റൊണാൾഡോയെ അൽ നസർ ക്ലബ്ബിലേക്കെത്തിച്ചത് വെറുതെയല്ല; സൈനിങിന് പിന്നിലെ കാരണങ്ങൾ ഇവയൊക്കെ
football news
റൊണാൾഡോയെ അൽ നസർ ക്ലബ്ബിലേക്കെത്തിച്ചത് വെറുതെയല്ല; സൈനിങിന് പിന്നിലെ കാരണങ്ങൾ ഇവയൊക്കെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st December 2022, 5:16 pm

ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച വാർത്തയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറിലേക്കുള്ള സൈനിങ്‌. പ്രതിവർഷം 200 മില്യൺ യൂറോക്കാണ് താരത്തെ അൽ നസർ ടീമിലെത്തിച്ചത്. 2025 വരെയാണ് താരവുമായി ക്ലബ്ബ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

ഇതോടെ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായി റൊണാൾഡോ മാറി.

എന്നാൽ ഇത്രയും ഭീമമായ തുക നൽകി താരത്തെ ടീമിലെത്തിച്ചതിന് പിന്നിൽ അൽ നാസറിന് പല ലക്ഷ്യങ്ങളുമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

റൊണാൾഡോയുമായി ഏർപ്പെട്ട കരാറിൽ ക്ലബ്ബിനുവേണ്ടി താരം പരസ്യങ്ങൾ ചെയ്യണമെന്ന നിബന്ധന കൂടിയുണ്ട്. അങ്ങനെയെങ്കിൽ റൊണാൾഡോയെ ഉപയോഗിച്ച് കോടികൾ പരസ്യ വരുമാനത്തിലൂടെ സ്വന്തമാക്കാൻ അൽ നസറിന് സാധിക്കും.

കൂടാതെ ക്ലബ്ബിന്റെ ഓഹരിമൂല്യത്തിലും ബ്രാൻഡ് മൂല്യത്തിലും റൊണാൾഡോയുടെ വരവ് കൂടുതൽ വർധനവുണ്ടാക്കും.


ഇതിനൊപ്പം അൽ നാസറിനപ്പുറം സൗദി പ്രോ ലീഗിനും രാജ്യത്തിനും റൊണാൾഡോയുടെ വരവ് നിരവധി നേട്ടങ്ങൾ ഉണ്ടാക്കി കൊടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

സൗദി പ്രോ ലീഗിന്റെ സംപ്രേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൂടുതൽ മാർക്കറ്റുകളിലേക്ക് പ്രോ ലീഗിനെ വളർത്താനും റൊണാൾഡോയുടെ വരവ് സഹായിക്കും.

കൂടാതെ ജേഴ്‌സി, മറ്റു വസ്തുക്കൾ എന്നിവയുടെ വിൽപനയിലൂടെ വലിയൊരു തുക സൗദിയിലേക്ക് എത്തിക്കാൻ റൊണാൾഡോയുടെ വരവ് സഹായിക്കും.

ഇതിനപ്പുറം എണ്ണയുടെ സ്രോതസിൽ നിന്നുള്ള വരുമാനത്തിന് പുറമേ ടൂറിസം, സ്പോർട്സ് എന്നിവയിൽ നിന്നും കൂടി വരുമാനം കണ്ടെത്താനുള്ള സൗദിയുടെ തീരുമാനത്തിന് കരുത്തേക്കുന്നതാണ് റൊണാൾഡോയുടെ സൗദിയിലേക്കുള്ള കടന്ന് വരവ്.

കൂടാതെ ടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം വർധിപ്പിക്കാനും റൊണാൾഡോ വരുന്നതോടുകൂടി പ്രോ ലീഗിന് സാധിക്കും.

മലയാളികൾ, ബംഗാളികൾ, ആഫ്രിക്കൻ സ്വദേശികൾ മുതലായ വലിയൊരു കൂട്ടം ജനങ്ങളെ സൗദി പ്രോ ലീഗിലേക്ക് ആകർഷിക്കാൻ റൊണാൾഡോയുടെ വരവ് കാരണമാകും.

കൂടാതെ റൊണാൾഡോയുടെ ഏഷ്യൻ അരങ്ങേറ്റം സൗദി ഫുട്ബോളിന് വലിയ വാണിജ്യ സാധ്യതകളാണ് തുറന്നു കൊടുക്കുക. 2030ലെ ലോകകപ്പ് ഗ്രീസ്, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളുമായി സംയുക്തമായി നടത്താൻ സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്.

കൂടാതെ റൊണാൾഡോയെ രാജ്യത്തിന്റെ അംബാസിഡറായി റൊണാൾഡോയെ സൗദി നിയമിച്ചേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

ഇത് ഒളിമ്പിക്സ് പോലുള്ള വലിയ മത്സരങ്ങൾക്ക് വേദിയാകാനുള്ള സൗദിയുടെ ശ്രമങ്ങൾക്കും കൂടുതൽ വിദേശ നിക്ഷേപങ്ങൾ സൗദി അറേബ്യയിലേക്ക് കൊണ്ട് വരാനുള്ള തീരുമാനങ്ങൾക്കും കരുത്ത് പകരും എന്നാണ് കണക്കാക്കപ്പെടുന്നത്.

റൊണാൾഡോയുടെ സൗദിയിലേക്കുള്ള പ്രവേശം ഏഷ്യൻ ഫുട്ബോളിന് വലിയ ഉത്തേജനം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ ഫുട്ബോളിനെയും ഒട്ടേറെ നേട്ടങ്ങളാണ് കാത്തരിക്കുന്നത്. അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനും സൗദി ഫുട്‌ബോൾ ഫെഡറേഷനും തമ്മിൽ അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു.

 

Content Highlights:These are the reasons behind the signing of ronaldo for al nasser club