| Sunday, 25th December 2016, 7:37 pm

ഛത്രപതി ശിവജി സ്മാരകത്തിനുള്ള തുക മുംബൈയുടെ ജനക്ഷേമ പദ്ധതികളേക്കാള്‍ എത്രയോ വലുതാണെന്ന് ഈ കണക്കുകള്‍ പറയും

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുംബൈയുടെ വിവിധ ജനക്ഷേമ പദ്ധതികളേക്കാള്‍ എത്രയോ വലുതാണ് ശിവജി സ്മാരകത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക. ഇക്കാര്യം കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ.


മുംബൈ: ബി.ജെ.പി നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ 3600 കോടി മുടക്കി മാറാത്താ യോദ്ധാവ് ഛത്രപതി ശിവജിക്ക് മുംബൈയില്‍ കൂറ്റന്‍ സ്മാരകം പണിയാനൊരുങ്ങുകയാണ്.

സ്മാരകത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചിരുന്നു. ഇത്രയും പണം ചെലവഴിക്കുന്നതിനെതിരെ സമസ്ത മേഖലകളില്‍നിന്നും സര്‍ക്കാരിനു വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്.

മുംബൈ തീരത്തിനു സമീപമുള്ള ദ്വീപില്‍ 15 ഏക്കര്‍ സ്ഥലത്താണ് ശിവജിക്ക് സ്മാരകമായി പ്രതിമ പണിയുന്നത്. ആദ്യ ഘട്ടത്തിനുമാത്രം 2,500 കോടി രൂപ ഇതിനായി ചെലവാകും. സ്മാരകത്തിന് 210 മീറ്റര്‍ ഉയരമാണുണ്ടാകുക.

മുംബൈയുടെ വിവിധ ജനക്ഷേമ പദ്ധതികളേക്കാള്‍ എത്രയോ വലുതാണ് ശിവജി സ്മാരകത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക. ഇക്കാര്യം കണക്കുകള്‍ നിരത്തി ചൂണ്ടിക്കാണിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ.

മുംബൈ മുന്‍സിപ്പാലിറ്റിയുടെ വാര്‍ഷിക ആരോഗ്യ ബജറ്റിന് (3,694 കോടി) സമാനമായ തുകയാണ് സ്മാരകത്തിനു വേണ്ടിവരുന്നത്. ബജറ്റിലെ പണം ഉപയോഗിച്ച് നാലു മെഡിക്കല്‍ കോളജുകളും അഞ്ച് സ്പെഷല്‍റ്റി ആശുപത്രികളും മറ്റു 16 ആശുപത്രികളും പ്രവര്‍ത്തിക്കുന്നു. മാത്രമല്ല, 170 മുന്‍സിപ്പല്‍ ഡിസ്പെന്‍സറികള്‍, ഓരോ വാര്‍ഡിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയുമുണ്ട്.

ബജറ്റില്‍ മുന്‍സിപ്പല്‍ സ്‌കൂളുകള്‍ക്കായി അനുവദിച്ചിരിക്കുന്നത് 2,400 കോടി രൂപയാണ്.

നഗരത്തില്‍ വെറുതേകിടക്കുന്ന സ്ഥലം വികസിപ്പിക്കാന്‍ ആവശ്യമുള്ള ബജറ്റിന്റെ ഏഴിരട്ടിയാണ് സ്മാരകത്തിനുവേണ്ടി ചെലവഴിക്കുന്നത്. ഈ വര്‍ഷം ഇത്തരം സ്ഥലങ്ങളും പൂന്തോട്ടങ്ങളും വികസിപ്പിക്കാന്‍ 500 കോടി രൂപയാണ് മുന്‍സിപ്പാലിറ്റി നീക്കി വെച്ചിരിക്കുന്നത്.

ഗ്രാമീണ മേഖഖലകളിലെ കുടിവെള്ള പദ്ധതികള്‍ക്കായി ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 2,500 കോടി രൂപയാണ്.

പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ക്ഷേമത്തിനായി ബജറ്റില്‍ മാറ്റിവെച്ചിരിക്കുന്ന തുക വെറും 270 കോടിയാണ്. ഇതിന്റെ എട്ടിരട്ടിയാണ് ശിവജി സ്മാരകത്തിനായി ചെലവിടുന്നത്.

പ്രദേശത്തെ മത്സ്യത്തെഴിലാളികളുടെയും മറ്റും കടുത്ത എതിര്‍പ്പ് മറികടന്നാണ് ഇവിടെ ശിവജിക്ക് 3600 കോടിയുടെ സ്മാരകം ഒരുങ്ങുന്നത്. പ്രതിമ സ്ഥാപിക്കുന്നത് പ്രദേശത്തെ കടലിലെ മത്സ്യസമ്പത്തിനെ ബാധിക്കുമെന്നും തങ്ങളുടെ ജീവിതമാര്‍ഗത്തിന് തിരിച്ചടിയാകുമെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.


പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ 30ന് ശേഷവും തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്


കഴിഞ്ഞ വര്‍ഷം വരള്‍ച്ചയെത്തുടര്‍ന്ന് നിരവധി കര്‍ഷകരാണ് മുംബൈയില്‍ അത്മഹത്യ ചെയ്തത്. മാത്രമല്ല കാര്‍ഷിക നഷ്ടം വന്ന പരുത്തി, സോയാ ബീന്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള 1000 കോടിരൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലാത്ത സാഹചര്യത്തിലാണ് കോടികള്‍ മുടക്കിയുള്ള സ്മാരകമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.


മറ്റൊരാളെക്കൊണ്ട് ഷൂ ധരിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിവാദത്തില്‍ 


റാബി സീസണില്‍ ഉണ്ടായ നഷ്ടത്തെത്തുടര്‍ന്ന് വിള ഇന്‍ഷുറന്‍സായി 800 കോടി രൂപയും സര്‍ക്കാര്‍ കര്‍ഷകര്‍ക്കു നല്‍കേണ്ടതുണ്ട്. ഇതൊന്നും ചെയ്യാതെയാണ് കോടികള്‍ മുടക്കിയുള്ള സ്മാരക നിര്‍മ്മാണം.

We use cookies to give you the best possible experience. Learn more