| Saturday, 4th February 2023, 6:05 pm

ലോക ഫുട്ബോളിലെ ഏറ്റവും 'ഫിറ്റായ' അഞ്ച് കളിക്കാർ ഇവരാണ്; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളിൽ കളിമികവിനും പ്രതിഭക്കും ടെക്നിക്കിനുമൊപ്പം ഒരു ഫുട്ബോളർക്ക് ഏറ്റവും അത്യന്താപേക്ഷിതമായി വേണ്ട കാര്യമാണ് ശാരീരികക്ഷമത. ഫുട്ബോൾ പോലുള്ള കായിക അദ്ധ്വാനം ഏറ്റവും ആവശ്യമുള്ള ഒരു സ്പോർട്സിൽ താരത്തിന്റെ ശാരീരികക്ഷമത അയാളുടെ കളി മികവിനെയും പ്രകടനത്തെയും വളരെയേറെ സ്വാധീനിക്കും.

കളിക്കളത്തിന് പുറത്ത് ഒരു പ്രൊഫഷണൽ പ്ലെയർ അയാളുടെ ശാരീരികക്ഷമത മികവോടെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കഠിനാധ്വാനം അയാളുടെ കളിക്കളത്തിലെ പ്രകടനത്തെയും കൂടി മെച്ചപ്പെടുത്തും.

റൊണാൾഡോ, പോലുള്ള സൂപ്പർ താരങ്ങളെല്ലാം തങ്ങളുടെ ശാരീരിക ക്ഷമത നിലനിർത്താൻ കഠിനമായി ശ്രമിക്കുന്നവരാണ്.

എന്നാലിപ്പോൾ ലോകത്തിലെ ഏറ്റവും ഫിറ്റായ കളിക്കാരുടെ പട്ടിക പുറത്ത് വന്നിരിക്കുകയാണ്. ഗോളാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഫുട്ബോളിലെ കഴിഞ്ഞ കലണ്ടർ വർഷത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളുടെ പട്ടിക ഗോൾ പുറത്ത് വിട്ടിരിക്കുന്നത്.

പ്രകടനം കൂടാതെ കാർബോഹൈഡ്രേറ്റ്, ഫാറ്റ്, പ്രൊട്ടീൻ, മുതലായവ ബാലൻസ്ഡ് ആയ താരങ്ങളുടെ ഡയറ്റും ഈ പട്ടിക തയ്യാറാക്കാനായി ഗോൾ ഉപയോഗിച്ചിട്ടുണ്ട്.

മികച്ച ശാരീരികക്ഷമത നിലനിർത്തുന്ന അഞ്ച് താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ളത് ഇംഗ്ലീഷ് പ്ലെയറായ മാർക്കസ് റാഷ്ഫോർഡാണ്. നിലവിലെ സീസണിൽ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരം 2021 ആഗസ്റ്റിൽ നടത്തിയ ഒരു തോൾ സർജറിക്ക് ശേഷമാണ് കളിക്കളത്തിൽ ശക്തമായ സ്വാധീനം ഉറപ്പിക്കാൻ ആയത്.

മികച്ച സ്പീഡിൽ കളിക്കളത്തിൽ മുന്നേറുന്ന താരത്തിന് ഫിറ്റ്നസ് വിദഗ്ധരും നല്ല മാർക്ക് നൽകുന്നുണ്ട്. മികച്ച ന്യൂട്രിഷ്യൻസ് ഡയറ്റിൽ ഉൾപ്പെടുത്തുന്ന താരത്തിന് അതിന്റെ ഫലം കളിക്കളത്തിൽ ലഭിക്കുന്നുണ്ടെന്ന് ഫിറ്റ്നസ് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

ലിവർപൂളിന്റെ ഈജിപ്ഷ്യൻ താരമായ മൊഹമ്മദ് സലായാണ് ഗോളിന്റെ ഫിറ്റ്നസ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. ലോക ഫുട്ബോളിലെ തന്നെ മികച്ച ഫിസിക്ക് കാത്തു സൂക്ഷിക്കുന്ന താരം എന്നാണ് സലയെ ഗോൾ വിശേഷിപ്പിക്കുന്നത്. മികച്ച ഫിറ്റ്നെസിന് വേണ്ടി കഴിഞ്ഞ കുറച്ച് നാളുകളായി മികച്ച രീതിയിൽ പരിശ്രമിക്കുന്ന താരമാണ് സലാഹ്.

