| Thursday, 8th April 2021, 8:29 pm

ലൗ ജിഹാദല്ല ആന്റി റോമിയോ സ്‌ക്വാഡ്; ബംഗാളില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിന് ചുറ്റും റോന്ത് ചുറ്റുന്നവരെ കൈകാര്യം ചെയ്യാന്‍ ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് യോഗി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ലൗ ജിഹാദിന് പിന്നാലെ പശ്ചിമ ബംഗാളില്‍ പുതിയ കാര്‍ഡിറക്കി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ സ്ത്രീസുരക്ഷയ്ക്കായി ‘ആന്റി-റോമിയോ സ്‌ക്വാഡ്’ രൂപീകരിക്കുമെന്ന് യോഗി പറഞ്ഞു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യോഗിയുടെ പുതിയ പരാമര്‍ശം.

‘എന്തുകൊണ്ടാണ് ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത്? പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും യാത്രയും ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യമാക്കും. പെണ്‍കുട്ടികളുടെ സ്‌കൂളിന് ചുറ്റും റോന്ത് ചുറ്റുന്നവരെ കൈകാര്യം ചെയ്യാന്‍ ആന്റി- റോമിയോ സ്‌ക്വാഡും രൂപീകരിക്കും’, യോഗി പറഞ്ഞു.

2017ല്‍ ഉത്തര്‍പ്രദേശില്‍ യോഗി അധികാരത്തില്‍ വന്നപ്പോള്‍ ‘ആന്റി-റോമിയോ സ്‌ക്വാഡ്’ രൂപീകരിച്ചിരുന്നു. സമാനമായ തീരുമാനമാണ് ബംഗാളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് യോഗിയുടെ പ്രസംഗത്തിന്റെ സൂചന.

നേരത്തെ കേരളത്തിലും സമാനമായ പ്രചാരണത്തിനാണ് യോഗി നേതൃത്വം കൊടുത്തത്. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയപ്പോള്‍ യോഗി ആരോപിച്ചത്.

കേരളത്തില്‍ എന്തുകൊണ്ട് ലൗ ജിഹാദ് നിയമങ്ങള്‍ നടപ്പിലാക്കുന്നില്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്താവന.

ലൗ ജിഹാദ് തടയണമെന്ന് ഹൈക്കോടതി പറഞ്ഞിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്താതെന്നായിരുന്നു യോഗി പറഞ്ഞത്. ഉത്തര്‍പ്രദേശ് ഇതിനോടകം ലൗ ജിഹാദിനെതിരെ നിയമം പാസാക്കിക്കഴിഞ്ഞുവെന്നും യോഗി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് ചര്‍ച്ചയാക്കി ബി.ജെ.പി രംഗത്ത് എത്തിയിരുന്നു. ലൗ ജിഹാദ് നിയമം കൊണ്ട് വരുമെന്ന് ബി.ജെ.പി പ്രചരണ പത്രികയിലും പറഞ്ഞിരുന്നു.


Content Highlights;  There Will Be Anti-Romeo Squads in Bengal if BJP Wins

We use cookies to give you the best possible experience. Learn more