വിജയ്കുമാര്‍ ഐ.പി.എസ് ഇനി ഹിന്ദി പറയും, തെരി ഹിന്ദിയിലേക്ക്
Entertainment
വിജയ്കുമാര്‍ ഐ.പി.എസ് ഇനി ഹിന്ദി പറയും, തെരി ഹിന്ദിയിലേക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th January 2024, 2:17 pm

വിജയിയെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തെരി. വിജയുടെ കരിയറിലെ ആദ്യ 200കോടി കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു തെരി. വിജയ്, സാമന്ത, എമി ജാക്‌സണ്‍, പ്രഭു, നൈനിക എന്നിവര്‍ അഭിനയിച്ച തെരി 2016ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു. തെരിയുടെ ഹിന്ദി റീമേക്കിന്റെ പൂജ മുംബൈയില്‍ വെച്ച് നടന്നു.

‘കീ’ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്ത കലീസ് ആണ് ഹിന്ദി റീമേക്കിന്റെ സംവിധായകന്‍. തമിഴില്‍ വിജയ് അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ ചെയ്യുന്നത് വരുണ്‍ ധവാനാണ്. വരുണിന്റെ 18ാമത് ചിത്രമാണിത്. വി.ഡി 18 എന്ന് തത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷും വാമിക ഗബ്ബിയുമാണ് നായികമാര്‍.

പോയ വര്‍ഷം പുറത്തിറങ്ങിയ വരുണ്‍ ധവാന്‍ ചിത്രം ഭേഡിയക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

തമിഴില്‍ സാമന്ത ചെയ്ത വേഷമാണ് കീര്‍ത്തിക്ക് ഇതില്‍. കീര്‍ത്തിയുടെ ബോളിവൂഡ് അരങ്ങേറ്റം കൂടിയാണ് ഈ സിനിമ. തെരിയില്‍ എമി ജാക്‌സണ്‍ ചെയ്ത വേഷം വാമിക ഗബ്ബിയാണ് അവതരിപ്പിക്കുന്നത്. മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരം ഉടനെ അറിയിക്കുന്നതാണ്. സിനി വണ്‍ സ്റ്റുഡിയോസ്, എ ഫോര്‍ ആപ്പിള്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറ്റ്‌ലീയും ജ്യോതി ദേശ്പാണ്ഡെയുമാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2024 മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

 

Content Highlight: Theri Hindi Remake pooja happened