മസിലിനും ആങ്കിളിനുമായി മികച്ച പരിശീലനം നടത്തുന്നതിനാൽ മികവോടെ ഡ്രിബിളിങും മറ്റും നടത്താൻ സലാക്ക് കഴിയുന്നുണ്ട്.
കൂടാതെ പ്രതിരോധ നിര താരങ്ങളെ എളുപ്പത്തിൽ മറികടക്കാനും എളുപ്പത്തിൽ അവരെ ബീറ്റ് ചെയ്യാനും സലായുടെ ശാരീരികക്ഷമത അദ്ദേഹത്തെ സഹായിക്കുന്നുണ്ട്.

സ്പാനിഷ് ഫുട്ബോളറും പ്രീമിയർ ലീഗ് ക്ലബ്ബായ വൂൾവ്സിന്റെ പ്ലെയറുമായ അടാമ ട്രോറെയാണ് ഗോളിന്റെ പട്ടികയിൽ മൂന്നാമതെത്തിയ താരം. വലിയ ഷോൾഡറും വേഗതയുള്ള കാലുകളുമാണ് ട്രോറെയുടെ കരുത്ത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച മസ്കുലാർ അറ്റാക്കർ ഫുട്ബോളർ എന്നറിയപ്പെടുന്ന ട്രോറെയുടെ വേഗതയും എതിരാളികളെ വിറപ്പിക്കുന്നതാണ്. മികച്ച ശരീര ഭാരവും അദ്ദേഹത്തിന്റെ മിക്കവാണ്.
ബാഴ്സയുടെ പോളിഷ് സൂപ്പർ താരം റോബർട്ട്‌ ലെവൻഡോസ്കിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള താരം.

പോളിഷ് കായിക ഇനങ്ങൾ കൂടി അഭ്യസിക്കുന്ന താരം കർശനമായ ഡയറ്റും പിന്തുടരുന്നുണ്ട്. അതിനാൽ തന്നെ 34 വയസ്സിലും മികച്ച ഫിസിക്കിൽ കളിക്കാൻ ലെവൻഡോസ്കിക്ക് സാധിക്കുന്നുണ്ട്.

മികച്ച ഫിനിഷിങ് റേറ്റുള്ള ലെവക്ക് പരിക്ക് മൂലം മത്സരങ്ങൾ നഷ്‌ടപ്പെടുന്ന സാഹചര്യങ്ങൾ വളരെ കുറവാണ്. ഈ സീസണിലെ 25 മത്സരങ്ങളിൽ നിന്നും 23 ഗോളുകളാണ് ലെവ ബാഴ്സക്കായി സ്വന്തമാക്കിയത്. പ്രതിരോധ നിരയെ ആകെ തകർത്ത് പന്തുമായി ആക്രമണം അഴിച്ചു വിടാനുള്ള ലെവൻഡോസ്കിയുടെ മികവിന് അദ്ദേഹത്തിന്റെ ഫിസിക്ക് വലിയ സഹായമാണ് ചെയ്യുന്നത്.

മികച്ച ശാരീരിക ക്ഷമത പുലർത്തുന്ന താരങ്ങളുടെ പട്ടികയിൽ ഗോൾ ഒന്നാം സ്ഥാനം നൽകിയിരിക്കുന്നത് അത് ലറ്റിക്കോ ബിൽബാവോ പ്ലെയറായ ഇനാക്കി വില്യംസിനാണ്. ഘാനയുടെ താരമായ ഇനാക്കി ലോക ഫുട്ബോളിലെ തന്നെ ഏറ്റവും പവർഫുള്ളും ആക്രമണകാരിയുമായ ഫുട്ബോളർ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വേഗതയും പ്രതിരോധ താരങ്ങളെ മറികടന്നുള്ള മുന്നേറ്റവും അപാരമാണ്.

കൂടാതെ വേഗതയിലും പൊസിഷനിലും പെട്ടെന്ന് മാറ്റം വരുത്താനും ബുദ്ധിമുട്ടേറിയ ഭാഗങ്ങളിൽ നിന്നും ഗോളുകൾ കണ്ടെത്താനും ഇനാക്കിക്ക് വലിയ മികവുണ്ട്. ആധുനിക ഫുട്ബോളിൽ സമീപകാലത്തുള്ള കളിക്കാരിൽ ഏറ്റവും ഫിറ്റായ താരം എന്നറിയപ്പെടുന്ന ഇനാക്കി 251 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് പരിക്കിന്റെ പിടിയിൽ അകപ്പെട്ടിട്ടുള്ളത്.

Content Highlights:These are the most ‘fit’ players in world football; Report

We use cookies to give you the best possible experience. Learn more