| Friday, 25th November 2022, 6:22 pm

ആ പാട്ടില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കാന്‍ എം.ടി സാറാണ് എന്നെ വിളിച്ചത്: തെസ്‌നി ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭരതന്റെ സംവിധാനത്തിലെത്തിയ വൈശാലിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് തെസ്‌നി ഖാന്‍. ചിത്രത്തിന് തിരക്കഥ എഴുതിയ എം.ടി സാറാണ് തന്നെ അഭിനയിക്കാന്‍ വിളിച്ചതെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തെസ്‌നി പറഞ്ഞു.

‘വൈശാലി എന്ന സിനിമയിലേക്ക് എ.ടി. സാറാണ് വിളിക്കുന്നത്. ഇന്ദുപുഷ്പം എന്ന പാട്ടില്‍ ഞാന്‍ തോഴിയായി നില്‍ക്കുന്നത് കാണാം. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് നില്‍ക്കുന്നത് എന്ന ഫീലൊന്നും എനിക്ക് തോന്നിയില്ല. എം.ടി. സാര്‍ പറഞ്ഞിട്ടാണ് ഞാന്‍ വരുന്നത്. ഇപ്പോഴും ആളുകള്‍ വൈശാലി കാണുന്നുണ്ട്. എവര്‍ഗ്രീന്‍ സിനിമയാണ് വൈശാലിയും ഗോഡ് ഫാദറുമൊക്കെ.

ഇതിലൊക്കെ സുഹൃത്തിന്റെ റോളാണ് ഞാന്‍ അഭിനയിച്ചത്. നമ്മുടെ പ്രയത്‌നമാണ് എല്ലാം. എല്ലാം സഹിക്കണം. ഒരു കൂട്ടുകാരിയായിട്ടാണ് എന്ന് പറഞ്ഞപ്പോള്‍ സങ്കടമുണ്ടായിരുന്നു. ആദ്യം സിനിമയിലൊന്ന് മുഖം കാണിച്ചാല്‍ മതിയെന്നായിരുന്നു. ഡെയ്‌സിയിലായിരുന്നു ആദ്യം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിട്ടായിരുന്നു. കൂട്ടുകാരിയായാല്‍ കൂട്ടുകാരി തന്നെയാവും. അതാണ് സിനിമയിലെ ഒരു ട്രാക്ക്. എനിക്ക് അത് അറിയില്ലായിരുന്നു. വല്യ ഹീറോയിനായി വന്ന ആളൊന്നുമല്ല ഞാന്‍. ഒരു ആവറേജ് പെണ്‍കുട്ടിയായിരുന്നു,’ തെസ്‌നി പറഞ്ഞു.

നേരത്തെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളും തെസ്‌നി ഖാന്‍ പങ്കുവെച്ചിരുന്നു. ‘പോക്കിരിരാജ ഇറങ്ങുന്നത് 2010ല്‍ ആണ്. അതിനും 20 വര്‍ഷം മുമ്പ് 1990ല്‍ മമ്മൂക്കയോടൊപ്പം കളിക്കളം എന്നൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഒറ്റ ദിവസത്തേക്കായിരുന്നു അത്. അന്നൊക്കെ ആഗ്രഹിച്ചിട്ടുണ്ട് മമ്മൂക്കയുടെ കൂടെ ഒരു സിനിമയിലെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്.

പോക്കിരി രാജയ്ക്കു ശേഷം കാര്യസ്ഥന്‍, ഡയമണ്ട് നെക്ലേസ് തുടങ്ങി ഒട്ടേറെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചു. ആ സിനിമകളില്‍ നിന്ന് ലഭിച്ച പൈസയാണ് ഇന്നു ഞാന്‍ ഇരിക്കുന്ന വീട്. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയില്‍ മമ്മൂക്കയോടൊപ്പം അഭിനയിച്ചിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ ചിട്ടപ്പെടുത്തണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വന്തമായി ഒരു വീട് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവും അന്ന് മമ്മൂക്ക ഉപദേശിച്ചു. പിന്നീട് ഓരോ സിനിമ കഴിയുമ്പോഴും ചെറിയ തുകകള്‍ സ്വരുക്കൂട്ടിത്തുടങ്ങി.

തമ്മനത്ത് പണി തുടങ്ങിയ ഒരു ഫ്‌ളാറ്റിനു അഡ്വാന്‍സ് കൊടുത്തു. പണിയുടെ ഓരോ ഘട്ടത്തിലും തുക കൈമാറിയാല്‍ മതി എന്നുള്ളത് സഹായകരമായി. അപ്പോഴൊക്കെ ദൈവാനുഗ്രഹം പോലെ അടുപ്പിച്ചു സിനിമകള്‍ കിട്ടി. അങ്ങനെ 2015 ല്‍ എനിക്കും സ്വന്തമായി തല ചായ്ക്കാന്‍ ഒരു വീടായി. ഞങ്ങള്‍ ഏറെക്കാലം വാടകയ്ക്കു താമസിച്ച തമ്മനത്തു തന്നെയാണ് 900 ചതുരശ്രയടിയുള്ള 2 ബി.എച്ച്.കെ ഫ്‌ലാറ്റ് വാങ്ങിയത്. ആഷിയാന എന്നാണ് ഫ്‌ലാറ്റിന് പേരിട്ടിരിക്കുന്നത്. ആഷിയാന എന്ന വാക്കിന്റെ അര്‍ത്ഥം കിളിക്കൂട് എന്നാണ്. മമ്മൂക്കയാണ് ആ പേരിട്ടത്,’ തെസ്‌നി ഖാന്‍ പറഞ്ഞു.

Content Highlight: thesni khan about her experience in vaishali movie

We use cookies to give you the best possible experience. Learn more