| Sunday, 12th May 2024, 12:53 pm

ബന്ദികളെ വിട്ടയച്ചാൽ നാളെ തന്നെ വെടിനിർത്തൽ സാധ്യമാക്കും, തീരുമാനം എടുക്കേണ്ടത് ഹമാസ്: ബൈഡൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചാല്‍ ഗസയില്‍ നാളെ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ശനിയാഴ്ച സിയാറ്റിലില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബൈഡന്റെ പ്രതികരണം.

‘ഹമാസ് ബന്ദികളാക്കിയ സ്ത്രീകളെയും കുട്ടികളെയും പരിക്കേറ്റവരെയും വിട്ടയച്ചാല്‍ നാളെ വെടിനിര്‍ത്തല്‍ സാധ്യമാകും. ഹമാസ് അതിന് സമ്മതിച്ചാല്‍ നാളെ തന്നെ വെടിനിര്‍ത്തല്‍ സാധ്യമാക്കാം,’ ബൈഡന്‍ പറഞ്ഞു.

റഫയെ ആക്രമിച്ചാല്‍ ഇസ്രഈലിന് ആയുധം നല്‍കുന്നത് നിര്‍ത്തുമെന്ന് ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ആയുധവിതരണം നിര്‍ത്തിയെന്നും വൈറ്റ്ഹൗസ് അറിയിച്ചിരുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കപ്പെട്ടെന്ന ഇസ്രഈലിന്റെ വാദത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ റഫയുടെ നിയന്ത്രണം ഇസ്രഈല്‍ ഏറ്റെടുക്കുകയും റഫ ഉള്‍പ്പടെയുള്ള ​ഗസയുടെ വിവിധ ഭാഗങ്ങളില്‍ ആക്രമണം തുടരുകയും ചെയ്തു.

ആക്രമണം ഭയന്നും ഭക്ഷണവും, വെള്ളവും ലഭിക്കുന്നത് നില്‍ക്കുകയും ചെയ്തതോടെ റഫയില്‍ നിന്ന് മൂന്ന് ലക്ഷത്തോലം ആളുകള്‍ പാലായനം ചെയ്‌തെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ലൂ.എ പറഞ്ഞു. ആളുകള്‍ തിങ്ങിനിറഞ്ഞ റഫയെ ആക്രമിച്ചാല്‍ വലിയ മാനുഷിക ദുരന്തമാണ് ഉണ്ടാവുകയെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: ‘There would be ceasefire tomorrow if Hamas released the hostage’, Joe Biden

We use cookies to give you the best possible experience. Learn more