മിമിക്രിയിലൂടെ വന്ന് സിനിമയില്‍ മികച്ച ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് തെസ്‌നി ഖാന്‍. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെയാണ് നടി ശ്രദ്ധേയയായത്. പിന്നീട് തെസ്‌നി മികച്ച ധാരാളം സിനിമകളുടെ ഭാഗമായി.
വൈശാഖ് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ പോക്കിരി രാജ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും നായകന്മാരായി എത്തിയ സിനിമയില്‍ സലിംകുമാറിന്റെ പങ്കാളി ആയിട്ടാണ് തെസ്നി അഭിനയിച്ചത്. താന്‍ പോക്കിരി രാജയിലേക്ക് എത്തിയതിനെ കുറിച്ച് സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ പറയുകയാണ് നടി.
‘2010 എന്ന വര്‍ഷം എനിക്ക് ഒരിക്കലും മറക്കാനാവില്ല. അന്ന് പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്. കാര്യസ്ഥന്‍ എന്ന സിനിമയുടെ തൊട്ടുമുമ്പ് പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രം ചെയ്യാനുണ്ടായിരുന്നു. സലിംകുമാറിന്റെ ഭാര്യയായിട്ടാണ് അതില്‍ ഞാന്‍ അഭിനയിച്ചത്. അത് ശരിക്കും വലിയൊരു സംഭവമായിരുന്നു. സിനിമാലയുടെ ഷൂട്ടിങ് കഴിഞ്ഞ് ഒരു ദിവസം ഞാന്‍ വീട്ടിലെത്തിയ സമയത്താണ് എനിക്ക് ആ കോള്‍ വരുന്നത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെയ്സണ്‍ ഇളംകുളമാണെന്ന് പറഞ്ഞായിരുന്നു ആ ഫോണ്‍ കോള്‍. എന്നാല്‍ അന്ന് ഞാന്‍ അതത്ര കാര്യമാക്കി എടുത്തില്ല. കാരണം സിനിമകള്‍ ഒന്നുമില്ലാത്ത സമയമായിരുന്നു അത്. സിനിമാല മാത്രമായിരുന്നു ഞാന്‍ ചെയ്തിരുന്നത്. ആ എന്നോട് മമ്മൂട്ടിയുടെ പടത്തിനായി പത്ത് ദിവസം ഡേറ്റ് ബ്ലോക്ക് ചെയ്യണമെന്നായിരുന്നു അന്ന് കോളില്‍ അദ്ദേഹം പറഞ്ഞത്.
എനിക്ക് അതുകേട്ടതും ചിരിവന്നു. കളിയാക്കാനായി ഏതെങ്കിലും മിമിക്രിക്കാര് വിളിച്ചതാകുമെന്നായിരുന്നു ഞാന്‍ ആദ്യം കരുതിയത്. പത്ത് ദിവസം ഡേറ്റ് മതിയോയെന്ന് ഞാന്‍ തിരികെ ചോദിച്ചു. പത്ത് ദിവസം മതി. പിന്നെ വിളിച്ചോളാമെന്ന് പറഞ്ഞ് അന്ന് അദ്ദേഹം ആ കോള് കട്ട് ചെയ്തു. ഏതോ ഒരുത്തന്‍ എന്നെ വിളിച്ച് മമ്മൂട്ടിയുടെ പടത്തില്‍ പത്ത് ദിവസത്തെ ഡേറ്റ് ചോദിച്ച് കളിയാക്കുകയാണെന്ന് ഞാന്‍ അന്ന് മമ്മിയോട് പറഞ്ഞു.
ചിലപ്പോള്‍ അത് കാര്യമായിട്ടാണെങ്കിലോയെന്ന് മമ്മി തിരികെ ചോദിച്ചു. എന്നാല്‍ എനിക്ക് ആര് മമ്മൂട്ടിയുടെ പടം തരാനാണ് എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞതും എനിക്കും വീണ്ടും കോള് വന്നു. ആ സിനിമക്കായി പത്താം തീയതി മുതല്‍ ഇരുപതാം തീയതി വരെ ഡേറ്റ് വേണമെന്ന് അദ്ദേഹം പറഞ്ഞു. ആരാണ് സംസാരിക്കുന്നത് കളിയാക്കുകയാണോയെന്ന് ചോദിച്ചതും ജെയ്സണ്‍ ഇളംകുളമാണെന്നായിരുന്നു വീണ്ടും മറുപടി.
അദ്ദേഹം ഉദയകൃഷ്ണ സിബി കെ. തോമസ് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും പറഞ്ഞു. അതുകേട്ടതും എനിക്ക് ആകെ പേടിയായി. അദ്ദേഹം ദേഷ്യപ്പെട്ട് കോള്‍ കട്ട് ചെയ്തു. അതോടെ ഞാന്‍ ആ സിനിമ കയ്യില്‍ നിന്ന് പോയെന്നായിരുന്നു കരുതിയത്. ഉദയേട്ടനെ വിളിച്ച് കാര്യം ചോദിച്ചു. അദ്ദേഹം പറഞ്ഞിട്ടാണ് വിളിച്ചതെന്നായിരുന്നു കിട്ടിയ മറുപടി. അത് കേട്ടതും എനിക്ക് സന്തോഷമായി. അങ്ങനെയാണ് ഞാന്‍ മമ്മൂട്ടിയുടെ പോക്കിരി രാജയില്‍ എത്തുന്നത്,’ തെസ്നി ഖാന്‍ പറയുന്നു.
Content Highlight: Thesni Khan Talks About Her Role In Pokkiri Raja