| Friday, 21st June 2019, 9:21 am

ടി.ഡി.പി മരിച്ചുവെന്നും പോയി സംസ്‌ക്കരിക്കൂവെന്നും നേരത്തെ പലരും പറഞ്ഞിട്ടുണ്ട്; പക്ഷെ ഞങ്ങള്‍ തിരിച്ചെത്തി: എന്‍ ചന്ദ്രബാബു നായിഡു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെലുങ്ക് ദേശം പാര്‍ട്ടിയ്ക്ക് ആകെയുണ്ടായിരുന്ന ആറ് രാജ്യസഭാ എം.പിമാരില്‍ നാലുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ
പ്രതികരണവുമായി മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എന്‍.ചന്ദ്രബാബു നായിഡു.

ഈ പ്രതിസന്ധി സാഹചര്യങ്ങള്‍ തനിക്കോ പാര്‍ട്ടിക്കോ പുതിയതല്ലെന്നും ടി.ഡി.പി മരിച്ചുവെന്ന് നേരത്തെ പലരും പറഞ്ഞിട്ടും ഞങ്ങള്‍ തിരിച്ചെത്തിയെന്നും ചന്ദ്രബാബു നായിഡു ട്വിറ്ററില്‍ കുറിച്ചു.

‘ഈ പ്രതിസന്ധി സാഹചര്യങ്ങള്‍ തനിക്കോ പാര്‍ട്ടിക്കോ പുതിയതല്ല.ടി.ഡി.പി ഒരു അടച്ച അധ്യായമാണെന്ന് പലരും പറഞ്ഞു. നേതാക്കള്‍ പാര്‍ട്ടി ഉപേക്ഷിക്കുകയാണെന്നും അത് പോയി സംസ്‌ക്കരിക്കൂവെന്നും പലരും പറഞ്ഞു. പക്ഷെ ഞങ്ങള്‍ ഒരിക്കലും കൈവിട്ടില്ല. ‘

തന്റെ ജീവിതകാലം മുഴുവന്‍ ആളുകളുടെ നന്മയ്ക്ക് വേണ്ടി പോരാടിയെന്നും അധികാരത്തിലിക്കുമ്പോഴും അല്ലെങ്കിലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.ടി.ഡി.പിയുടെ എം.പിമാര്‍ ഇന്ന് ബി.ജെ.പിയില്‍ ചേരുന്നത് ആന്ധ്രപ്രദേശിന്റെ അവകാശങ്ങള്‍ക്കായുള്ള എന്റെ പോരാട്ടത്തിന്റെ ഫലമാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് അവരുടേതായ അജണ്ടകളുണ്ടായിരുന്നെന്നും ട്വിറ്ററില്‍ കുറിച്ചു.

വൈ.എസ് ചൗധരി, സി.എം രമേശ്, ഗാരികപടി മോഹന്‍ റാവു, ടി.ജി വെങ്കടേഷ് എന്നീ എം.പിമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

സി.എം രമേശ് ആദായനികുതി വെട്ടിപ്പുകേസിലും, സത്യനാരായണ ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സി.ബി.ഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ രണ്ടു പേരാണ് ആദ്യം ബി.ജെ.പിയിലേക്ക് പോകാന്‍ തീരുമാനമെടുത്തതെന്നും എന്നാല്‍ കൂറുമാറ്റ പരിധിയില്‍പ്പെടാതിരിക്കാന്‍ മറ്റു രണ്ട് പേരെ കൂടി കൂട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് പേരെ മാത്രമാണ് ടി.ഡി.പിയ്ക്ക് പാര്‍ലമെന്റിലേക്ക് ജയിപ്പിക്കാനായിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയ്ക്ക് കനത്ത പരാജയമാണ് ഏല്‍ക്കേണ്ടി വന്നിരുന്നത്.

അതേസമയം രാജ്യസഭയില്‍ ബി.ജെ.പിയ്ക്ക് ശക്തിപകരുന്നതാണ് എം.പിമാരുടെ കൂറുമാറ്റം. 245 അംഗ സഭയില്‍ ബി.ജെ.പിയ്ക്ക് 102 അംഗങ്ങളാണുള്ളത്.

Latest Stories

We use cookies to give you the best possible experience. Learn more