ശ്രീനഗര്‍: 40 ദിവസത്തിനിപ്പുറവും കശ്മീരില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്നും ആളുകള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഇപ്പോഴും നിഷേധിക്കപ്പെടുകയാണെന്നും കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍.
പുറത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ കുറവാണെങ്കിലും താഴ്‌വരിയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കടുത്ത നിയന്ത്രണമാണ് നേരിടുന്നതെന്നും അനുരാധ ബാസിന്‍ പറഞ്ഞു. ഗതാഗത സംവിധാനങ്ങളെല്ലാം നിലച്ചതിനാല്‍ റിപ്പോര്‍ട്ടിങ്ങിന് തടസമുണ്ടെന്നും ‘ദി ലോജിക്കല്‍ ഇന്ത്യന്’ നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ശ്രീനഗര്‍ ബ്യൂറോയിലെ എട്ടോളം റിപ്പോര്‍ട്ടേഴ്‌സുമായി ഞങ്ങള്‍ ബന്ധപ്പെട്ടിരുന്നു. മറ്റ് ജില്ലകളിലെ ഞങ്ങളുടെ കറസ്പോണ്ടന്റുകളെയും സ്ട്രിംഗേഴ്‌സിനേയും കുറിച്ച് ഞങ്ങള്‍ക്കറിയില്ല. അവരുമായി ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അവര്‍ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല.- അനുരാധ ബാസിന്‍ പറഞ്ഞു.
താഴ്വരയില്‍ ലാന്‍ഡ്ലൈന്‍ സേവനങ്ങള്‍ പുന സ്ഥാപിച്ചുവെന്ന സര്‍ക്കാര്‍ അവകാശവാദത്തെയും അവര്‍ എതിര്‍ത്തും. മിക്ക ആളുകള്‍ക്കും അവിടെ ലാന്‍ഡ്ലൈന്‍ ഫോണുകളില്ലെന്നും ഓഫീസുകള്‍ ഉള്‍പ്പെടെ മൊത്തം ഒരു ലക്ഷം ലാന്‍ഡ്ലൈന്‍ ഫോണുകള്‍ ഇപ്പോള്‍ ലഭ്യമാണെന്നായിരുന്നു ഇവരുടെ മറുപടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മൊബൈല്‍ ഫോണുകള്‍ വന്ന ശേഷം നിരവധി ആളുകള്‍ സ്വകാര്യ ലാന്‍ഡ്ലൈനുകള്‍ വിച്ഛേദിച്ചിരുന്നു. ഇപ്പോള്‍ കശ്മീര്‍ മീഡിയ സെന്റര്‍ മാത്രമാണ് വാര്‍ത്ത കൈമാറുന്നതിനുള്ള ഏക മാര്‍ഗം.
(കശ്മീര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കാനായി ഭരണകൂടം നല്‍കിയ ഇടമാണ് കശ്മീര്‍ മീഡിയ സെന്റര്‍) ആശയവിനിമയം പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ താഴ്‌വരയില്‍ നടക്കുന്ന കാര്യങ്ങളൊന്നും അറിയാന്‍ സാധിക്കുന്നില്ല.
അതാണ് ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ട്. വിവരങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ല. വ്യാജ വാര്‍ത്തകള്‍ പരിശോധിക്കുന്നതിനുള്ള മാര്‍ഗങ്ങളുമില്ല.
നേരത്തെ മാധ്യമങ്ങളുമായി വിവരം കൈമാറിയിരുന്ന ഉദ്യോഗസ്ഥരൊന്നും ഇപ്പോള്‍ ഒന്നും സംസാരിക്കാന്‍ തയ്യാറാവുന്നില്ല. ഒരു വിവരവും പുറത്തുവിടാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നാണ് അവര്‍ പറയുന്നത്. പത്രങ്ങളുടെ വില്‍പ്പന നിലച്ച അവസ്ഥയിലാണ്.
ഞങ്ങള്‍ ഒരു മാസമായി കശ്മീര്‍ ടൈംസ് ശ്രീനഗര്‍ പതിപ്പ് അച്ചടിക്കുന്നില്ല. ഞങ്ങളുടെ ആസ്ഥാനം ജമ്മുവിലാണ്, അതിനാല്‍ പേജുകളുടെ സോഫ്റ്റ് കോപ്പി കൈമാറാന്‍ ബുദ്ധിമുട്ടുണ്ട്. ആശയവിനിമയം സാധ്യമാകാത്ത കാരണം എഡിറ്റോറിയല്‍ തീരുമാനങ്ങള്‍ എടുക്കാനും കഴിയുന്നില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹേബിയസ് കോര്‍പ്പസ് ഉള്‍പ്പെടെ നിരവധി ഹരജികള്‍ നല്‍കിയിട്ടുണ്ട്. ഏകദേശം 7-8 ഹരജികള്‍. അതില്‍ രണ്ടെണ്ണം ഇന്ത്യന്‍ വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ സമര്‍പ്പിച്ചതാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍, കുട്ടികളെ തടഞ്ഞുവയ്ക്കല്‍, ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നീ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണ് മറ്റു ഹരജികള്‍. – അനുരാധ പറഞ്ഞു.
പ്രാദേശിക റിപ്പോര്‍ട്ടിംഗിന്റെ കാര്യവും കഷ്ടമാണ്. 8-10 പേജുകള്‍ അച്ചടിക്കുന്നുണ്ട്. പക്ഷേ കൃത്യമായ വിവരങ്ങളോ എഡിറ്റോറിയലുകളോ കമന്റുകളോ പത്രങ്ങളില്‍ കാണാനാവില്ല.- അനുരാധ പറഞ്ഞു.
എന്നാല്‍ ഹരജിയിലെ ജുഡീഷ്യല്‍ നടപടികളെക്കുറിച്ചും കശ്മീര്‍ സന്ദര്‍ശനത്തെക്കുറിച്ച് സി.ജെ.ഐ രജ്ഞന്‍ ഗോഗോയ് നടത്തിയ പ്രസ്താവനയെ കുറിച്ചും അനുരാധ ബാസിന്‍ പ്രതികരിച്ചില്ല.