| Friday, 1st December 2023, 12:51 pm

ഇവരാണ് 'റിയൽ ഹീറോസ്'; 26 മണിക്കൂർ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനം നടത്തിയ 12 അംഗ തൊഴിലാളികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിൽക്യാര: നിരോധിക്കപ്പെട്ട റാറ്റ് ഹോൾ ഖനന രീതിയാണ് സിൽക്യാര തുരങ്കത്തിൽ കഴിഞ്ഞ 17 ദിവസമായി കുടുങ്ങിക്കിടന്ന 41 തൊഴിലാളികൾക്ക് പുനർജന്മം നൽകിയത്.

ആധുനിക മെഷീനുകൾ പരാജയപ്പെട്ടിടത്താണ് റോക്ക്വെൽ എന്റെർപ്രൈസസിലെ 12 പേരടങ്ങുന്ന റാറ്റ് ഹോൾ ഖനന സംഘം മിഷൻ പൂർത്തിയാക്കി ‘യഥാർത്ഥ ഹീറോ’കളായി മാറിയത്.

ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ്‌ റാഷിദ്‌ ഏഴാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. എന്നാൽ ലോകം ഉറ്റു നോക്കിയ രക്ഷാപ്രവർത്തനത്തിൽ ഏറ്റവും വലിയ പങ്കുവഹിച്ചത് ഇദ്ദേഹം ആയിരുന്നു.

‘ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ അവരുടെ സഹോദര തൊഴിലാളികൾ രക്ഷിച്ചു,’ തുരങ്കത്തിന്റെ പുറത്തുനിന്ന് 60 മീറ്റർ അകത്തേക്ക് ഡ്രിൽ ചെയ്ത ചെറിയ പൈപ്പിനകത്ത് ആറു മണിക്കൂറാണ് റാഷിദ് പ്രവർത്തിച്ചത്. താൻ ചെയ്ത ജോലിക്ക് ഇതിനു മുൻപ് ഇത്രയും പ്രശംസ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

26 മണിക്കൂർ കാലയളവിൽ ഉത്തർപ്രദേശിലെ ദളിത്, മുസ്‌ലിം സമുദായങ്ങളിലെ 12 തൊഴിലാളികളാണ് 800 മില്ലിമീറ്റർ പൈപ്പ്, മൺവെട്ടി, ഉളി എന്നിവ ഉപയോഗിച്ച് തുരങ്കത്തിലെത്താനുള്ള അവസാന 18 മീറ്റർ കുഴിച്ചെടുത്തത്.

ചെറിയ ട്രോളികളിൽ തുരങ്കത്തിലെ മണ്ണ് നീക്കം ചെയ്ത് പൈപ്പിനകത്തെ പൊടിപടലങ്ങളിൽ ശ്വാസം മുട്ടുമ്പോൾ മൂക്കിൽ നനഞ്ഞ ടവലുകൾ വച്ച് അവർ രക്ഷാപ്രവർത്തനം വിജയിപ്പിച്ചെടുത്തു.

സിൽക്യാരയിലെ രക്ഷാപ്രവർത്തനത്തിന് ഒരു രൂപ പോലും വാങ്ങാൻ സംഘം തയ്യാറല്ലായിരുന്നെങ്കിലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി മുഴുവൻ തൊഴിലാളികൾക്കും അമ്പതിനായിരം രൂപ വീതം പ്രഖ്യാപിച്ചു.

തങ്ങൾക്ക് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ ഗ്രാമത്തിൽ റോഡുകളും മതത്തിനും ജാതിക്കും അതീതമായി സ്നേഹവും ആദരവും ലഭിക്കണമെന്നും മുഴുവൻ തൊഴിലാളികൾക്കും ഇൻഷുറൻസും ന്യായമായ കൂലിയും ഒപ്പം ഇതുപോലൊരു സംഭവം ഇനി ഉണ്ടാകില്ലെന്ന ഉറപ്പുമായിരുന്നു അവർ ആവശ്യപ്പെട്ടത്.

‘ ഓരോ മനുഷ്യനെയും മനുഷ്യനായി തന്നെ പരിഗണിക്കുകയും ഈ രാജ്യത്ത് സ്നേഹം നിലനിൽക്കുകയും വേണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്,’ 45 കാരനായ മുഹമ്മദ് ഇർഷാദ് പറഞ്ഞു.

