പരിപാടിക്കിടെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചു പറഞ്ഞു: എന്‍.ഐ.ടി പ്രഫസര്‍ മൈക്ക് ഓഫ് ചെയ്ത് അവതാരകരെ പറഞ്ഞുവിട്ടു
Daily News
പരിപാടിക്കിടെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചു പറഞ്ഞു: എന്‍.ഐ.ടി പ്രഫസര്‍ മൈക്ക് ഓഫ് ചെയ്ത് അവതാരകരെ പറഞ്ഞുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th September 2016, 10:34 am

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ഗ്രോവര്‍ സംസാരിച്ചതാണ് പ്രശ്‌നമായത്. ഇതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ ഉടന്‍ ഗ്രോവറിന്റെ മൈക്ക് ഓഫ് ചെയ്യപ്പെടുകയായിരുന്നു.


 

വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിച്ച പ്രാസംഗികന്റെ മൈക്ക് പ്രഫസര്‍ ഓഫ് ചെയ്തതായി പരാതി. അലഹബാദിലെ മോതിലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലാണ് സംഭവം.

ഐസി തൈസി ഡെമോക്രസി എന്ന കമന്റേറ്ററി ഗ്രൂപ്പ് അവതരിപ്പിച്ച പരിപാടിക്കിടെയായിരുന്നു സംഭവം. 1800ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ പരിപാടി അവതരിപ്പിക്കുകയായിരുന്നു ഇവര്‍. ഓഷ്യന്‍ ബാന്റിന്റെ പ്രമുഖ ഗായകന്‍ രാഹുല്‍ റാം, എഴുത്തുകാരനും ഗാനചരചയിതാവുമായ വരുണ്‍ ഗ്രോവര്‍ തുടങ്ങിയവരാണ് പരിപാടി നയിച്ചത്.

സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ഗ്രോവര്‍ സംസാരിച്ചതാണ് പ്രശ്‌നമായത്. ഇതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ ഉടന്‍ ഗ്രോവറിന്റെ മൈക്ക് ഓഫ് ചെയ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് ഇവര്‍ പരിപാടി അവസാനിപ്പിച്ച് തിരിച്ചുപോകുകയും ചെയ്തു. എന്നാല്‍ ട്വിറ്ററിലൂടെ ഇതുസംബന്ധിച്ച് വിശദീകരണവുമായി ഗ്രോവര്‍ രംഗത്തെത്തി.

ഫാക്വല്‍ട്ടി അംഗമാണ് ഷോ തടസപ്പെടുത്തിയതെന്നാണ് ഫേസ്ബുക്കില്‍ ഇവര്‍ ആരോപിക്കുന്നത്.

“സെക്‌സുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സമൂഹത്തിലുള്ള കാപട്യത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ഒരു തരം അസഹിഷ്ണുത കഴിഞ്ഞദിവസം ഞങ്ങള്‍ക്കുനേരിടേണ്ടി വന്നു. ഒരു പ്രഫസര്‍ ഞങ്ങളുടെ മൈക്ക് ഓഫ് ചെയ്യുകയും ഷോ തടസപ്പെടുത്തുകയും ചെയ്തു.” അവര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ സമൂഹത്തിന് സെക്‌സ് എന്ന വാക്കു എത്രത്തോളം പ്രശ്‌നം സൃഷ്ടിക്കുന്നു എന്ന വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ  പ്രതികരണം.

“ഇന്ത്യന്‍ സമൂഹത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. ഞാന്‍ പറയുന്നത് എന്റെ മുമ്പിലിരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടോയെന്ന് ഞാന്‍ നന്നായി നിരീക്ഷിച്ചിരുന്നു. പക്ഷെ അവര്‍ക്ക് യാതൊരു അസ്വസ്ഥതയും ഉള്ളതായി തോന്നിയില്ല. എന്നാല്‍ ഫാക്വല്‍ട്ടി അംഗങ്ങളില്‍ ചിലര്‍ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.” ഗ്രോവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ഇതിനിടെ മൈക്കിന്റെ പവര്‍ പോയി. തൊട്ടടുത്തയാളുടെ മൈക്ക് വാങ്ങി നോക്കിയപ്പോള്‍ അതും പോയി. ആരെങ്കിലും വന്ന് കാര്യം പരിശോധിക്കുമെന്ന് കരുതി. പക്ഷെ ഞങ്ങളുടെ ഷോ മാനേജര്‍ അനുരാഗ് റാവുവിന് യാതൊരു കുലുക്കവും ഇല്ലായിരുന്നു. ഇതോടെ എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നിയിരുന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അനുരാഗ് റാവു തങ്ങളുടെ അടുത്തേക്ക് വന്ന് ഷോ നിര്‍ത്തി പോകാന്‍ ആവശ്യപ്പെട്ടതായും ഗ്രോവര്‍ പറഞ്ഞു.

എന്‍.ഐ.ടിയില്‍ നേരിട്ട അനുഭവം തങ്ങളെ ഞെട്ടിച്ചെന്നാണ് എ.ടി.ഡി ടീം പറയുന്നത്. രാഷ്ട്രീയം, സിനിമ, വിദ്യാഭ്യാസം, സെക്‌സ് തുടങ്ങിയ ലോകത്തിലെ ഒട്ടുമിക്ക വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ഷോയില്‍ സംസാരിക്കാറുണ്ട്. രാഷ്ട്രീയ നേതാക്കളെക്കുറിച്ച് പറയുമ്പോള്‍ നിര്‍ത്താന്‍ ചിലര്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഇത്തരമൊരു ഇത്തരമൊരു അനുഭവമെന്നും അദ്ദേഹം പറഞ്ഞു.