| Friday, 6th December 2024, 7:56 am

രണ്ട് സീനിലേക്ക് വന്ന എനിക്ക് അയാള്‍ നാല് സീനുകള്‍ തന്നു; ആ സിനിമ തിയേറ്ററില്‍ കയ്യടി വാങ്ങിതന്നു: തസ്‌നി ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2011ല്‍ പുറത്തിറങ്ങിയ സിനിമയാണ് ബ്യൂട്ടിഫുള്‍. ജയസൂര്യ, അനൂപ് മേനോന്‍, മേഘന രാജ് എന്നിവരായിരുന്നു ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തളര്‍ച്ച മൂലം നടക്കാന്‍ കഴിയാത്ത സ്റ്റീഫന്റേയും ഗായകനായ ജോണിന്റെയും കഥയാണ് ബ്യൂട്ടിഫുള്ളിലൂടെ പറഞ്ഞത്. സിനിമയില്‍ നടി തസ്‌നി ഖാനും അഭിനയിച്ചിരുന്നു. ‘കന്യക’ എന്ന കഥാപാത്രമായിട്ടായിരുന്നു നടി ചിത്രത്തില്‍ എത്തിയത്.

ഉദയ്കൃഷ്ണ സിബി കെ. തോമസിന് ശേഷം തനിക്ക് ദൈവം അനുഗ്രഹിച്ച് കിട്ടിയ ഒരു തിരക്കഥാകൃത്താണ് അനൂപ് മേനോനെന്ന് പറയുകയാണ് തസ്‌നി. അദ്ദേഹം വളരെ പെട്ടെന്നാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലേക്ക് തന്നെ വിളിക്കുന്നതെന്നും നടി പറയുന്നു. സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തസ്‌നി ഖാന്‍.

‘ഉപ്പച്ചി മരിച്ചതിന് ശേഷം എനിക്ക് കുറച്ച് പടങ്ങള്‍ പെട്ടെന്ന് കിട്ടി. ഉദയ്കൃഷ്ണ സിബി കെ. തോമസിന് ശേഷം എനിക്ക് ദൈവം അനുഗ്രഹിച്ചിട്ട് കിട്ടിയ ഒരു സ്‌ക്രിപ്റ്റ് റൈറ്ററാണ് അനൂപ് മേനോന്‍. അദ്ദേഹം വളരെ പെട്ടെന്നാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലേക്ക് വിളിക്കുന്നത്.

ആകെ രണ്ട് സീനിന് വേണ്ടിയായിരുന്നു വിളിച്ചത്. പക്ഷെ ആ രണ്ട് സീന്‍ ചെയ്ത് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരുപാട് സന്തോഷമായി. വളരെ നന്നായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു. വി.കെ. പ്രകാശ് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. വി.കെ.പിയുടെ ലൊക്കേഷന്‍ സത്യത്തില്‍ ഒരു യൂണിവേഴ്‌സിറ്റിയാണ്.

അഭിനയം എന്താണെന്നും അഭിനയം ബിഹേവിങ്ങാണെന്നും പഠിപ്പിച്ചു തരുന്ന യൂണിവേഴ്‌സിറ്റി ആയിരുന്നു അത്. അഭിനയിക്കുകയല്ല നമ്മള്‍ ബിഹേവ് ചെയ്യുകയാണ് വേണ്ടതെന്നൊക്കെ അദ്ദേഹമാണ് പറഞ്ഞു തരുന്നത്. പുരികം പൊക്കി പോലും നമ്മള്‍ അഭിനയിക്കരുത്.

വളരെ നാച്ചുറലായി സംസാരിക്കുന്നത് പോലെയാണ് അഭിനയം എന്നുള്ളത് പറഞ്ഞുപഠിപ്പിച്ച അദ്ദേഹം വെറുതെ സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞു. സ്‌ക്രിപ്‌റ്റൊന്നും നോക്കേണ്ടെന്നും പറഞ്ഞു. അങ്ങനെ വെറുതെ ഡയലോഗ് വായിച്ച ശേഷം അഭിനയിച്ചു.

അന്ന് ഞാന്‍ ആ രണ്ട് സീന്‍ അഭിനയിച്ചിട്ട് ഇഷ്ടമായതും അനൂപ് മേനോന്‍ അവിടെ തന്നെയിരുന്ന് രണ്ട് സീനുകള്‍ കൂടെ എഴുതി. അങ്ങനെ മൊത്തം നാല് സീനുകളായി. എനിക്ക് തിയേറ്ററില്‍ കയ്യടി വാങ്ങി തന്ന ഒരു സിനിമയാണ് ബ്യൂട്ടിഫുള്‍,’ തസ്‌നി ഖാന്‍ പറഞ്ഞു.


Content Highlight: Thesni Khan Talks About Beautiful Movie

We use cookies to give you the best possible experience. Learn more