| Wednesday, 4th September 2019, 7:10 pm

'ഹിറ്റ്മാന്‍' രോഹിതിന്റെ ടെസ്റ്റ് കരിയര്‍ അവസാനിക്കുന്നു? കാരണം ഈ മൂന്നു താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏകദിന, ട്വന്റി20 ക്രിക്കറ്റിലെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മയുടെ ടെസ്റ്റ് കരിയര്‍ അവസാനിക്കുന്നതായി സൂചന. രോഹിതിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെത്തുടര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

രോഹിതിനെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളും ആധികാരികമായാണ് ഇന്ത്യ ജയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നു താരങ്ങളാണ് ഇപ്പോള്‍ രോഹിതിന്റെ ടെസ്റ്റ് കരിയറിനു ഭീഷണിയായി നിലനില്‍ക്കുന്നത്. ആ താരങ്ങള്‍ ഇവരാണ്:

ഹനുമ വിഹാരി

വിന്‍ഡീസ് പര്യടനത്തില്‍ ഏറ്റവും മികച്ച ഫോമിലേക്കെത്തിയ ബാറ്റ്‌സ്മാനായിരുന്നു വിഹാരി. ആദ്യ ടെസ്റ്റില്‍ 93 റണ്‍സ് നേടിയ വിഹാരിക്ക് അതില്‍ നേടാനാകാതെ പോയ തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി രണ്ടാം ടെസ്റ്റില്‍ നേടാനായി.

കൂടാതെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറിയും നേടി. വിഹാരിക്കു തന്നെയായിരുന്നു മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും.

ആറാം നമ്പറിലാണ് വിഹാരി ഇപ്പോള്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യുന്നത്. നേരത്തേ രോഹിത് ശര്‍മയുടെയും സ്ഥാനം ആറാമതായിരുന്നു. വിഹാരി ഈ ഫോം തുടര്‍ന്നാല്‍ പ്ലേയിങ് ഇലവനില്‍ രോഹിതിനു സ്ഥാനം പിടിക്കാനാവില്ല.

മായങ്ക് അഗര്‍വാള്‍

ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന ടെസ്റ്റില്‍ അരങ്ങേറിയ ഈ താരത്തിന് പ്രാദേശിക ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ടീമിലേക്കുള്ള വഴി തെളിച്ചത്.

തന്റെ ആദ്യ മൂന്ന് ഇന്നിങ്‌സുകളില്‍ 76, 42, 77 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. ഓസീസ് ബൗളിങ്ങിനെതിരെ നിലവാരമുള്ള പ്രകടനമായിരുന്നു അഗര്‍വാളിന്റേത്.

വിന്‍ഡീസിനെതിരെ ഓപ്പണറായി ഇറങ്ങിയ മായങ്കിന് ആദ്യ രണ്ട് ഇന്നിങ്‌സുകളില്‍ തിളങ്ങാനായില്ലെങ്കിലും രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി നേടാനായിരുന്നു.

ടെസ്റ്റില്‍ മിഡില്‍ ഓര്‍ഡറില്‍ ബാറ്റ് ചെയ്യാറുള്ള രോഹിതിന് ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളിലെ സ്ഥാനം ഓപ്പണിങ്ങിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മായങ്കിന്റെയും ഒപ്പം ഓപ്പണറായി ഇറങ്ങുന്ന ലോകേഷ് രാഹുലിന്റെയും ഭേദപ്പെട്ട ബാറ്റിങ് പ്രകടനങ്ങളും ഈ സ്ഥാനത്തേക്കുള്ള രോഹിതിന്റെ പ്രവേശനത്തിനും വിലങ്ങുതടിയാണ്. ടെസ്റ്റില്‍ രോഹിതിനെ ഓപ്പണറായിറക്കണമെന്നതാണ് ഗാംഗുലി നേരത്തേ ആവശ്യപ്പെട്ടത്.

അജിന്‍ക്യ രഹാനെ

ടെസ്റ്റ് ടീമില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഈ താരം. ഏകദിന, ട്വന്റി 20 ഫോര്‍മാറ്റുകളില്‍ രോഹിതിനാണ് വൈസ് ക്യാപ്റ്റന്റെ പദവിയുള്ളത്.

കരിയറിലെ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്ന രഹാനെയ്ക്കു ഫോമിലേക്കു തിരിച്ചെത്താന്‍ സഹായിച്ചത് ഇക്കഴിഞ്ഞ കരീബിയന്‍ പര്യടനമായിരുന്നു.

ആദ്യ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയെ അര്‍ധശതകവുമായി ഒറ്റയ്ക്ക് രഹാനെ തോളിലേറ്റി. രണ്ടാം ഇന്നിങ്‌സിലാകട്ടെ, സെഞ്ചുറിയും. രണ്ടു വര്‍ഷത്തിനിടെ രഹാനെ നേടുന്ന ആദ്യ സെഞ്ചുറിയാണിതെന്ന പ്രത്യേകതയുമുണ്ട്.

രഹാനെയും ഫോമിലേക്കെത്തിയതോടെയാണ് രോഹിതിനു മധ്യനിരയിലെ സ്ഥാനം അടയുന്നത്. കൂടാതെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായി അത്ര സുഖത്തിലല്ല താരമെന്നതും പ്രശ്‌നമാണ്.

We use cookies to give you the best possible experience. Learn more