| Monday, 26th September 2016, 6:56 pm

സംസ്ഥാനത്തെ ഒരു റോഡിലും ഇനി ടോള്‍ പിരിവുണ്ടാവില്ലെന്ന് തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കിഫ്ബി ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ച ധനമന്ത്രി കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു. 


തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ സര്‍ക്കാര്‍ ടോള്‍ പിരിവ് ഒഴിവാക്കി. സംസ്ഥാനത്ത് കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുന്ന പുതിയ റോഡുകള്‍ക്കും പാലങ്ങള്‍ക്കും ടോള്‍ പൂര്‍ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.

കേരള അടിസ്ഥാന സൌകര്യ നിക്ഷേപനിധി (ഭേദഗതി) ബില്ലിന്റെ (കിഫ്ബി ഭേദഗതി ബില്‍) ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡുകള്‍ കിഫ്ബിയുടെ പരിധിയില്‍ പെടുന്നതാണ്. ഇങ്ങനെ നിര്‍മ്മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കുന്നു എന്ന ആരോപണം പരിഹാസ രൂപേണയാണ് പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ചത്. ഇതിനു മറുപടിയായി കിഫ്ബി ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിച്ച ധനമന്ത്രി കിഫ്ബി റോഡുകളില്‍ ടോള്‍ പിരിക്കില്ലെന്നും വ്യക്തമാക്കുകയായിരുന്നു.

ടോള്‍ ഇല്ലാതെ വികസന പദ്ധതി ഏറ്റെടുക്കാനുള്ള മാര്‍ഗമായി കിഫ്ബിയെ മാറ്റുന്നത്. വിവിധ വകുപ്പുകളുടെ കീഴിലുള്ള ഏജന്‍സികളെയും പ്രത്യേക ആവശ്യ സംവിധാനങ്ങളെയും (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) ഉപയോഗപ്പെടുത്തിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. നാടിന്റെ വലിയ മാറ്റത്തിന് കാരണമാകുന്ന ബജറ്റിനുപുറത്തുള്ള വായ്പ എടുക്കലിനും നിക്ഷേപത്തിനും ധന ഇത്തരവാദിത്വ നിയമം തടസമാകുന്നത് മറികടക്കാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

സ്റ്റാറ്റിയൂട്ടറി ബോര്‍ഡുകളെയും കിഫ്ബിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ നടപ്പാക്കിയതിനേക്കാള്‍ കൂടുതല്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ ഈ വര്‍ഷംതന്നെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അഞ്ചുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വഭാവംതന്നെ മാറും. പൊതു ആതുരാലയങ്ങളുടെ ഗുണനിലവാരത്തില്‍ കുതിച്ചുചാട്ടമുണ്ടാകും.

എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. വ്യവസായ പാര്‍ക്കുകള്‍ അടക്കം വികസന മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകും. സംസ്ഥാനപാതകള്‍, ജില്ലാ റോഡുകള്‍, ഇതര ജില്ലാ റോഡുകള്‍ഉള്‍പ്പെടെയുള്ളവ അഞ്ച് വര്‍ഷത്തിനുള്ളില്‍ റബറൈസ്ഡ് ടാറിംഗ് (ബി.എം ആന്‍ഡ് ബി.സി) നടത്തും. പട്ടിക വിഭാഗ ഹോസ്റ്റലുകള്‍ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്ബിയില്‍ 6419 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ ഇതിനകം ലഭ്യമായിട്ടുണ്ട്. ഇതില്‍ 2600 കോടിയോളം രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ക്ക് വിശദ പദ്ധതി രേഖയുമായി. കുടിവെള്ള വിതരണം, പൊതുമരാമത്ത്, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് പദ്ധതി നിര്‍ദേശങ്ങളിലേറെയും. താലൂക്ക് ആശുപത്രികളില്‍ കാത്ത് ലാബ് സ്ഥാപിക്കാനുള്ള പദ്ധതി ഉള്‍പ്പെടെ ആയിരം കോടിയിലേലെറെ രൂപയുടെ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പില്‍നിന്നാണ്. 4000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

റോഡുകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. അഞ്ചുവര്‍ഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയതിനേക്കാള്‍ തുക ഒരു വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ നല്‍കും. കിഫ്ബി ഭേദഗതി ബില്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, റിസര്‍വ് ബാങ്കിന്റെയും സെബിയുടെയും അംഗീകാരമില്ലാതെയാണ് ബില്‍ എന്ന് പ്രതിപക്ഷം ആരോപിച്ചു.

We use cookies to give you the best possible experience. Learn more