കോഴിക്കോട്: പരസ്യ വിമര്‍ശനത്തിന്റെ പേരില്‍ ലീഗില്‍ ഒരു വിഭാഗത്തിന്റെ കടുത്ത എതിര്‍പ്പിന് വിധേയനായ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് പരോക്ഷ പിന്തുണയുമായി എം.കെ. മുനീര്‍ എം.എല്‍.എ. ഷാജിയുടെ പ്രസ്താവനയുടെ പേരില്‍ മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി ഉണ്ടാകില്ല. കെ.എം. ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണെന്നും മുനീര്‍ പറഞ്ഞു.
ഷാജിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തു വന്നത്. ഷാജിക്കെതിരായ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ. ഫിറോസിന്റെ പരാമര്‍ശം ഫിറോസ് ഉള്‍പ്പെടെ എല്ലാവര്‍ക്കും ബാധകമാണെന്നും മുനീര്‍ വ്യക്തമാക്കി.
പി.കെ. ഫിറോസ് ഷാജിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം എത്തിയിരുന്നു. മുസ്‌ലിം ലീഗ് ഒരു വടവൃക്ഷമാണെന്നും യൂത്ത് ലീഗ് ആ വടവൃക്ഷത്തിന്റെ തണലില്‍ ഉറച്ച് നില്‍ക്കുമെന്നുമാണ് പി.കെ. ഫിറോസ് പറഞ്ഞത്.
വടവൃക്ഷത്തിന്റെ കൊമ്പില്‍ കയറി കസര്‍ത്ത് കളിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. എന്നാല്‍ കൊമ്പില്‍ നിന്ന് താഴെ വീണാല്‍ പരിക്കേല്‍ക്കുന്നത് വീഴുന്നവര്‍ക്കാവുമെന്നായിരുന്നു ഫിറോസിന്റെ വിമര്‍ശനം. മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലെ വിമര്‍ശനത്തില്‍ കെ.എം. ഷാജിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫിറോസിന്റെ മറുപടി.
പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം കേട്ട് താന്‍ പാര്‍ട്ടി വിട്ട് ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആരും കരുതേണ്ടെന്നായിരുന്നു കെ.എം. ഷാജി മസ്‌കറ്റില്‍ കെ.എം.സി.സി വേദിയില്‍ പറഞ്ഞത്.
മലപ്പുറത്ത് ചേര്‍ന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് പ്രധാന നേതാക്കള്‍ ഷാജിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. കെ.എം. ഷാജി തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തില്‍ പൊതുവേദികളില്‍ പ്രസംഗിക്കുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപമുയര്‍ന്നു.
അതേസമയം, പാര്‍ട്ടി വേദികളിലല്ലാതെ പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ കെ.എം. ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിബാഹ് തങ്ങള്‍ പറഞ്ഞു. പരസ്യമായുള്ള അഭിപ്രായ പ്രകടനം ശരിയല്ലെന്നും, പാര്‍ട്ടിക്കെതിരായ വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും അദ്ദേഹം വിശദമാക്കി. മസ്‌കറ്റ് പര്യടനം കഴിഞ്ഞ തിരിച്ചെത്തിയാല്‍ ഇത് സംബന്ധിച്ച് കെ.എം. ഷാജിയോട് വിശദീകരണം ചോദിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ലീഗില്‍ ഷാജിക്കെതിരെ പി.കെ. കുഞ്ഞാലിക്കുട്ടി പക്ഷം നീക്കം കടുപ്പിച്ചിരിക്കുകയാണ്. ഷാജിയുടെ പരാമര്‍ശങ്ങള്‍ പലതും നേതാക്കളെ പ്രതിരോധത്തില്‍ ആക്കുകയാണെന്ന് പ്രവര്‍ത്തകസമിതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിനോട് കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്ന് ആരോപിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് കഴിഞ്ഞ പ്രവര്‍ത്തക സമിതിയില്‍ കെ.എം. ഷാജിയും, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയും നടത്തിയത്. അതിന്റെ മറുപടിയാണ് പ്രവര്‍ത്തകസമിതിയില്‍ കെ.എം. ഷാജിക്കെതിരായ നീക്കം എന്നാണ് വിലയിരുത്തല്‍.
അതിനിടെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ട് കെ.എം. ഷാജി നല്‍കിയ ഹരജി പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി അടുത്ത മാസം 10ലേക്ക് മാറ്റി. പണം തെരെഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് ഷാജിയുടെ വാദം. പ്രതിഭാഗം ഹാജരാക്കിയ രേഖകള്‍ പരിശോധിക്കാന്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.