ന്യൂദല്‍ഹി: ഏക സിവില്‍ കോഡ് ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്നും നിയമപരമായി നേരിടുമെന്നും ജംഇയത്ത് ഉലമ ഇ ഹിന്ദ്. സിവില്‍ കോഡിനെതിരെ തെരുവില്‍ പ്രതിഷേധിക്കില്ലെന്നും അവര്‍ പറഞ്ഞു. സിവില്‍ കോഡുമായി ബന്ധപ്പെട്ട് പുതിയ ആലോചനകള്‍ നടത്തുന്നതിനിടയിലാണ് ജംഇയത്ത് ഉലമ ഇ ഹിന്ദിന്റെ പ്രസ്താവന.
കഴിഞ്ഞ ദിവസം നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സിവില്‍ കോഡിനെ എതിര്‍ക്കുന്ന പ്രമേയം അവര്‍ പാസാക്കിയിരുന്നു. ‘ഏക സിവില്‍ കോഡ് ആര്‍ട്ടിക്കിള്‍ 25ഉം 26ഉം പൗരന്മാര്‍ക്ക് നല്‍കുന്ന മത സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനുമെതിരാണ്. നമ്മുടെ ഭരണഘടന മതേതര ഭരണഘടനയാണ്. അതില്‍ എല്ലാ പൗരന്മാര്‍ക്കും പൂര്‍ണമായ മതസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്.
കാരണം ഇന്ത്യന്‍ ഭരണകൂടത്തിന് ഔദ്യോഗിക മതം ഇല്ല,’ ജംഇയത്ത് ഉലമ ഇ ഹിന്ദ് പറഞ്ഞു.
മുസ്‌ലിങ്ങള്‍ക്ക് ഇത് ഒരിക്കലും സ്വീകാര്യമല്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും ബാധിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ പോലുള്ള രാജ്യത്ത് വിവിധ മതസ്ഥര്‍ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്നെന്നും പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
‘സിവില്‍ കോഡ് ഭരണഘടനയില്‍ എഴുതിയിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ ഏക സിവില്‍ കോഡ് ഇന്ത്യക്ക് അനുയോജ്യമല്ലെന്നും വൈവിധ്യത്തിന് എതിരുമാണെന്നും ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കൂടാതെ സിവില്‍ കോഡ് പരാമര്‍ശിക്കുമ്പോള്‍, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഉറപ്പാക്കണമെന്നും ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ പ്രതിഷേധങ്ങളുണ്ടാകുന്നില്ല.
നൂറ്റാണ്ടുകളായി ഈ രാജ്യത്തെ ജനങ്ങള്‍ അവരവരുടെ മത തത്വങ്ങള്‍ പിന്തുടരുന്നുണ്ടൊണ് ചരിത്രം പറയുന്നത്. ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വ്യത്യസ്തമാണ്. എന്നാല്‍ അവര്‍ക്കിടയില്‍ ഒരിക്കലും സംഘര്‍ഷമോ പിരിമുറുക്കമോ ഉണ്ടായിട്ടില്ല.
മതസ്വാതന്ത്ര്യം ഭരണഘടനയുടെ ആത്മാവാണ്,’ പ്രസ്താവനയില്‍ പറയുന്നു.
ഒരു പ്രത്യേക ചിന്താഗതിയുള്ള ആളുകള്‍ സിവില്‍ കോഡ് ഭരണഘടനയുടെ ഭാഗമാണെന്ന് പറഞ്ഞ് ഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ജംഇയത്ത് ഉലമ ഇ ഹിന്ദ് പറഞ്ഞു. സിവില്‍ കോഡ് മുസ്‌ലിങ്ങള്‍ക്ക് മാത്രമല്ല, മറ്റ് മത വിഭാഗങ്ങളെയും ബാധിക്കുമെന്നും ജംഇയത്ത് ഉലമ ഇ ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി പറഞ്ഞു.