2001 മുതൽ ഖനനം നടത്തുന്ന ഇർഷാദ് മീററ്റ് സ്വദേശിയാണ്. കുറച്ചു വർഷങ്ങൾക്കു മുൻപ് ഡൽഹിയിലേക്ക് താമസം മാറിയ ഇദ്ദേഹം സ്വകാര്യ ഖനന സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരികയാണ്. മക്കളെ സ്കൂളുകളിൽ അയക്കാനും ജീവൻ അപായത്തിലാക്കുന്ന ഈ ജോലിയിൽ നിന്നും മാറാനും ശ്രമിക്കുന്നതിനിടയിൽ സ്വന്തമായി ഒരു വീട് വെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

അശാസ്ത്രീയവും അപകടകരവുമായതുകൊണ്ട് റാറ്റ് ഹോൾ ഖനനം ഇന്ത്യയിൽ നിരോധിച്ചിരിക്കുകയാണ്. എന്നാൽ മേഘാലയയിൽ ഉൾപ്പെടെ ഇപ്പോഴും നിലവിലുള്ള ഈ ഖനന രീതിയാണ് നിത്യജീവിതം കഴിഞ്ഞു പോകുവാൻ തൊഴിലാളികൾ ആശ്രയിക്കുന്നത്.

മൂന്നോ നാലോ അടി വീതിയുള്ള ചെറുകുഴികൾ കുഴിച്ചെടുത്ത് തൊഴിലാളികൾ അതിൽ ഇറങ്ങും.

33 കാരനായ മുന്ന ഖുറൈശി ആയിരുന്നു അവസാനത്തെ പാളിയും കുഴിച്ചെടുത്ത് 41 തൊഴിലാളികളെയും ആദ്യം നേരിൽ കണ്ടത്. താൻ തളരുമ്പോഴെല്ലാം തന്റെ പത്തു വയസ്സുകാരനായ മകൻ അവരെ രക്ഷിച്ചതിനു ശേഷം മാത്രം തിരികെ വരാൻ പറഞ്ഞ കാര്യം ഓർമ്മ വരുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

12 അംഗ സംഘത്തിന്റെ നേതാവായ വഖീൽ ഹസനായിരുന്നു രക്ഷാസംഘം തളരുമ്പോൾ അവരെ പ്രചോദിപ്പിച്ചു കൊണ്ടിരുന്നത്.

ബുലന്ദ് ഷെഹറിൽ നിന്നുള്ള സഹോദരങ്ങളായ ജതിനും സൗരഭുമായിരുന്നു സംഘത്തിലെ ഏറ്റവും ചെറിയ അംഗങ്ങൾ. 24കാരനായ ജതിനും 21കാരനായ സൗരഭും 13 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഖനനത്തിന് ഇറങ്ങുന്നത്.

രക്ഷാപ്രവർത്തനം വിജയകരമാണെന്ന വാർത്ത പുറത്തുവന്നപ്പോൾ തന്റെ സഹോദരങ്ങൾ വിളിച്ചിരുന്നു എന്നും പായസം ഉണ്ടാക്കി എന്നും പറഞ്ഞതായി മുസാഫർ നഗറിൽ നിന്നുള്ള മുഹമ്മദ് നസീം പറഞ്ഞു.

25കാരനായ അങ്കുറിന് സർക്കാരിനോട് ആവശ്യപ്പെടാനുള്ളത് ഇന്ത്യയിലെ തൊഴിലാളികൾക്ക് ന്യായമായ കൂലിയും ഇൻഷുറൻസും ഉറപ്പാക്കണം എന്നാണ്.

40കാരനായ ദേവേന്ദ്രയെ സിൽക്യാരയിലേക്ക് പോകുന്നതിൽ നിന്ന് ഭാര്യ തടഞ്ഞിരുന്നുവെങ്കിലും തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികൾ പൈപ്പ് വഴി സംസാരിക്കുന്നത് കണ്ടപ്പോൾ തനിക്ക് അവിടേക്ക് പോകുവാൻ പ്രചോദനം ഉണ്ടായി എന്ന് പറയുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട് മോനു കുമാറിന് ആവശ്യപ്പെടാനുള്ളത് തന്റെ ഗ്രാമത്തിലേക്ക് ഒരു റോഡ് പണിയണമെന്നാണ്.

തന്നെ ഒരു ഹീറോ ആയിട്ടല്ല പകരം ഒരു മനുഷ്യനായിട്ട് ആളുകൾ പരിഗണിക്കണം എന്നാണ് 32 കാരനായ നാസിർ അഹമ്മദിന് പറയാനുള്ളത്.

CONTENT HIGHLIGHT: These are the real heroes, Rescue team of Silkyara scrape by on the margins

We use cookies to give you the best possible experience. Learn more