മധുരം കഴിക്കണം.ജീവിതം എന്നും മധുരമുള്ളതാകണം. പക്ഷെ മധുരം അധികമായാലോ..? പിന്നെ ജീവിതത്തിന് ഒരു മധുരവുമുണ്ടാകില്ല. ലോക പ്രമേഹ ദിനമായ ഇന്ന് ജീവിതത്തില്‍ പ്രമേഹം വില്ലനായ ഒരുപിടി കായിക താരങ്ങളെ പരിചയപ്പെടാം. അവരുടെ ജീവിതം ഓരോ പ്രമേഹ രോഗികള്‍ക്കും ഒരു പുസ്തകമാണ്. തോല്‍ക്കാതെ തിരിച്ചടിച്ച് ജിവിതം കൈപിടിയിലൊതുക്കിയവരാണ് ഇവരെല്ലാം
സ്പാനിഷ് ഫുട്‌ബോളറും റയല്‍ മാഡ്രിഡ് താരവുമായി നാച്ചോ പ്രമേഹ രോഗിയാണ്. ടൈപ്പ് 1 പ്രമേഹമാണ് നാച്ചോയെ ബാധിച്ചിരിക്കുന്നത്. പക്ഷെ നാച്ചോ ഇതറിഞ്ഞ് ബൂട്ടഴിച്ചില്ല. സ്പാനിഷ് ലോകകപ്പംഗമായ നാച്ചോ ലോകകപ്പില്‍ ഒരു തവണ ഗോള്‍ നേടി.മാത്രമല്ല റയല്‍ നിരയിലെ നിര്‍ണായക താരം കൂടിയാണ്.
പാക്കിസ്ഥാന്‍ ലോകത്തിന് സമ്മാനിച്ച മികച്ചൊരു ബോളറായിരുന്നു വസീം അക്രം. പാക് ബോളിങിന്റെ കുന്തമുനയായ വസീമിന് 29ാം വയസ്സിലാണ് പ്രമേഹം സ്ഥിരീകരിക്കുന്നത്. ടൈപ്പ് 1 ആയിരുന്നു അദ്ദേഹത്തേയും ബാധിച്ചത്. ജീവിതം തകര്‍ന്നെന്ന് തോന്നിയിടത്ത് നിന്ന് വസീം അല്‍ഭുതകരമായി തിരിച്ചെത്തിയതാണ് ലോകം പിന്നീട് കണ്ടത്.
പ്രമേഹം സ്ഥിരീകരിച്ച് സമയത്തായിരുന്നു വെസ്റ്റ് ഇന്‍ഡീസിനെതരിയാ മത്സരം. പക്ഷെ അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറാതെ മുഴുവന്‍ മത്സരവും കളിച്ചു. മാത്രമല്ല നിരവധി റെക്കോര്‍ഡുകള്‍ തന്‌റെ പേരില്‍ കുറിച്ചു. 1999ലാണ് അദ്ദേഹത്തില്‍ പ്രമേഹം സ്ഥിരീകരിക്കുന്നത്. എന്നാല്‍ വിരമിച്ചത് 2003ല്‍ മാത്രം.
ന്യുസീലന്‍ഡ് മുന്‍താരം ക്രെയ്ഗ് കമ്മിങും പ്രമേഹ രോഗിയായിരുന്നു. 2006ലാണ് ടൈപ്പ് 1 പ്രമേഹം സ്ഥിരീകരിക്കുന്നത്. കരിയര്‍ അവസാനിച്ചെന്ന് കമ്മിങ് കരുതി.പക്ഷെ നിശ്ചയാദാര്‍ഢ്യം തളര്‍ത്തിയില്ല. ഇന്‍സുലിന്‍ ചികിത്സ ആരംഭിച്ചതോടെ ക്രിക്കറ്റ് ലോകത്തേക്ക് അദ്ദേഹം മടങ്ങി വന്നത് ലോകം അത്ഭുതത്തോടെ നോക്കി നിന്നു.
ന്യുസീലന്‍ഡിന്‌റെ തന്നെ ക്രെയ്ഗ് മക്മില്ലനെ ലോകം മറന്നു കാണില്ല. 15-ാം വയസ്സിലാണ് അദ്ദേഹത്തിന് പ്രമേഹം സ്ഥിരീകരിക്കുന്നത്. കളിക്കാനിറങ്ങുമ്പോഴെല്ലാം മക്മില്ലന്‍ കയ്യില്‍ ജെല്ലിബീന്‍ കരുതും. തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് 11 വര്‍ഷം ക്രെയ്ഗ് കിവീസ് നിരയില്‍ ബാറ്റേന്തി.