ട്രംപിന് മുമ്പേ ഇംപീച്ച് ചെയ്യപ്പെട്ട അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇവരാണ്; കുറ്റങ്ങള്‍ ഇതൊക്കെ
World News
ട്രംപിന് മുമ്പേ ഇംപീച്ച് ചെയ്യപ്പെട്ട അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇവരാണ്; കുറ്റങ്ങള്‍ ഇതൊക്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2019, 9:48 am

വാഷിംങ്ടണ്‍: അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡോണാള്‍ഡ് ട്രംപ്. അധികാര ദുര്‍വിനിയോഗം, യു.എസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ട്രംപിനെതിരെ യു.എസ് ജനപ്രതിനിധി സഭ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിച്ചത്.

197 നെതിരെ 228 വോട്ടിനാണ് ഇംപീച്ച് മെന്റ് പ്രമേയം പാസാക്കിയത്. ഉക്രൈന്‍ പ്രസിഡന്റ് വ്ലാദിമര്‍ സെലന്‍സ്‌കിയുമായി നടത്തിയ ഗൂഡാലോചനയാണ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റിന് വഴിവെച്ചത്.

കഴിഞ്ഞ ജൂലൈ 25 ന് ട്രംപ് സെലന്‍സ്‌കിയുമായി നടത്തിയ രഹസ്യ ഫോണ്‍ സംഭാഷണത്തില്‍ യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ബൈഡനെതിരെയും അദ്ദേഹത്തിന്റെ മകനെതിരെയും അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇരുവരും ഉക്രൈന്‍ ഗ്യാസ് കമ്പനിയില്‍ ഉദ്യോഗസ്ഥരായിരുന്നു. അന്വേഷണം നടത്താത്ത പക്ഷം ഉക്രൈന് നല്‍കുന്ന സൈനിക പിന്തുണ പിന്‍വലിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ട്രംപിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ആന്‍ഡ്രൂ ജോണ്‍സണ്‍, ബില്‍ ക്ലിന്റണ്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഇംപീച്ച്‌മെന്റ് നടപടി യു.എസ് ജനപ്രതിനിധി സഭ കൈകൊണ്ടത്.

1868 ല്‍ അമേരിക്കന്‍ ആഭ്യന്തര യുദ്ധത്ത തുടര്‍ന്നായിരുന്നു ആന്‍ഡ്രൂ ജോണ്‍സണെനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.
അമേരിക്കയുടെ പതിനേഴാമത്തെ പ്രസിഡന്റായിരുന്നു ആന്‍ഡ്രൂ ജോണ്‍സണ്‍ എബ്രഹാം ലിങ്കണ്‍ പ്രസിഡന്റായിരുന്ന സമയത്ത് വൈസ് പ്രസിഡന്റായിരുന്നു ആന്‍ഡ്രൂ ജോണ്‍സണ്‍. എബ്രഹാം ലിങ്കണ്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

പിന്നീട് 1998 ല്‍ അമേരിക്കയുടെ നാല്‍പ്പത്തിരണ്ടാമത് പ്രസിഡന്റായിരുന്നു ബില്‍ ക്ലിന്റണ്‍. വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗീക ആരോപണമാണ് ബില്‍ ക്ലിന്റണെ ഇംപീച്ച്‌മെന്റിന് വിധേയനാക്കിയത്.

എന്നാല്‍ യു.എസ് ജനപ്രതിനിധി സഭയില്‍ നിന്ന് സെനറ്റിലേക്ക് പ്രമേയം എത്തിയപ്പോള്‍ ആന്‍ഡ്രൂ ജോണ്‍സണെയും ബില്‍ ക്ലിന്റണെയും കുറ്റവിമുക്തരാക്കി.

അതേസമയം 1974 ല്‍ മറ്റൊരു ഇംപീച്ച്‌മെന്റ് നടപടിയും നടന്നിരുന്നു. അമേരിക്കയുടെ മുപ്പതിയെഴാമത്തെ പ്രസിഡന്റായ റിച്ചാര്‍ഡ് നിക്‌സനെതിരെയായിരുന്നു ഈ നടപടി. 1974 ലെ കുപ്രസിദ്ധമായ വാട്ടര്‍ഗേറ്റ് വിവാദത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇംപീച്ച്‌മെന്റ് പ്രമേയം സഭയില്‍ എത്തുന്നതിന് മുമ്പ് റിച്ചാര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി രാജി വെയ്ക്കുന്ന പ്രസിഡന്റായിരുന്നു. റിച്ചാര്‍ഡ് നിക്‌സന്‍.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിര്‍ പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി റിപ്പബ്ലിക്കന്‍ നേതാവ് കൂടിയായ റിച്ചാര്‍ഡ് നിക്‌സണ്‍ സി.ഐ.എ ഉള്‍പ്പടെയുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി എന്നായിരുന്നു ആരോപണം.

DoolNews Video