ സമയം പൊലീസ് നിരീക്ഷണത്തിലാണെന്നും കിടപ്പറയുടെ വാതില്‍ അടയ്ക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ലെന്നും അറസ്റ്റിലായ ഗൗതം നവ്‌ലാഖയുടെ പങ്കാളി സഭാ ഹുസൈന്‍. നിരന്തരമായ നിരീക്ഷണത്തിലുള്ള ജീവിതം ദുസ്സഹമാണെന്ന് സഭാ ഹുസൈന്‍ പറയുന്നു. ദല്‍ഹി നെഹ്‌റു എന്‍ക്ലേവിലെ വസതിയില്‍ വീട്ടുതടങ്കലിലാണ് നവ്‌ലാഖയിപ്പോള്‍.

“ഉറങ്ങുമ്പോള്‍ പോലും കിടപ്പറയുടെ വാതില്‍ തുറന്നിടാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു. ഞാന്‍ ദേഷ്യം കൊണ്ടു വിറച്ചു പോയി. അവരോട് മാപ്പു പറയാനവശ്യപ്പെടുകയും ചെയ്തു.” സഭാ പറയുന്നു. “വീട്ടില്‍ എല്ലായ്‌പ്പോഴും പൊലീസുണ്ട്. വീടിനകത്ത് എവിടെയെല്ലാം പോയാലും അവര്‍ സദാസമയം നിരീക്ഷിച്ചുകൊണ്ടിരിക്കും.”

വീടിനകത്തു നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളറിയാതിരിക്കാന്‍ ചുവന്ന തുണിയിട്ട് വീടുതന്നെ മറച്ചിട്ടുണ്ട്. ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അകത്തേക്കു കയറ്റിവിടുന്നില്ല. ബാങ്കുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ നവ്‌ലാഖയെ സഹായിക്കുന്നവര്‍ക്കു പോലും അകത്തേക്കു പ്രവേശനമില്ല, സഭാ പറഞ്ഞു.

Also Read: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: അപ്രഖ്യാപിത അടിയന്തരാവസ്ഥയ്‌ക്കെതിരെ ആയിരങ്ങള്‍ തെരുവില്‍, കേരളത്തിലും പ്രതിഷേധം

കനത്ത പൊലീസ് കാവലും ബാരിക്കേഡുകളുമൊക്കെയാണ് നവ്‌ലാഖയുടെ വീടിനു പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആരേയും അകത്തേക്കു കടത്തിവിടാത്തതിനാല്‍ തനിക്ക് പുറത്തേക്ക് പോകേണ്ടിവരുന്നെന്നും, നവ്‌ലാഖയെ തനിച്ചാക്കി പോകുന്നതില്‍ തനിക്ക് ഭയമുണ്ടെന്നും സഭാ ഹുസൈന്‍ മാധ്യമങ്ങളോടു പറയുന്നു. എന്നാല്‍, നവ്‌ലാഖ ആത്മവിശ്വാസത്തിലാണെന്നും, എന്തു നേരിടാന്‍ തയ്യാറാണെന്നും സഭാ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്.

മറ്റു നാലു മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കൊപ്പം ആഗസ്ത് 28നാണ് നവ്‌ലാഖയെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ ജയിലിലേക്ക് മാറ്റരുതെന്ന സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന് വീട്ടു തടങ്കലില്‍ വയ്ക്കുകയായിരുന്നു. വലിയ പ്രതിഷേധങ്ങളാണ് രാജ്യമെങ്ങും അറസ്റ്റുകള്‍ക്കെതിരെ നടക്കുന്നത്.

We use cookies to give you the best possible experience. Learn more