| Wednesday, 10th July 2024, 3:55 pm

ബി.പി, ഷുഗര്‍, ആസ്മ, കൊളസ്‌ട്രോള്‍, മഞ്ഞപ്പിത്തം; പതജ്ഞലി പിന്‍വലിച്ച 14 ' മരുന്നുകള്‍' ഇവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ ഫ്രാഞ്ചൈസി സ്റ്റോറുകളില്‍ നിന്ന് പതജ്ഞലി പിന്‍വലിച്ചത് 14 ഓളം വരുന്ന ഉത്പന്നങ്ങള്‍. ബി.പി, ഷുഗര്‍, ആസ്മ, കൊളസ്‌ട്രോള്‍, മഞ്ഞപ്പിത്തം തുടങ്ങി 14 ഓളം വരുന്ന അസുഖങ്ങള്‍ക്ക് നല്‍കുന്ന മരുന്നുകളാണ് പിന്‍വലിച്ചത്.

സ്വസാരി ഗോള്‍ഡ്, സ്വസരി വതി, ബ്രോങ്കോം, സ്വസരി പ്രവാഹി, സ്വസരി അവലേ, മുക്ത വതി എക്സ്ട്രാ പവര്‍, ലിപിഡോം, ബിപി ഗ്രിറ്റ്, മധുനാശിനി വതി എക്സ്ട്രാ പവര്‍, ലിവാമൃത് അഡ്വാന്‍സ്, ലിവോഗ്രിറ്റ്, ഐഗ്രിറ്റ് ഗോള്‍ഡ്, പതഞ്ജലി ദൃഷ്ടി ഐ ഡ്രോപ്പ് തുടങ്ങിയ ഉത്പന്നങ്ങളാണ് നിലവില്‍ കടകളില്‍ നിന്ന് പിന്‍വലിച്ചത്.

രാജ്യത്തുടനീളമുള്ള പതജ്ഞലിയുടെ 5,000-ലധികം ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഈ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും നിര്‍ത്തിയിട്ടുണ്ട്.

ബി.പി, ഷുഗര്‍, ആസ്മ, കൊളസ്‌ട്രോള്‍, മഞ്ഞപ്പിത്തം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കഫക്കെട്ട്, കരള്‍ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങി നിരവധി അസുഖങ്ങള്‍ ഭേദമാക്കുമെന്ന അവകാശവാദത്തോടെയാണ് പതജ്ഞലി തങ്ങളുടെ സ്റ്റോറുകളിലൂടെ ഈ ഉത്പ്പന്നങ്ങള്‍ വിറ്റുകൊണ്ടിരുന്നത്. വലിയൊരു ഉപഭോക്തൃസമൂഹത്തെ സൃഷ്ടിക്കാനും പതജ്ഞലിക്ക് സാധിച്ചിരുന്നു.

എന്നാല്‍ വേണ്ട രീതിയിലുള്ള ഒരു പരിശോധനയും നടത്താതെ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയായിരുന്നു കമ്പനി ഈ ഉത്പ്പന്നങ്ങള്‍ വലിയ പരസ്യം നല്‍കി വിറ്റഴിച്ചുകാണ്ടിരുന്നത്. നേരത്തെ കൊവിഡ് 19 പൂര്‍ണമായി മാറ്റുമെന്ന അവകാശവാദത്തോടെ ഒരു മരുന്നും കമ്പനി പുറത്തിറങ്ങിയിരുന്നു. വിവാദമായതിന് പിന്നാലെ ഈ മരുന്നും കമ്പനിക്ക് പിന്‍വലിക്കേണ്ടി വന്നിരുന്നു

പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ, ഫ്രാഞ്ചൈസി സ്റ്റോറുകളിലുണ്ടായിരുന്ന 14 ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായി കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് നടപടി.

ഈ ഉല്‍പ്പന്നങ്ങളിലെ പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍മാര്‍ക്കും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജൂലൈ 8 ന് കമ്പനി കോടതിയെ അറിയിച്ചു.

കമ്പനിയുമായി ബന്ധമുള്ള മാധ്യമങ്ങളോടും അല്ലെങ്കില്‍ ഈ ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്ന പ്ലാറ്റ് ഫോമുകളോടും ഈ 14 ഉത്പ്പന്നങ്ങളുടെ പരസ്യം തുടര്‍ന്ന് സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു.

വിഷയത്തില്‍ പതഞ്ജലിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ഹിമ കോഹ്ലിയും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ഇലക്ട്രോണിക്, പ്രിന്റ്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഈ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ തുടര്‍ന്നു നല്‍കുന്നില്ലെന്നും ഉത്പ്പന്നങ്ങളെ കുറിച്ച് ആളുകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന രീതിയില്‍ പരസ്യങ്ങള്‍ നല്‍കുന്നില്ലെന്നും ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്ന സത്യവാങ് മൂലം സമര്‍പ്പിക്കാനായിരുന്നു കോടതി ആവശ്യപ്പെട്ടത്.

പരസ്യവ്യവസായങ്ങളെ ദ്രോഹിക്കുക എന്ന ലക്ഷ്യം തങ്ങള്‍ക്കില്ലെന്നും കോടതി പറഞ്ഞിരുന്നു. ‘ആരെയും ഉപദ്രവിക്കുക എന്ന ഉദ്ദേശം ഇതിന് പിന്നിലില്ല. എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയേ തീരൂ,” ജസ്റ്റിസ് കോഹ്ലി പറഞ്ഞു.

പതജ്ഞലി കേസുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ അവകാശവാദങ്ങള്‍ക്കും പത്രങ്ങളിലൂടെ പരസ്യമായി ക്ഷമാപണം നടത്തുമെന്ന് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും കോടതിയെ അറിയിച്ചിരുന്നു. വിവിധ കേസുകളില്‍ നിരവധി തവണ ഇവര്‍ കോടതിക്ക് മുന്‍പിലെത്തി മാപ്പപേക്ഷിക്കേണ്ടിയും വന്നിരുന്നു.

Content Highlight: These Are the 14 Herbal Products Which Patanjali Told the SC it Will Withdraw From Stores

We use cookies to give you the best possible experience. Learn more