ബ്രിട്ടന്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ല: തെരേസ മെയ്
Daily News
ബ്രിട്ടന്‍ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ല: തെരേസ മെയ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2016, 10:24 am

teresa-may
ലണ്ടന്‍: ആണവായുധം പ്രയോഗിക്കാന്‍ ബ്രിട്ടന്‍ മടിക്കില്ലെന്ന് പുതിയ പ്രധാനമന്ത്രി തെരേസ മെയ്. ട്രൈഡന്റ് ആണവ പദ്ധതിയെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലെമെന്റില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു തേരേസ മെയ്. ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ആണവായുധം പ്രയോഗിക്കുമെന്ന് പരസ്യമായി പറയുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ഒഴിഞ്ഞു മാറാണ് പതിവ്

ലക്ഷക്കണക്കിന് നിരപരാധികളുടെ ജീവനെടുക്കാന്‍ ശേഷിയുള്ള ആണവായുധ പ്രയോഗത്തിന് നിങ്ങള്‍ അനുമതി നല്‍കുമോയെന്ന സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അംഗത്തിന്റെ ചോദ്യത്തിന് അതെ എന്നാണ് തെരേസ മെയ് മറുപടി നല്‍കിയത്. ആണവായുധങ്ങള്‍ ഉപേക്ഷിക്കുന്നത് നിരുത്തരവാദപരമായ നടപടിയാണെന്നും മെയ് പാര്‍ലമെന്റില്‍ പറഞ്ഞു.

അതേ സമയം ബ്രിട്ടന്റെ ട്രൈഡന്റ് മിസൈല്‍ പദ്ധതി നവീകരിക്കാനുള്ള ബില്ലിന് എം.പിമാര്‍ പിന്തുണ നല്‍കി. ബ്രിട്ടന്റെ ആണവ അന്തര്‍വാഹിനി പദ്ധതിയാണ് ട്രൈഡന്റ് ന്യൂക്ലിയര്‍ പ്രോഗ്രാം. രാജ്യത്തെ പ്രതിരോധ കേന്ദ്രങ്ങള്‍ അക്രമിക്കപ്പെട്ടാലും കടലിനടിയില്‍ നിന്നും ആക്രമണം നടത്താനുള്ള മിസൈല്‍ പദ്ധതിയാണിത്.