വൈശാഖ് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പോക്കിരി രാജ. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ നായകന്മാരായി എത്തിയ സിനിമയില്‍ സിദ്ദിഖ്, ശ്രിയ ശരണ്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, സലിംകുമാര്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
നടി തസ്‌നി ഖാനും പോക്കിരി രാജയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സലിംകുമാറിന്റെ പങ്കാളി ആയിട്ടാണ് തസ്‌നി അഭിനയിച്ചത്. തന്നെ പോക്കിരി രാജയിലേക്ക് വിളിച്ചതിനെ കുറിച്ച് പറയുകയാണ് നടി. സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തസ്‌നി ഖാന്‍.
കാര്യസ്ഥന്റെ തൊട്ടുമുമ്പ് പോക്കിരി രാജ എന്ന മമ്മൂട്ടിയുടെ ഒരു സിനിമ ഉണ്ടായിരുന്നു. അതില്‍ ഞാന്‍ സലിംകുമാറിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. അത് വലിയൊരു സംഭവമായിരുന്നു. ഒരു ദിവസം സിനിമാലയുടെ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയ സമയത്താണ് എനിക്ക് കോള്‍ വരുന്നത്.
‘ഹലോ, ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെയ്‌സണ്‍ ഇളംകുളം’ എന്ന് പറഞ്ഞായിരുന്നു ആ ഫോണ്‍ കോള്‍. ഞാന്‍ അതത്ര കാര്യമാക്കി എടുത്തിരുന്നില്ല. കാരണം സിനിമകള്‍ ഒന്നുംതന്നെ ഇല്ലാത്ത സമയത്തായിരുന്നു വിളിക്കുന്നത്. സിനിമാല മാത്രം ചെയ്യുന്ന സമയമായിരുന്നു അത്.
മമ്മൂട്ടിയുടെ പടത്തിനായി പത്ത് ദിവസം ഡേറ്റ് ബ്ലോക്ക് ചെയ്യണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കേട്ടതും എനിക്ക് ചിരിവന്നു. ഏതെങ്കിലും മിമിക്രിക്കാര് കളിയാക്കുകയാകും എന്നായിരുന്നു ഞാന്‍ കരുതിയത്. ‘ഹോ, പത്ത് ദിവസം മതിയോ’ എന്ന് ഞാന്‍ ചോദിച്ചു. ‘പത്ത് ദിവസം മതി, പിന്നെ വിളിച്ചോളാ’മെന്ന് പറഞ്ഞ് അദ്ദേഹം കോള് കട്ട് ചെയ്തു.
ഞാന്‍ അന്ന് മമ്മിയോട് ഏതോ ഒരുത്തന്‍ എന്നെ വിളിച്ച് മമ്മൂട്ടിയുടെ പടത്തില്‍ പത്ത് ദിവസത്തെ ഡേറ്റ് ചോദിച്ച് കളിയാക്കുകയാണെന്ന് പറഞ്ഞു. ചിലപ്പോള്‍ അത് കാര്യമായിട്ടാണെങ്കിലോ എന്നായിരുന്നു മമ്മി തിരിച്ച് ചോദിച്ചത്. എന്നാല്‍ എനിക്ക് ആര് മമ്മൂട്ടിയുടെ പടം തരാനാണെന്നായിരുന്നു എന്റെ ചിന്ത.
രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും കോള് വന്നു. പത്താം തീയതി മുതല്‍ ഇരുപതാം തീയതി വരെ ഡേറ്റ് വേണമെന്ന് പറഞ്ഞു. ആരാണ് സംസാരിക്കുന്നത് കളിയാക്കുകയാണോയെന്ന് ചോദിച്ചപ്പോള്‍ വീണ്ടും ജെയ്‌സണ്‍ ഇളംകുളമാണെന്ന് പറഞ്ഞു. ഉദയകൃഷ്ണ സിബി കെ. തോമസ് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും പറഞ്ഞു.
അതുകേട്ടതും എനിക്ക് പേടിയായി. അദ്ദേഹം എന്നോട് ചൂടാകുകയും കോള്‍ കട്ട് ചെയ്യുകയും ചെയ്തു. ആ ചാന്‍സ് കയ്യില്‍ നിന്ന് പോയെന്ന് തന്നെയായിരുന്നു ഞാന്‍ കരുതിയത്. ഉടനെ ഞാന്‍ ഉദയേട്ടനെ വിളിച്ചു. അദ്ദേഹം പറഞ്ഞിട്ടാണ് വിളിച്ചതെന്നായിരുന്നു എനിക്ക് കിട്ടിയ മറുപടി. അങ്ങനെയാണ് ഞാന്‍ പോക്കിരിരാജയില്‍ എത്തുന്നത്,’ തസ്‌നി ഖാന്‍ പറഞ്ഞു.
Content Highlight: Thesni Khan Talks About Mammootty And Pokkiri Raja Movie